‘നിങ്ങള്‍ക്ക് ഉള്ളില്‍ തോന്നിയത് വേദിയില്‍ പറയൂ എന്ന് മന്ത്രി ആവശ്യപ്പെട്ടു’; മുഹമ്മദ് റിയാസില്‍ പ്രതീക്ഷയുണ്ടെന്ന് ജയസൂര്യ

പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തി സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥയേക്കുറിച്ച് പരാമര്‍ശിച്ചതില്‍ വിശദീകരണവുമായി നടന്‍ ജയസൂര്യ. ഒരു പൗരന്‍ എന്ന നിലയില്‍ സ്വാഭാവികമായി നടത്തിയ പ്രതികരണമാണിതെന്ന് നടന്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു, ഒരു പരിപാടിയില്‍ പങ്കെടുക്കാമോ എന്ന് ചോദിച്ചു. ആത്മാര്‍ത്ഥമായി നാടിന് മാറ്റം വരണമെന്ന് ചിന്തിക്കുന്ന അദ്ദേഹത്തിന്റെ പരിപാടിയില്‍ പങ്കെടുക്കാമെന്ന് അറിയിച്ചു. വിമര്‍ശനാത്മകമായി സംസാരിക്കുമെന്ന് സൂചിപ്പിച്ചപ്പോള്‍ മന്ത്രി പ്രോത്സാഹിപ്പിച്ചെന്നും നടന്‍ പ്രതികരിച്ചു.

പരിപാടിക്ക് പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു, ഞാന്‍ എന്റെ ഉള്ളില്‍ തോന്നുന്നത് വേദിയില്‍ പറഞ്ഞോട്ടെ? അദ്ദേഹത്തിന്റെ മറുപടി ‘നിങ്ങള്‍ ഉള്ളില്‍ തോന്നിയത് പറയും എന്നുള്ളതുകൊണ്ടാണ് നിങ്ങളെ വിളിച്ചത്, നാടിന് മാറ്റം വരണം, തെറ്റുകള്‍ ചൂണ്ടിക്കാട്ടപ്പെടണം.’

ജയസൂര്യ

ആ വാക്കുകള്‍ ആത്മാര്‍ത്ഥതയുടെ ശബ്ദമായിരുന്നെന്ന് നടന്‍ പറഞ്ഞു. ഞാന്‍ വേദിയില്‍ ഉന്നയിച്ച എല്ലാ കാര്യങ്ങള്‍ക്കും പ്രതിവിധി ഉണ്ടാക്കാം എന്ന് മന്ത്രി പ്രതികരിച്ചു. അദ്ദേഹത്തിന്റെ വാക്ക് സത്യമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇനിമുതല്‍ നമ്മുടെ റോഡുകളില്‍ അത് പണിത കോണ്‍ട്രാക്ടറുടെ പേരും ഫോണ്‍ നമ്പറും വിലാസവും പ്രദര്‍ശിപ്പിക്കുക എന്ന രീതി. വിദേശത്ത് മാത്രം നമ്മള്‍ കണ്ടുപരിചയിച്ച വിപ്ലവകരമായ ഈ തീരുമാനം അദ്ദേഹം നടപ്പില്‍ വരുത്തുകയാണ്. റോഡുകള്‍ക്ക് എന്ത് പ്രശ്‌നം സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം പൂര്‍ണ്ണമായും കരാറുകാരനിലാണ് എന്ന് മാത്രമല്ല, അത് ജനങ്ങള്‍ക്ക് ഓഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ ആണെന്നതും ഒരു ജനകീയ സര്‍ക്കാറിന്റെ ലക്ഷണമാണ്. ജനകീയമായ ഒരു സര്‍ക്കാര്‍ ജനങ്ങളുടേതാവുന്നത് ജനങ്ങളുമായി അത് സജീവമായി ഇടപ്പെടുമ്പോഴാണ്. ശ്രീ റിയാസ് നമ്മുടെ ശബ്ദം കേള്‍ക്കുന്ന, അതിനു മൂല്യം കൊടുക്കുന്ന മന്ത്രിയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പിഡബ്ല്യുഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിനിടെ ജയസൂര്യ നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണമെന്ന് നടന്‍ പറഞ്ഞു. റോഡുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തടസം മഴയാണ് എന്ന വാദം ജനങ്ങള്‍ അറിയേണ്ട കാര്യമില്ല. റോഡുകളിലെ കുഴികളില്‍ വീണ് ജനങ്ങള്‍ മരിക്കുമ്പോള്‍ കരാറുകാരന് ഉത്തരവാദിത്തം നല്‍കണമെന്നും ജയസൂര്യ ആവശ്യപ്പെട്ടു. മോശം റോഡുകളില്‍ വീണ് മരിക്കുന്നവര്‍ക്ക് ആര് സമാധാനം പറയും? ടൂറിസ്റ്റ് കേന്ദ്രമായ വാഗമണ്ണില്‍ അടക്കം കേരളത്തിലെ പലയിടത്തും റോഡുകള്‍ മോശം അവസ്ഥയിലാണ്. മഴക്കാലത്ത് റോഡ് നന്നാക്കാന്‍ കഴിയില്ലെങ്കില്‍ ചിറാപുഞ്ചിയില്‍ റോഡ് കാണില്ല. എന്ത് ചെയ്തിട്ടാണ് നല്ല റോഡുകള്‍ ഉണ്ടാക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയേണ്ട കാര്യമില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവര്‍ത്തിച്ചു. പരിപാലന കാലാവധിയില്‍ അറ്റകുറ്റപ്പണി നടത്തേണ്ടത് കരാറുകാരനാണ്. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും മന്ത്രി നടന്‍ വേദിയിലിരിക്കെ മറുപടിയെന്നോണം പ്രതികരിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണിക്ക് മഴ പ്രശ്‌നം തന്നെയാണ്. ചിറാപുഞ്ചിയില്‍ 10,000 കിലോമീറ്റര്‍ മാത്രമാണ് റോഡ്. കേരളത്തില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ റോഡുണ്ട്. 10 മിനുറ്റില്‍ ഒന്‍പത് മിനുറ്റും സര്‍ക്കാരിനെ അനുകൂലിച്ചാണ് ജയസൂര്യ സംസാരിച്ചതെന്നും മന്ത്രി പിന്നീട് പറഞ്ഞു.

UPDATES
STORIES