മിന്നല്‍ മുരളി പ്രതീക്ഷകള്‍ക്കുമപ്പുറത്തോ? ആശങ്കയാര്‍ന്ന മുഖങ്ങളുമായി ബോണസ് ട്രെയ്‌ലര്‍

ടൊവിനോ തോമസ് സൂപ്പര്‍ ഹീറോ വേഷത്തിലെത്തുന്ന മിന്നല്‍ മുരളിയുടെ സര്‍പ്രൈസ് ട്രെയ്‌ലറുമായി അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെതായി ഇതുവരെ പുറത്തുവന്നതില്‍നിന്നും വ്യത്യസ്തമായ ട്രെയ്‌ലറാണ് പുതുതായി എത്തിയിരിക്കുന്നത്. കേന്ദ്രകഥാപാത്രത്തിന്റെ അമാനുഷിക കഴിവുകളിലൂന്നിയ സൂചനകളില്ലാതെ ചിത്രത്തിന്റെ കഥയെ ധ്വനിപ്പിക്കുന്ന തരത്തിലാണ് ബോണസ് ട്രെയ്‌ലര്‍.

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. 2019 ഡിസംബറില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം ചിത്രീകരണത്തിന്റ ആദ്യ നാളുകളില്‍ത്തന്നെ ചര്‍ച്ചയായിരുന്നു. ഡിസംബര്‍ 24ന് ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

ചിത്രം തിനോടകം തന്നെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇടിമിന്നലേറ്റ ജെയ്സണ് അമാനുഷിക ശക്തിയും വേഗവും ലഭിക്കുന്നതും ഇയാള്‍ പിന്നീട് മിന്നല്‍ മുരളിയെന്ന സൂപ്പര്‍ഹീറോയാകുന്നതുമാണ് പ്രമേയം. മിന്നല്‍ മുരളിയെ ഒരു ഭീഷണിയായി കണ്ട് പൊലീസ് ജനങ്ങളെ അയാള്‍ക്കെതിരെ തിരിക്കുന്നു. അതിമാനുഷിക ശക്തിയുള്ളതാക്കട്ടെ മിന്നല്‍ മുരളിക്ക് മാത്രമല്ല. ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷത്തേക്കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, ഫെമിന ജോര്‍ജ്, മാമുക്കോയ, ബൈജു, ബിജുക്കുട്ടന്‍ എന്നിവര്‍ പ്രധാനറോളുകളിലുണ്ട്. ജിഗര്‍ത്തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ തമിഴ് നടന്‍ ഗുരു സോമസുന്ദരവും കഥാപാത്രമായെത്തുന്നുണ്ട്. സമീര്‍ താഹിറിന്റെ ക്യാമറയും ഷാന്‍ റഹ്‌മാന്‍, സുഷിന്‍ ശ്യാം എന്നിവരുടെ സംഗീതവും പ്രേക്ഷകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്. വ്‌ളാഗ് റിംബര്‍ഗാണ് ചിത്രത്തിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയാ പോള്‍ ആമ് നിര്‍മ്മാണം.

മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രമിറങ്ങുന്നുണ്ട്. മലയാളത്തിലും തമിഴിലും മിന്നല്‍ മുരളിയെന്നും ഹിന്ദിയില്‍ മിസ്റ്റര്‍ മുരളിയെന്നും തെലുങ്കിലും കന്നഡയിലും യഥാക്രമം മെരുപ്പ് മുരളി, മിഞ്ചു മുരളി എന്നീ പേരുകളിലായി ചിത്രമെത്തും.

UPDATES
STORIES