‘മകള്‍’ എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മീര ജാസ്മിന്. ചിത്രം ഏപ്രില്‍ 29ന് തിയേറ്ററുകളില്‍ എത്തുകയാണ്. തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് കൈവരിച്ച പക്വതയാണ് മകള്‍ എന്ന ചിത്രത്തിലെ തന്റെ അഭിനയത്തില്‍ പ്രതിഫലിച്ചിരിക്കുന്നത് എന്ന് മീര ജാസ്മിന് പറയുന്നു. ഒടിടി പ്ലേക്ക് നല്കിയ അഭിമുഖത്തിലാണ് മീര ജാസ്മിന് ഇക്കാര്യം പറയുന്നത്.
‘വ്യക്തിപരമായി, ഒരു ഇടവേളയ്ക്ക് ശേഷം ഞാന്‍ തിരിച്ചെത്തുകയാണ്, അതിനാല്‍ ജീവിതാനുഭവങ്ങളില്‍ നിന്ന് നേടിയ പക്വത എന്റെ അഭിനയത്തിലും പ്രതിഫലിക്കും. സിനിമയും സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചത്. അതിനാല്‍ ഞാന്‍ വളരെ ശ്രദ്ധാലുവായിരുന്നു. മെലോഡ്രാമാറ്റിക് ആകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കാരണം ആ നിമിഷത്തില്‍ നിങ്ങള്‍ അഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക സന്തോഷമുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ഒരു പെര്‍ഫോമര്‍ എന്ന നിലയില്‍ ഞാന്‍ എന്നെത്തന്നെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. എന്റെ പ്രകടനത്തിലും അത് സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ മീര ജാസ്മിന് പറയുന്നു.
അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘എന്തു പറഞ്ഞാലും’ എന്ന പാട്ട് പശ്ചാത്തലത്തില്‍ കേള്‍പ്പിച്ചുകൊണ്ടായിരുന്നു ഷൂട്ടിങ് സെറ്റിലേക്ക് സത്യന് അന്തിക്കാട് മീര ജാസ്മിനെ സ്വാഗതം ചെയ്തത്. തുടക്കത്തില്‍ തനിക്ക് ടെന്‍ഷന്‍ ഉണ്ടായിരുന്നു എങ്കിലും സെറ്റില്‍ എത്തിയപ്പോള്‍ കൂടുതലും പരിചയമുള്ള മുഖങ്ങള്‍ തന്നെയായിരുന്നു എന്നും അത് തന്നെ പഴയകാലത്തേക്ക് കൊണ്ടു പോയി എന്നും മീര പറയുന്നു.
ജയറാമാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജയറാമിന്റേയും മീര ജാസ്മിന്റേയും മകളായി എത്തുന്നത് ‘ഞാന്‍ പ്രകാശന്’ ഫെയിം ദേവിക സഞ്ജയ് ആണ്. യുവതാരം നെസ്ലനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു.