സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ നിയമനിര്‍മ്മാണം ഉടനുണ്ടാകുമെന്ന് മന്ത്രി സജി ചെറിയാന്. നിയമത്തിന്റെ കരട് തയ്യാറെന്നും നിയമം എത്രയും വേഗം നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച അടൂര്‍ ഗോപാലകൃഷ്ണന് സമിതി മുന്നോട്ടുവെച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് നിയമത്തിന്റെ കരട് രേഖ തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി സജി ചെറിയാന് അറിയിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സംബന്ധിച്ച് കൂടുതല്‍ പ്രതികരണങ്ങളുണ്ടാകുന്നതിനിടെയാണ് ആര്‍ഐഎഫ്എഫ്കെ വേദിയിലെ മന്ത്രിയുടെ പ്രഖ്യാപനം. സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും മന്ത്രി പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുന്‍പ് നടി പാര്‍വ്വതി തിരുവോത്ത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും ഉടയും. അക്കാരണത്താലാണ് റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പാര്‍വ്വതിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാര്‍വതി തിരുവോത്ത് തുറന്നടിച്ചിരുന്നു.
സര്‍ക്കാര്‍ റിപ്പോര്‍ട്ട് മൂടിവെക്കുകയാണെന്ന പരസ്യ ആരോപണവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ വ്യക്തിപരമായ വിവരങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി പുറത്തുവിടാനാകില്ലെന്നായിരുന്നു നിയമസഭയില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മന്ത്രി സജി ചെറിയാന് വ്യക്തമാക്കിയത്.
കഴിഞ്ഞദിവസം വിഷയത്തില്‍ പ്രതികരിച്ച നടന് പൃഥ്വിരാജും ഹേമ കമ്മിറ്റി രൂപീകരിച്ചതിന് പിന്നിലെ ഉദ്ദേശം നിറവേറ്റപ്പെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ല അല്ലെങ്കില്‍ ആ അധികാരം ആരുടേതാണ് എന്ന് തനിക്ക് കൃത്യമായി അറിയില്ലെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമോ എന്ന് തീരുമാനിക്കേണ്ടത് അത് രൂപീകരിച്ചവര്‍ ആണെന്നുമായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.