79-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര പ്രഖ്യാപനത്തില്‍ ചരിത്ര നേട്ടവുമായി മിഖായേല ജേ റോഡ്രിഗസ്. മികച്ച ടെലിവിഷന്‍ നടിയെന്ന പുരസ്കാരമാണ് മിഖായേലയെ തേടിയെത്തിയത്. ആദ്യമായാണ് ഒരു ട്രാന്‍സ്ജെന്‍ഡര്‍ താരം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് അര്‍ഹയാവുന്നത്.
‘ഓ മൈ ഗോഡ്… മാരക ജന്മദിന സമ്മാനമാണിത്. നന്ദി. പ്രഗത്ഭരായ ഒട്ടേറെ ചെറുപ്പക്കാര്‍ക്കു മുമ്പില്‍ അവസരങ്ങള്‍ തുറന്നിടാന്‍ പോകുന്ന വാതിലാണിത്. അവര്‍ക്കിത് സാധ്യമാകുന്നതിലും അപ്പുറത്താണ്. നുവാര്‍ക്ക് ന്യൂജേഴ്സിയില്‍നിന്നുള്ള, കറുത്തവര്‍ഗക്കാരിയായ, സ്വപ്നങ്ങളുള്ള, ഒരു ലാറ്റിന പെണ്‍കുട്ടി മറ്റുള്ളവരുടെ മനസ് സ്നേഹം കൊണ്ട് മാറ്റുന്നത് അവര്‍ക്ക് കാണാം. സ്നേഹം വിജയിക്കും. എന്റെ എല്‍.ജി.ബി.റ്റി.ക്യു.ഐ കുട്ടികളോട്… നക്ഷത്രങ്ങളെ എത്തിപ്പിടിക്കാനുള്ള വാതില്‍ നിങ്ങള്‍ക്കായി ഞങ്ങള്‍ തുറന്നിട്ടിരിക്കുന്നു’, മിഖായേല തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു.
‘പോസ്’ എന്ന ഹാസ്യപരമ്പരയിലെ വീട്ടമ്മയായുള്ള പ്രകടനമാണ് മിഖായേലയ്ക്ക് പുരസ്കാരം നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച എമ്മി പുരസ്കാരത്തിലും മിഖാലേയയുടെ പേര് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. മികച്ച അഭിനേത്രികള്ക്കായുള്ള എമ്മി നോമിനേഷനില്‍ എത്തുന്ന ആദ്യ ട്രാന്‍സ് പെര്‍ഫോമറും മിഖായേല തന്നെ.
‘പവര്‍ ഓഫ് ദ ഡോഗ്’, വെസ്റ്റ് സൈഡ് സ്റ്റോറി എന്നിവയാണ് ആണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിന് അര്‍ഹമായ മികച്ച ചിത്രങ്ങള്‍. പവര്‍ ഓഫ് ദ ഡോഗ് ഒരുക്കിയ ജെയ്ന്‍ കാംപ്യന്‍ മികച്ച സംവിധായകയായും തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിലെ അഭിനയത്തിന് കൊഡി സ്മിത് മക്ഫീ മികച്ച സഹനടനുള്ള പുരസ്കാരവും നേടി.