‘ആത്മവിശ്വാസം തന്നത് ബ്യൂട്ടിഫുള്‍’; തന്നെ താനായി അംഗീകരിച്ചത് മലയാള സിനിമയെന്ന് മേഘ്‌ന

അഭിനയരംഗത്ത് തനിക്ക് ആത്മവിശ്വാസം നല്‍കിയത് മലയാള സിനിമയാണെന്ന് നടി മേഘ്‌ന രാജ് സര്‍ജ. കന്നട ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന തനിക്ക് ആദ്യകാലം മുതല്‍ സ്വന്തം ശരീര ഘടനയില്‍ അപകര്‍ഷത അനുഭവപ്പെട്ടിരുന്നെന്നും അതില്‍ നിന്ന് മാറ്റമുണ്ടായത് മലയാളത്തിലേക്ക് എത്തിയതിന് ശേഷമാണെന്നും താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതായി എന്റര്‍ടെന്‍മെന്റ് ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

2010-ല്‍ വിനയന്‍ സംവിധാനം ചെയ്ത ‘യക്ഷിയും ഞാനും’ എന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‌ന രാജിന്റെ മലയാളത്തിലെ അരങ്ങേറ്റം. എന്നാല്‍ 2011-ല്‍ പുറത്തുവന്ന വികെ പ്രകാശ് ചിത്രം ‘ബ്യൂട്ടിഫുള്‍’ ആണ് തന്റെ ജീവിതത്തിലും കരിയറിലും നിര്‍ണ്ണായക വഴിത്തിരിവായതെന്ന് നടി പറയുന്നു. കന്നട സിനിമകളിലഭിനയിക്കുന്ന സമയത്ത് തന്റെ ശരീര ഘടനയെ സംബന്ധിച്ച് ഉണ്ടായ (chubby) പരാമര്‍ശങ്ങള്‍ ഉണ്ടാക്കിയ അപകര്‍ഷതയില്‍ നിന്ന് തന്നെ ആത്മവിശ്വാസത്തിലേക്ക് എത്തിച്ചത് ‘ബ്യൂട്ടിഫുളാ’ണെന്നായിരുന്നു മേഘ്‌നയുടെ വാക്കുകള്‍.

ഷൂട്ടിങ്ങിന്റെ ആദ്യദിവസം മേക്കപ്പിട്ട് തയ്യാറായി നിന്ന തന്നോട് മേക്കപ്പ് കഴുകി കളഞ്ഞുവരാനാണ് സംവിധായകന്‍ ആവശ്യപ്പെട്ടതെന്ന് മേഘ്‌ന ഓര്‍ക്കുന്നു. ഒടുവില്‍ മേക്കപ്പില്ലാത്ത മുഖവുമായി അഭിനയിച്ച ആ രംഗങ്ങളിലെ തന്നെ സ്വീകാര്യതയോടെയാണ്‌ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തത്‌. തനിക്ക് ഏറ്റവും ആവശ്യമുള്ള സമയത്താണ് പ്രേക്ഷകരില്‍ നിന്ന് ആ പിന്തുണ ലഭിച്ചതെന്നും തന്നെ താനായി അംഗീകരിച്ചത് മലയാള സിനിമയാണെന്നും മേഘ്‌ന കൂട്ടിച്ചേര്‍ത്തു.

നിലവില്‍ കന്തരാജ് കണല്ലി സംവിധാനം ചെയ്യുന്ന ‘ശബ്ദ’ എന്ന കന്നട ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. മേഘ്‌നയ്ക്ക് കര്‍ണാടക സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു കന്തരാജ് കണല്ലി.

UPDATES
STORIES