ഞങ്ങളുടെ സൂപ്പര്‍ ഹീറോ മഹ്‌റസ് മുരളി; മാഞ്ചസറ്റര്‍ സിറ്റിയിലും മിന്നലടിച്ചു

മിന്നല്‍ മുരളിക്ക് കുറുക്കന്‍മൂലയില്‍ മാത്രമല്ല പിടി, അങ്ങ് മാഞ്ചസ്റ്റര്‍ സിറ്റിയിലുമുണ്ട്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍ പേജില്‍ തങ്ങളുടെ താരം മഹ്‌റസിന്റെ ഫോട്ടോ ഷെയര്‍ ചെയ്ത് രസകരമായ ടൈറ്റിലാണ് നല്‍കിയിരിക്കുന്നത്. ‘മഹ്‌റസ് മുരളി, ഞങ്ങളുടെ സൂപ്പര്‍ ഹീറോ’ എന്നാണ് എഴുതിയിരിക്കുന്നത്.

പോസ്റ്റിന് താഴെ കമന്‌റുമായി മിന്നല്‍ മുരളി നായകന്‍ ടൊവിനോ തോമസുമെത്തി. ‘മിന്നല്‍ മുരളി ഒറിജിനല്‍ വാച്ചിങ് യൂ’ എന്നായിരുന്നു ടൊവിനോയുടെ കമന്‌റ്. ഇതിനു പിന്നാലെ നിരവധി മലയാളികളും മാഞ്ചസ്റ്ററിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തി.

മഹ്റസ് മുരളി എന്നതിന് പകരം മിന്നല്‍ മഹ്റസ് എന്നായിരുന്നു എഴുതേണ്ടതെന്നും മാഞ്ചസ്റ്റര്‍ പേജിന്റെ അഡ്മിന്‍ ഇനി ബേസില്‍ ജോസഫ് എങ്ങാന്‍ ആണോ എന്നുമൊക്കെയാണ് കമന്‌റുകള്‍.

Read More: ഇനി ഗ്ലോബല്‍ മുരളി; ആഗോള റാങ്കിങ്ങില്‍ ‘മിന്നല്‍ മുരളി’ മൂന്നാം സ്ഥാനത്ത്

അതേസമയം, ചിത്രം റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോള്‍ ആഗോള റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ മുപ്പത് രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ മിന്നല്‍ മുരളിയുണ്ട്.

ക്രിസ്തുമസിന് ഒടിടി റിലീസായെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളിലും മിന്നലടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്ളിക്സിന്റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. അതേസമയം ഏഷ്യയില്‍ ഇന്ത്യയില്‍ ടോപ്പ് 10ല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംവാരവും തുടരുകയാണ്.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ വിഭാഗത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് ‘മുരളി’ നേട്ടം കൊയ്തിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്ളിക്സിന് നേടിക്കൊടുത്തിരിക്കുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്റീന, ചിലി, ബ്രസീല്‍, ബഹാമാസ്, ബൊളീവിയ, ഡോമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ്, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ എന്നിവിടങ്ങളിലാണ് ടോപ്പ് 10 പട്ടികയില്‍ മിന്നല്‍ മുരളി ഉള്ളത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്. മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ ബഹ്റിന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റില്‍ ചിത്രമുണ്ട്.

UPDATES
STORIES