മേഘ തോമസ് അഭിമുഖം: ‘കിന്നരി’ക്ക് സഹതാപം ആവശ്യമില്ല

ചെമ്പന്‍ വിനോദ് ജോസിന്റെ തിരക്കഥയില്‍ അഷ്‌റഫ് ഹംസ സംവിധാനം ചെയ്ത ഭീമന്റെ വഴി മികച്ച അഭിപ്രായങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍ക്കൊപ്പം മേഘ തോമസ് നടത്തിയ പ്രകടനവും ഏറെ പ്രശംസ നേടുന്നുണ്ട്. ‘കിന്നരി’ എന്ന കര്‍ണാടക സ്വദേശിനി ആയാണ് മേഘ എത്തിയത്. ഭീമനെ ഞെട്ടിക്കുന്ന ‘പൊളി പെണ്ണുങ്ങളില്‍’ ഒരാളാണ് കിന്നരിയും. ഭീമന്റെ വഴിയിലെ പ്രകടനം ശ്രദ്ധിക്കപ്പെടുകയും കിന്നരിയുടേയും ഭീമന്റേയും പ്രണയം ചര്‍ച്ചയാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ മേഘ സൗത്ത് റാപ്പിനോട് സംസാരിക്കുന്നു. കിന്നരിയേക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് പറയുന്നു.

‘കിന്നരി’യെന്ന കന്നഡിഗയുടെ മലയാളം ഏറെ വിശ്വസനീയമായി തോന്നി?

എന്റെ കഥാപാത്രം സ്‌കെച്ച് ചെയ്തത് ചെമ്പന്‍ ചേട്ടനായിരുന്നു. അഷ്‌റഫ് ഇക്കയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി വന്നപ്പോള്‍ നല്ല ഒഴുക്ക് കിട്ടി. ഞാന്‍ വളര്‍ന്നത് ഡല്‍ഹിയിലാണ്. ആ ഒരു സംസാര രീതി പിടിച്ചു. കുറേ നാള്‍ ബാംഗ്ലൂര്‍ ഉണ്ടായിരുന്നതുകൊണ്ട് ചെമ്പന്‍ ചേട്ടന് കന്നഡ നന്നായി അറിയാം. ഓരോ വാക്കും ഇങ്ങനെ ഉച്ചരിക്കണമെന്ന് ചെമ്പന്‍ ചേട്ടന്‍ പറഞ്ഞു. എനിക്ക് സൗകര്യപ്രദമായ രീതിയില്‍ പറഞ്ഞോളാനും നിര്‍ദ്ദേശിച്ചു. അങ്ങനെ കന്നഡിഗയായി.

‘ആഹാ’യില്‍ പാലാക്കാരിയായിരുന്നല്ലോ?

അതെ. കുറേപേര്‍ക്ക് അത് മനസിലാകുന്നില്ല. കഴിഞ്ഞ സിനിമയില്‍ പാലാക്കാരിയും ഇതില്‍ കന്നഡിഗയും ആയതുകൊണ്ട് ആളുകള്‍ക്ക് കണ്‍ഫ്യൂഷനായി. രണ്ടും ഒരാളാണോ എന്ന്. അത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. ആ രണ്ട് കഥാപാത്രങ്ങളും തമ്മില്‍ അത്രയും വ്യത്യസ്ത കൊണ്ടുവരാന്‍ കഴിഞ്ഞതില്‍. തിരിച്ചറിയാന്‍ പറ്റാതിരിക്കുന്നത് ഒരു അവാര്‍ഡായാണ് കാണുന്നത്.

മേഘ തോമസ്

ശ്യാമപ്രസാദിന്റെ ‘ഒരു ഞായറാഴ്ച്ച’യിലൂടെ മികച്ച തുടക്കം കിട്ടിയല്ലേ?

ഓഡിഷനിലൂടെയാണ് ‘എ സണ്‍ഡേ’യില്‍ എത്തുന്നത്. ചിത്രത്തില്‍ എന്റെ കൂടെ അഭിനയിച്ച മുരളി ചന്ദ് വഴിയായിരുന്നു അത്. ‘ശ്യാം സാറിന്റെ സിനിമക്ക് വേണ്ടി ഒരു നടിയെ അന്വേഷിക്കുന്നുണ്ട്? ഓഡിഷന്‍ ചെയ്യാമോ’ എന്ന് മുരളി ചന്ദ് സുഹൃത്തുക്കള്‍ക്ക് മെസ്സേജ് അയച്ചു. ഞങ്ങള്‍ പ്രൊഫൈല്‍ കൊടുത്തു. എന്നേയും മറ്റൊരു നടിയേയും ശ്യാം സാറിന് ഇഷ്ടമായി. ആ സമയത്ത് ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. തിരുവനന്തപുരത്ത് പോയി ഓഡിഷന്‍ ചെയ്തു. രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേക്കും പ്രൊജക്ടിന്റെ ഭാഗമായി. ഒരാഴ്ച്ച വര്‍ക്‌ഷോപ്പ് ഉണ്ടായിരുന്നു. ശ്യാമപ്രസാദ് സാറിന്റെ എഴുത്തായതുകൊണ്ട് അതുള്‍ക്കൊള്ളാനും കഥാപാത്രങ്ങളെ ആഴത്തില്‍ അറിയാനും അത് സഹായിച്ചു. തിരിച്ച് കൊച്ചിയിലെത്തി ബാഗുമെടുത്ത് കന്യാകുമാരിയില്‍ പോയി സിനിമ ചെയ്തു.

മുരളി ചന്ദ് , മേഘ തോമസ് / ഒരു ഞായറാഴ്ച്ച

നാടകത്തിലെ അനുഭവ പരിചയം എത്രത്തോളം സഹായിച്ചു?

നടിയാകണം എന്ന ആഗ്രഹമൊന്നും കുട്ടിക്കാലത്ത് ഉണ്ടായിരുന്നില്ല. പ്ലസ് ടു കഴിയുമ്പോള്‍ മൂന്ന് മാസം അവധി കിട്ടുമല്ലോ. ‘വീട്ടില്‍ വെറുതെയിരിക്കാന്‍ സമ്മതിക്കില്ല, എന്തെങ്കിലും പരിപാടിക്ക് ചേരണം’ എന്ന് പറഞ്ഞത് അമ്മയാണ്. ഞാന്‍ നാടകപഠനം തെരഞ്ഞെടുത്തു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കലാപരിപാടികളിലും സ്‌പോട്‌സിലും ഞാന്‍ ആക്ടീവായിരുന്നു. പക്ഷെ, അഭിനയം ഒരു പ്രൊഫഷനായി എടുക്കുന്നതില്‍ അത്ര ആത്മവിശ്വാസമുണ്ടായിരുന്നില്ല. എങ്ങനെയാണെങ്കിലും ജീവിക്കാന്‍ വരുമാനം വേണമല്ലോ. ‘ഡോക്ടര്‍മാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും മാത്രമേ വരുമാനമുള്ളൂ, ബാക്കി നാട്ടിലാര്‍ക്കും വരുമാനമില്ല’ എന്നാണല്ലോ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും പറയുക. ആദ്യഘട്ടത്തില്‍, അഭിനയം തെരഞ്ഞെടുത്താല്‍ പൈസ കിട്ടുമോ? നിലനില്‍ക്കാന്‍ പറ്റുമോ? എന്നിങ്ങനെ ആശങ്കയുണ്ടായിരുന്നു. നാടകം പഠിച്ചപ്പോള്‍ ഒരു വലിയ മാറ്റമുണ്ടായി. ഒരു കൊക്കൂണ്‍ പോലെയാണല്ലോ നമ്മള്‍ ജീവിച്ചു വരുന്നത്. ജീവിതമാണ് പിന്നെ നമ്മളെ പഠിപ്പിക്കുക. ഇതൊക്കെ സാധാരണ കാര്യങ്ങളാണ്, ഈ മേഖലയില്‍ അന്വേഷണങ്ങള്‍ നടത്താം എന്ന തോന്നല്‍ വരുന്ന ഘട്ടമുണ്ട്. നാടകകാലമാണ് എന്റെ കൊക്കൂണ്‍ ജീവിതത്തെ പൊട്ടിച്ചത്. ഒരു കഴിവുണ്ട്, അത് പോളിഷ് ചെയ്ത് പോകാം എന്ന് തോന്നി. അത് എവിടെ വരെ കൊണ്ടെത്തിക്കും എന്ന് അനുഭവിച്ച് തന്നെ അറിയാമെന്ന് തീരുമാനിച്ചു. ഡല്‍ഹി ശ്രീറാം സെന്ററിലാണ് നാടകം ചെയ്തത്. അവിടെ തിയേറ്റര്‍ സെന്റര്‍ എന്ന് വിളിക്കുന്ന മണ്ഡി ഹൗസില്‍.

എനിക്ക് മലയാളം സിനിമ വളരെ ഇഷ്ടമാണ്. എന്നോട് പലരും ചോദിച്ചു, എന്താണ് ബോളിവുഡില്‍ ശ്രമിക്കാത്തതെന്ന്. ബോളിവുഡുമായി എനിക്ക് അത്ര ഇണക്കം തോന്നിയില്ല. കണ്ട സിനിമകളില്‍ ഞാന്‍ ഏറ്റവും കണക്ട് ആയത് മലയാളത്തിലാണ്, ഹിന്ദി, ഇംഗ്ലീഷ് ചിത്രങ്ങളേക്കാള്‍. അറിയാവുന്ന വഴിക്ക് ആദ്യം പോയി നോക്കാമെന്ന് കരുതി. പിന്നേയും ജീവിതമുണ്ടല്ലോ, അതിന് അനുസരിച്ച് പിന്നേയും പോകാമല്ലോ എന്ന് ചിന്തിച്ചു.

കുഞ്ചാക്കോ ബോബന്‍, മേഘ തോമസ് / ഭീമന്റെ വഴി

മലയാള സിനിമകള്‍ ഇഷ്ടപ്പെടുന്നതില്‍ ഇവിടുത്തെ വേരുകള്‍ ഒരു ഘടകമായോ?

പണ്ട് രാത്രി 11മണിക്ക് ടിവിയില്‍ ‘കോമഡി ടൈം’ എന്നൊരു പരിപാടി വരും. ഡല്‍ഹി മലയാളികളുടെ ഓരോ ദിവസത്തെ ജീവിതമെന്ന് പറയുന്നത് ഇങ്ങനെയാണ്: അച്ഛനും അമ്മയും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകും, കുട്ടികള്‍ സ്‌കൂളിലും അത് കഴിഞ്ഞ് ട്യൂഷനും പോകുന്നു. എല്ലാം കഴിഞ്ഞ് എല്ലാവരും വീട്ടിലെത്തുമ്പോള്‍ പത്ത്-പത്തര മണിയാകും. എന്നിട്ടാണ് ഈ പരിപാടി കാണുക. ചിരിച്ച് ചിരിച്ച് നമുക്ക് പ്രാന്ത് പിടിക്കും. എത്രയോ നല്ല കോമഡിയാണ്. ചിലതില്‍ ഡബിള്‍ മീനിങ്ങ് ജോക്‌സ് ഒക്കെ ഉണ്ടെങ്കിലും, നമ്മുടെ ഹാസ്യരംഗങ്ങള്‍ എത്ര യഥാര്‍ത്ഥമാണ്! എനിക്ക് ഹിന്ദിയും ഇംഗ്ലീഷും നന്നായിട്ട് അറിയാം. മറ്റ് ഭാഷകളിലേതിനേക്കാള്‍ ഒരുപാട് മുകളിലാണ് നമ്മുടെ കോമഡി. ചിരിച്ചിട്ട് എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയൊക്കെ ഉണ്ടായിട്ടുണ്ട്. എത്രയോ നല്ല നടിമാരാണ് കെപിഎസി ലളിതച്ചേച്ചിയും കല്‍പനച്ചേച്ചിയുമൊക്കെ. എന്റെ ദൈവമേ! അത്രയ്ക്കും റിച്ചാണ്. എന്റെ തലമുറയ്‌ക്കൊക്കെ അങ്ങനെ കോമഡി ചെയ്യല്‍ വലിയ വെല്ലുവിളിയാണ്.

മലയാള സിനിമയിലേക്ക് വന്ന ടൈമിങ്ങ് നന്നായെന്ന തോന്നലുണ്ടോ?

മലയാളം ഇന്‍ഡസ്ട്രിയില്‍ ആണെന്നത് വലിയ അഭിമാനമുണ്ടാക്കുന്നു. മറ്റ് ഇന്‍ഡസ്ട്രികളിലുള്ളവരുമായി സംസാരിക്കുമ്പോള്‍ അത് ശരിക്കും അനുഭവപ്പെടും. ഡല്‍ഹിയിലുള്ള എന്റെ സുഹൃത്തുക്കള്‍ മലയാള സിനിമ കാണാറുണ്ട്. നല്ല നിരൂപണങ്ങള്‍ കണ്ടും സിനിമയേക്കുറിച്ച് കേട്ടറിഞ്ഞുമെല്ലാം. ഹരിയാനക്കാര്‍ ഉള്‍പ്പെടെ പക്കാ നോര്‍ത്ത് ഇന്ത്യന്‍സ് ആണവര്‍. മുംബൈയ്ക്ക് താഴേക്ക് അവര്‍ക്കൊന്നും ബന്ധമേയില്ല. ‘നിങ്ങളുടെ വലിയ കണ്ണുള്ള ആക്ടര്‍, മാല വിഴുങ്ങുന്നയാള്‍’ എന്നൊക്കെ പറയും. ഓക്കെ..ഓക്കെ ആ ഇന്‍ഡസ്ട്രിയിലാണ് ഞാന്‍ എന്ന് പറയും.

ഭാഷാപരമായും സാസ്‌കാരികമായും വ്യത്യാസമുണ്ടായിട്ടും അവിടങ്ങളില്‍ മലയാള സിനിമ ഇങ്ങനെ സ്വീകരിക്കപ്പെടുന്നത് ചെറിയ കാര്യമല്ല?

ഉറപ്പായും. ‘നിങ്ങളുടെ സൗത്ത് ഇന്ത്യന്‍ മൂവീസ് ആളെയിടിച്ച് പറത്തലും പൊടി പറക്കലും അല്ലേ?’ എന്ന് ചോദിച്ചിരുന്നവരാണ്. ദക്ഷിണേന്ത്യയില്‍ തന്നെ വിവിധ ഭാഷകളുള്ളതൊന്നും അവര്‍ക്ക് കാര്യമായി അറിയില്ല. സുഹൃത്തുക്കള്‍ ഇപ്പോഴും എന്നെ വിളിക്കുന്നത് മദ്രാസി എന്നാണ്. മലയാളികളും തമിഴരും തമ്മിലുള്ള വ്യത്യാസവും അവര്‍ക്ക് അറിയില്ല. അവര്‍ക്ക് മനസിലാകാത്ത ഭാഷ പറയുന്നവര്‍ എല്ലാവരും അവര്‍ക്ക് മദ്രാസികളാണ്. മമ്മൂട്ടിയില്ലേ? മോഹന്‍ലാലില്ല? എന്നൊക്കെ ചോദിക്കും. ദക്ഷിണേന്ത്യന്‍ സിനിമ അവിടെയെത്തുന്നതിന്റെ ഗുണം എനിക്കുമുണ്ട്.

മലയാള സിനിമക്ക് മുന്‍പ് മുതലേ ശക്തമായ ഒരു അടിത്തറ ഉണ്ട്. ഏറ്റവും തുടക്കം മുതലേ അങ്ങനെയായിരുന്നു. നമ്മുടെ എത്രയോ സ്‌ക്രിപ്റ്റുകള്‍ ബോളിവുഡിലേക്ക് പോയി. പ്രിയദര്‍ശന്‍ സാര്‍ തന്നെ കുറേ ചിത്രങ്ങള്‍ അവിടെ ചെയ്തു. ഇപ്പോ മലയാളത്തില്‍ ഇറങ്ങുന്ന ചിത്രങ്ങള്‍ കുറച്ചുകൂടി റിയലിസ്റ്റിക് ആണെന്ന് തോന്നുന്നുണ്ട്. പണ്ടത്തെ ചിത്രങ്ങളില്‍ നാടകീയതയുണ്ടായിരുന്നു. നമ്മുടെ മുതിര്‍ന്ന നടന്‍മാരില്‍ മിക്കവരും നാടകത്തില്‍ നിന്ന് വന്നവരാണല്ലോ. പിന്നീട് മിമിക്രി ആര്‍ടിസ്റ്റുകള്‍ വന്നപ്പോഴും സ്‌റ്റേജ് പെര്‍ഫോമേഴ്‌സായിരുന്നു സിനിമയില്‍ കൂടുതല്‍. അന്നത് നല്ല ഒഴുക്കോടെ പോയി. ഇപ്പോള്‍ ബസില്‍ നമ്മുടെ അപ്പുറത്തിരിക്കുന്ന ചേച്ചിയെയാണ് സിനിമയില്‍ കാണുന്നത്. അത്രയ്ക്ക് ലളിതവും യഥാര്‍ത്ഥവുമാണ്. അതില്‍ വലിയ വ്യത്യാസമുണ്ട്.

ചെമ്പന്‍ വിനോദ് ജോസ്, കുഞ്ചാക്കോ ബോബന്‍, മേഘ തോമസ്, ചിന്നു ചാന്ദ്‌നി, ജീവ ജനാര്‍ദ്ദനന്‍ / ഭീമന്റെ വഴി ചിത്രീകരണത്തിനിടെ

ഭീമന്റെ വഴിയിലേക്ക് വന്നതെങ്ങനെ?

അഷ്റഫിക്കയുടെ നമ്പര്‍ എന്റെ കൈയിലുണ്ടായിരുന്നു. ഇടയ്ക്കിടെ ഞാന്‍ ചെയ്ത വര്‍ക്കുകള്‍ അയച്ചുകൊടുക്കും. എനിക്ക് ചേരുന്ന ഒരു റോള്‍ ഉണ്ടെന്ന് അഷ്‌റഫിക്ക പറഞ്ഞു. സെപ്തംബറില്‍ വിളി വന്നു. ‘ഡിസംബറില്‍ ഫ്രീയാണോ?’ എന്ന് ചോദിച്ചു. ഞാന്‍ ‘ഉറപ്പായും’ എന്ന് മറുപടി പറഞ്ഞു. സെപ്തംബര്‍ കഴിഞ്ഞു, ഒക്ടോബര്‍ കഴിഞ്ഞു, നവംബറായി. ഒരു അനക്കവുമില്ല. എനിക്ക് തോന്നി… ദൈവമേ, കിട്ടാന്‍ വഴിയില്ല. ‘വേറൊരാള്‍ക്ക് ഈ ക്യാരക്ടര്‍ പോയിട്ടുണ്ട്, സോറി മേഘ’ എന്ന് പറഞ്ഞൊരു വിളി വന്നേക്കും. കര്‍ത്താവേ, എനിക്കത് കേള്‍ക്കേണ്ട. ആ സിനിമയില്‍ എന്തെങ്കിലും കഥാപാത്രം മതി എന്നായിരുന്നു മനസില്‍. അഷ്റഫിക്കയേപോലൊരു സംവിധായകന്റെ കൂടെ ജോലി ചെയ്യലായിരുന്നു എന്റെ ആഗ്രഹം. കഥാപാത്രത്തിന് എത്ര സമയമുണ്ട് എന്നതിനേക്കാള്‍ ആ സിനിമയിലുണ്ടാകുക എന്നത് പ്രധാനമായി കണ്ടു.

പയ്യന്നൂരിലുള്ള അമ്മ വീട്ടില്‍ താമസിക്കുമ്പോള്‍ കൊച്ചിയിലേക്ക് സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ അഷ്‌റഫിക്ക വിളിച്ചു. നിര്‍മ്മാതാവിനെ കാണണമെന്നും അദ്ദേഹമാണ് കിന്നരിയെന്ന കഥാപാത്രം എഴുതിയതെന്നും പറഞ്ഞു. പ്രൊഡ്യൂസര്‍ ചെമ്പന്‍ വിനോദ് ജോസ് ആണെന്നും ഡിഒപി ഗിരീഷ് ഗംഗാധരന്‍ ആണെന്നും കേന്ദ്ര കഥാപാത്രം ചാക്കോച്ചന്‍ ആണെന്നും അവിടെ വെച്ചാണ് അറിയുന്നത്. ഡിസംബര്‍ നാലിന് തിരക്കഥ കേള്‍ക്കാന്‍ മുഴുവന്‍ അഭിനേതാക്കളും എത്തി. ചാക്കോച്ചന്‍ മുതല്‍ ഞാന്‍ വരെ. തിരക്കഥ വായിക്കുമ്പോള്‍ അവതരിപ്പിക്കുന്ന ഓരോരുത്തരേയും കാണാനായത് നല്ല അനുഭവമായിരുന്നു.

സെറ്റ് രസകരമായിരുന്നെന്ന് കേട്ടു?

അതെ. അത്തരമൊരു സെറ്റില്‍ ജോലി ചെയ്യുന്നത് ഭാഗ്യമാണ്. ഞങ്ങള്‍ താമസിച്ചുകൊണ്ടിരുന്ന സ്ഥലം പോലും അങ്ങനെയായിരുന്നു. കാസ്റ്റ് ആന്‍ഡ് ക്രൂ മുഴുവന്‍ എല്ലാവരും ഒരുമിച്ച്.

സിനിമയിലും സ്വാഭാവികമായ ഹയറാര്‍ക്കിയുണ്ടല്ലോ?

ഉണ്ട്. പക്ഷെ, അത് ഓരോരുത്തരും നേടിയെടുക്കുന്നത് കൂടിയാണ്. വലിയ റൂമില്‍ താമസിക്കുന്നവര്‍ അത്ര കഷ്ടപ്പെട്ടാണ് അവിടം വരെ എത്തിയത്. മറ്റുള്ളവര്‍ക്ക് അത് ഒരു പ്രചോദനമായെടുക്കാം. പണിയെടുത്ത് എത്തണം. അത് വെറുതേ കിട്ടിയാല്‍ സുഖമില്ല. കഴിവ് തെളിയിച്ച് എത്തുന്നതിലാണ് രസം.

ഒരു ആയുര്‍വേദ റിസോര്‍ട്ട് ചെമ്പന്‍ ചേട്ടന്‍ മുഴുവനായി ബുക് ചെയ്തിരുന്നു. വര്‍ക് ഔട്ട് ചെയ്യാന്‍ സൗകര്യമില്ലാത്തതിനാല്‍ ചാക്കോച്ചന്‍ മാത്രം വേറൊരിടത്ത് താമസിച്ചു. ഡിസംബര്‍ 31ന് വൈകിട്ടാണ് ഞാന്‍ സെറ്റിലെത്തുന്നത്. അന്ന് തുടങ്ങിയ പാര്‍ട്ടി പാക്കപ്പ് വരെ തുടര്‍ന്നു. ഭാരതപ്പുഴയുടെ അടുത്താണ്. ഓരോ സൂര്യോദയവും അസ്തമയവും അനുഗ്രഹമായി തോന്നി.

കുഞ്ചാക്കോ ബോബന്‍, മേഘ തോമസ് / ഭീമന്റെ വഴി

കിന്നരി പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്ന കഥാപാത്രമാണ്?

പ്രായോഗിക പക്വതയുള്ളയാളാണ് കിന്നരി. ഞാന്‍ ഇതുവരെ ഒരു കിന്നരിയെ കണ്ടിട്ടില്ല. തിരക്കഥ വായിച്ചുകേട്ടപ്പോള്‍ കുറച്ചുനേരം മിണ്ടാതിരുന്നു. ഒരാള്‍ സങ്കടം പറയുന്നു, പക്ഷെ അത് കരച്ചില്‍ അല്ല, വേദനയാണ്. തിരിച്ചുവരേണ്ടതില്ല, പക്ഷെ ഞാന്‍ ഒക്കെയാണ്..എന്നിങ്ങനെയാണ് അതിന്റെ ഒഴുക്ക്. ഇത് എങ്ങനെയാണ് ഒരാള്‍ക്ക് ചെയ്ത് കാണിക്കാന്‍ പറ്റുകയെന്ന് തോന്നി. ‘ചിലയാളുകളുടെ ഒരു നോട്ടം മതി. എന്താണ് മനസിലെന്ന് വ്യക്തമാക്കാന്‍. ഡയലോഗൊന്നും അവിടെ ആവശ്യമില്ല’ എന്ന് അഷ്‌റഫിക്ക പറഞ്ഞു.

കിന്നരിക്ക് ഇഷ്ടമുള്ളയാള്‍ അവളെ തിരിച്ചും ഇഷ്ടമാണെന്ന് തോന്നിപ്പിച്ചു. പക്ഷെ, പുള്ളിയുടെ ഇഷ്ടം വേറെ രീതിയിലായിരുന്നു. അത് ഭീമന്റെ ന്യായമാണ്. കിന്നരി കുറച്ചുകൂടി പ്രതീക്ഷിച്ചു. അത് കഴിഞ്ഞ് മറ്റൊരു രംഗം കൂടി ഉണ്ടായിരുന്നു. പക്ഷെ, അത് വേണ്ടെന്ന് വെച്ചു. കാരണം കിന്നരിക്ക് സഹതാപം വേണ്ട. നിനക്ക് ഇഷ്ടമായില്ലെങ്കില്‍ ‘ഇറ്റ്‌സ് ഓക്കെ’ എന്നതാണ് കിന്നരിയുടെ നിലപാട്. അയാളുടെ വിയോജിപ്പിനെ അംഗീകരിക്കുന്നു, കുഴപ്പമില്ല. അത്തരമൊരു കഥാപാത്രം കിട്ടിയതില്‍ വലിയ സന്തോഷമുണ്ട്.

‘കിന്നരിക്ക് സഹതാപം വേണ്ട’ എന്ന് പറയുന്നതില്‍ എല്ലാമുണ്ട്?

അതെ. രണ്ടാമതൊരു അവസരം നോക്കാമെന്ന് നമ്മള്‍ ചിന്തിച്ചേക്കും. പക്ഷെ, ഒരു വിട്ടുവീഴ്ച്ചയിലാണ് അത് വീണ്ടും തുടങ്ങുന്നത്. ‘ഫ്രീ ഫ്‌ളോ’ ഇല്ലാത്ത ഒരിടത്ത് ഒരു റിലേഷന്‍ഷിപ്പ് കുത്തിക്കയറ്റുന്നത് നല്ല രീതിയില്‍ അവസാനിച്ചേക്കില്ല. അതിനേക്കാള്‍ നല്ലത് കയ്‌പേറിയ സത്യത്തെ ഉള്‍ക്കൊള്ളലാണ്. ‘മോശമായ ഭാവിയേക്കാള്‍ നല്ലത് കയ്‌പേറിയ സത്യം’ ആണെന്ന് പറയാറുണ്ട്. കാര്യം മനസിലായിക്കഴിഞ്ഞാല്‍ പിന്നെ ‘ഓക്കെ..ഫൈന്‍’.

കുഞ്ചാക്കോ ബോബന്‍ / ഭീമന്റെ വഴി

ഭീമന്റെ പ്രണയവും സ്ത്രീകളോടുള്ള സമീപനവും ഒന്ന് മാറി നിന്ന് നോക്കിയാല്‍?

ഭീമന്‍ എന്ന വ്യക്തി കോഴിയാണെന്ന് സിനിമ പറയുന്നുണ്ട്. പക്ഷെ, ഭീമന്‍ ഒരാളേയും വെറുപ്പിക്കുന്നില്ല. ഭീമന്‍ താല്‍പര്യം കാണിക്കുന്ന ബ്ലസിയാണെങ്കിലും കിന്നരിയാണെങ്കിലും തിരിച്ചും അത് പ്രകടിപ്പിക്കുന്നുണ്ട്. പുള്ളിയൊരു നോട്ടമൊക്കെ നോക്കുന്നുണ്ട്. നമ്മളത് കാണുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍, ചാക്കോച്ചന്‍ ചെയ്ത ഭീമന്‍ എന്ന കഥാപാത്രം സാധാരണ മലയാളി പുരുഷനാണ്. അങ്ങനത്തെ ആളുകളുണ്ട്. ഇഷ്ടമുണ്ടെങ്കില്‍ അത് ഓക്കെയാണ്. നമ്മള്‍ അങ്ങനെ നോക്കും. പക്ഷെ, അത് മറുവശത്ത് നിന്നും ഉണ്ടാകണം. ഭീമന്‍ ഡീസന്റാണ്. മിക്ക സ്ത്രീകളോടും ഭീമന്‍ നന്നായാണ് ഇടപെടുന്നത്. താല്‍പര്യമുണ്ടാകുമ്പോള്‍, കണ്‍സെന്റ് ആകുമ്പോഴാണ് ഭീമന്‍ മുന്നോട്ടു നീങ്ങുന്നത്. കൊസ്‌തേപ്പ് നെഞ്ചില്‍ നോക്കിയേ സംസാരിക്കൂ. ഭീമന്‍ അങ്ങനെയൊരു ആളല്ല. സ്ത്രീകളോടുള്ള ഇടപെടലിലാണ് ഭീമന്റെ ആകര്‍ഷണീയത. മിക്കവരും ഇങ്ങനെയൊക്കെയല്ലേ? ചാക്കോച്ചനെ എക്‌സ്ട്രാ ഡീസന്റായല്ലേ ഇത്രയും കാലം കാണിച്ചുകൊണ്ടിരുന്നത്?

കുഞ്ചാക്കോ ബോബന്‍, മേഘ തോമസ് / ഭീമന്റെ വഴി

ഭീമനും കിന്നരിയും തമ്മിലുള്ള ഇന്റിമേറ്റ് സീന്‍ രണ്ടു പേരും തമ്മിലുള്ള ദൂരം മനസിലാക്കിത്തരുന്നുണ്ട്?

അഷ്‌റഫിക്ക സീന്‍ വിശദീകരിച്ചു തരുമ്പോള്‍ എനിക്കും ചാക്കോച്ചനും ചെറിയ ആശങ്കയുണ്ടായിരുന്നു. ഇന്റിമേറ്റ് രംഗം എന്നതല്ല, അത് പ്രേക്ഷകര്‍ക്ക് മനസിലാകുമോ എന്നായിരുന്നു പേടി. പക്ഷെ, ഞങ്ങളത് നന്നായി ചെയ്തു. അത് ചാക്കോച്ചനും പറഞ്ഞു.

‘ഒരു ഞായറാഴ്ച്ച’യിലും ‘ഭീമന്റെ വഴി’യിലും ഇന്റിമേറ്റ് സീനുകളുണ്ടായിരുന്നു. അത് എന്തോ ഒരു വലിയ കാര്യമാണെന്ന മട്ടില്‍ ചോദ്യങ്ങള്‍ വരുന്നത് അലോസരമുണ്ടാക്കുന്നുണ്ടോ?

ഇന്ത്യയൊട്ടാകെയുള്ള ഒരു മനസ്ഥിതിയാണത്. ‘പികെ’ എന്ന സിനിമയില്‍ അത് പറയുന്നുണ്ട്. വിവാഹം കഴിക്കാത്തവരും പ്രണയിക്കുന്നവരും സെക്‌സ് ചെയ്യുന്നത് നാട്ടുകാര്‍ക്ക് എന്തോ വലിയ പ്രശ്‌നമാണ്. കല്യാണം കഴിഞ്ഞിട്ടും വേണ്ടതാണ് ഇന്റിമസി. എന്താണ് നമ്മെ തടയുന്നത്?

നിങ്ങളുടെ തലമുറയോട് എനിക്ക് നല്ല അസൂയ ഉണ്ടെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്. ‘നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളികളെ തെരഞ്ഞെടുക്കാനാകുന്നുണ്ട്’ എന്ന്. ഇന്റിമസി എന്ന സംഭവം ആദമിന്റേയും ഹവ്വയുടേയും കാലം മുതലുണ്ട്. അതില്‍ ഇത്രമാത്രം ഒളിച്ചുവെയ്ക്കാന്‍ എന്താണുള്ളത്? ഓരോരുത്തരുടേയും അളവുകോലുകളും പരിധിയും വ്യത്യസ്തമാണ്. ഒരാളും മറ്റൊരാളുടെ അളവുകോലിന് അനുസരിച്ച് ജീവിക്കേണ്ടതില്ല. എനിക്കുമില്ല.

പ്രണയിക്കുന്ന ആള്‍ക്കൊപ്പം ഒരു സ്വകാര്യ നിമിഷം കിട്ടുമ്പോള്‍ നമ്മളത് പ്രകടിപ്പിക്കില്ലേ. ഉമ്മ വെയ്ക്കില്ലേ? കെട്ടിപ്പിടിക്കില്ലേ? അത്രയേ ഉള്ളൂ. കുറച്ചു കൂടി കഴിയുമ്പോള്‍ തലമുറകള്‍ മാറുമ്പോള്‍ ഈ ചോദ്യങ്ങളൊക്കെ നില്‍ക്കും.

മേഘ തോമസ്

പുതിയ പ്രൊജക്ടുകള്‍?

ചര്‍ച്ചകള്‍ നടക്കുന്നു. ഒരു ചിത്രം ഇപ്പോള്‍ ചര്‍ച്ച കഴിഞ്ഞ് ഉറപ്പിച്ചിട്ടുണ്ട്. പുറത്ത് പറയാറായിട്ടില്ല.

മലയാളിയെന്ന നിലയില്‍ ഡല്‍ഹി ജീവിതം എങ്ങനെ?

സ്വന്തം വീട് ഡല്‍ഹിയില്‍ തന്നെ. കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തിയായ ചെറുപുഴയിലാണ് അമ്മ വീട്. അച്ഛന്റെ വീട് കൊല്ലത്ത്. കോട്ടയത്താണ് അമ്മയുടെ വേരുകള്‍. അവിടെയാണ് ഞാന്‍ ജനിച്ചത്. ജനിച്ച് രണ്ട് മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. മാതാപിതാക്കള്‍ 30-35 വര്‍ഷമായി ഡല്‍ഹിയിലുണ്ട്. ഡല്‍ഹി ജീവിതം മനോഹരമാണ്. 17-ാം വയസുമുതല്‍ ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങി. അതുവരെ സ്‌കൂള്‍, ട്യൂഷന്‍, പള്ളി. 17 വയസ് മുതല്‍ കോള്‍ സെന്ററുകളിലും ഓഫീസുകളിലും ജോലി ചെയ്തു. ആ പ്രായത്തില്‍ തന്നെയാണ് നാടകവും തുടങ്ങുന്നത്. ബിഎസ്‌സി സുവോളജി പൂര്‍ത്തിയാക്കി. ഇപ്പോള്‍ താമസിക്കുന്നത് കൊച്ചിയില്‍. എന്നെ ശരിക്കും വളര്‍ത്തിയത് കൊച്ചിയാണ്.

UPDATES
STORIES