മരക്കാറിന്റെ എതിരാളി സ്പിൽബർഗ് ആയിരുന്നു: പ്രിയദര്‍ശന്‍

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ബിഗ്ബജറ്റ് ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം തിയേറ്റർ റിലീസിന് പിന്നാലെ ഒടിടിയിലും റിലീസ് ചെയ്തു. പ്രദർശനത്തിനെത്തിയ ദിവസം മുതൽ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയ്‌ക്കെതിരെ ബോധപൂർവമായ ഡീഗ്രേഡിങ് നടക്കുന്നു എന്ന വിമർശനവുമായി അണിയറ പ്രവർത്തകരും നടൻ മോഹൻലാലും രംഗത്തെത്തിയിരുന്നു. മരക്കാറിനെ ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്നും അതിൽ അർഥമില്ലെന്നുമാണ് സംവിധായകൻ പ്രിയദർശൻ പറയുന്നത്.

“മറ്റെന്തിനേക്കാളും ബജറ്റിനെ കുറിച്ച് ഞാൻ സമ്മർദത്തിലായിരുന്നു. ബാഹുബലി പോലെയല്ല, അവർക്ക് വലിയ ബജറ്റും ധാരാളം സമയവുമുണ്ടായിരുന്നു. ഞങ്ങൾക്ക് ചെറിയൊരു ബജറ്റായിരുന്നു ഉണ്ടായിരുന്നത്, ഞങ്ങളുടെ അടുത്ത എതിരാളി സ്റ്റീവൻ സ്പിൽബർഗ് ആയിരുന്നു,” ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.

തന്റെ നീണ് 25 വർഷത്തോളമുള്ള കാത്തിരിപ്പായിരുന്നു ഈ ചിത്രമെന്നും സംവിധായകൻ പറഞ്ഞു. കാലാപാനി എന്ന ചിത്രമൊരുക്കുന്ന സമയത്ത് തിരക്കഥാകൃത്ത് ടി.ദാമോദരനാണ് ഈ ആശയവും ഇത്തരത്തിലൊരു സിനിമയുടെ സാധ്യതയും തന്നെ അറിയിച്ചതെന്നും പ്രിയദർശൻ പറയുന്നു.

“ആ ദിവസങ്ങളിൽ കാലാപാനിയുടെ രണ്ട് രംഗങ്ങൾ ചിത്രീകരിക്കാൻ ഞങ്ങൾക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. ആ സമയത്ത്, കൊടുങ്കാറ്റും കടൽ യുദ്ധങ്ങളും ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു. 25 വർഷത്തിന് ശേഷം, ഒരുപാട് കാര്യങ്ങൾ മാറി, വിഷ്വൽ ഇഫക്റ്റുകൾ വളരെയധികം മെച്ചപ്പെട്ടു, അതിനാൽ ഇത് ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് എനിക്ക് തോന്നി. ഇന്ത്യൻ സിനിമകളിൽ ഇതുവരെ കടൽ യുദ്ധം ആളുകൾ കണ്ടിട്ടില്ല. അതിൽ ഞാൻ വിജയിച്ചു എന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു.”

100 കോടി ചെലവിട്ടാണ് പ്രിയദര്‍ശന്‍ കുഞ്ഞാലിമരക്കാര്‍ നാലാമന്റെ കഥ പറയുന്ന മരക്കാര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രം ഇതിനോടകം തന്നെ ആറ് ദേശീയ പുരസ്‌കാരങ്ങള്‍ കരസ്തമാക്കിക്കഴിഞ്ഞു.

മോഹന്‍ലാലിനോടൊപ്പം മകന്‍ പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ്ജ, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെല്‍വന്‍, മുകേഷ് തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തിലുണ്ട്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്. സാബു സിറിലാണ് ചരിത്രകഥയ്ക്ക് കലാസംവിധാനമൊരുക്കിയിരിക്കുന്നത്. തിരുവിന്റേതാണ് ക്യാമറ. എഡിറ്റിങ് എം.എസ് അയ്യപ്പന്‍. സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്റെ വിഎഫ്എക്സിന് വലിയ പ്രാധാന്യമാണ് ചിത്രത്തിലുള്ളത്. രാഹുല്‍ രാജ് പശ്ചാത്തല സംഗീതമൊരുക്കിയ ചിത്രത്തില്‍, റോണി റാഫേലാണ് ഗാനങ്ങള്‍ തയ്യാറാക്കിയത്.

UPDATES
STORIES