ഇനി ഗ്ലോബല്‍ മുരളി; ആഗോള റാങ്കിങ്ങില്‍ ‘മിന്നല്‍ മുരളി’ മൂന്നാം സ്ഥാനത്ത്

ലോക്കല്‍ ഹീറോ മിന്നല്‍ മുരളി ഇനി ഗ്ലോബല്‍ ഹീറോ ആകും. നെറ്റ്ഫ്‌ളിക്‌സ് വഴി റിലീസായ ടൊവിനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം രണ്ടാഴ്ച പിന്നിടുമ്പോള്‍ ആഗോള റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്താണ്. നിലവില്‍ മുപ്പത് രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റില്‍ മിന്നല്‍ മുരളിയുണ്ട്.

ക്രിസ്തുമസിന് ഒടിടി റിലീസായെത്തിയ ചിത്രം ആദ്യ ആഴ്ച തന്നെ ഏഷ്യന്‍ രാജ്യങ്ങളില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കന്‍, അമേരിക്കന്‍ രാജ്യങ്ങളിലും മിന്നലടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം വാരമാണ് നെറ്റ്ഫ്‌ളിക്‌സിന്‌റെ ഗ്ലോബല്‍ ടോപ്പ് 10ല്‍ മിന്നല്‍ മുരളി ഇടംപിടിക്കുന്നത്. അതേസമയം ഏഷ്യയില്‍ ഇന്ത്യയില്‍ ടോപ്പ് 10ല്‍ ഒന്നാം സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംവാരവും തുടരുകയാണ്.

ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ വിഭാഗത്തില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി രണ്ട് വരെയുള്ള കാലയളവിലാണ് ‘മുരളി’ നേട്ടം കൊയ്തിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിന് നേടിക്കൊടുത്തിരിക്കുന്നത്.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളായ അര്‍ജന്‌റീന, ചിലി, ബ്രസീല്‍, ബഹാമാസ്, ബൊളീവിയ, ഡോമിനിക്കന്‍ റിപബ്ലിക്, ഇക്വഡോര്‍, പാരഗ്വായ്, പെറു, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ഉറുഗ്വായ്, എല്‍ സാല്‍വദോര്‍, ഹോണ്ടൂറാസ്, ജമൈക്ക, പനാമ എന്നിവിടങ്ങളിലാണ് ടോപ്പ് 10 പട്ടികയില്‍ മിന്നല്‍ മുരളി ഉള്ളത്. ആഫ്രിക്കയില്‍ മൗറീഷ്യസിലും നൈജീരിയയിലും ചിത്രം ആദ്യ പത്തിലുണ്ട്. മാലിദ്വീപ്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ ബഹ്‌റിന്‍, ബംഗ്ലാദേശ്, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളുടെയും ടോപ്പ് 10 ലിസ്റ്റില്‍ ചിത്രമുണ്ട്.

അരുണ്‍ അനിരുദ്ധിന്റെയും ജസ്റ്റിന്‍ മാത്യുവിന്റേയും തിരക്കഥയില്‍ ബേസില്‍ ജോസഫ് സംവിധാനം ചിത്രം ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് കഥപറയുന്നത്. ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന ജോര്‍ജ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

UPDATES
STORIES