വിശ്വസുന്ദരിപ്പട്ടം 21 വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് പഞ്ചാബ് സ്വദേശിയായ ഹര്‍നാസ് സന്ധു. 70ാമത് വിശ്വസുന്ദരി മത്സരത്തില്‍ 80 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ഹര്‍നാസ് സന്ധുവിന്റെ നേട്ടം.

21 വയസുകാരിയായ ഹര്‍നാസ് ഇതിനുമുമ്പ് ലിവാ മിസ് ദിവാ യൂണിവേഴ്സ് 2021, മിസ് ഛണ്ഡീഗഡ് 2017 മത്സരങ്ങളിലും കിരീടം നേടിയിരുന്നു.

2018ല്‍ മിസ് മാക്സ് എമേര്‍ജിങ് സ്റ്റാര്‍ ഇന്ത്യയായും 2019ല്‍ ഫെമിന മിസ് ഇന്ത്യ പഞ്ചാബായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, 2019ലെ ഫെമിന മിസ് ഇന്ത്യയില്‍ 12ാം സ്ഥാനത്തെത്താനേ സന്ധുവിന് കഴിഞ്ഞുള്ളൂ.

മിസ് ദിവാ പട്ടം നേടിയതിന് ശേഷമാണ് സന്ധു 2021 മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥിയായത്. സുന്ദരിപ്പട്ടങ്ങള്ക്ക് പുറമേ പഞ്ചാബി സിനിമകളിലേക്കും സന്ധു കടന്നിട്ടുണ്ട്.

ഇസ്രായേലില്‍ നടന്ന മത്സരത്തില്‍ കിരീടം സ്വന്തമാക്കിയ സന്ധു വിശ്വസുന്ദരിപ്പട്ടികയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ്.

1994ല്‍ കിരീടം ചൂടിയ സുസ്മിത സെന്നായിരുന്നു ആദ്യ ഇന്ത്യന്‍ വിശ്വസുന്ദരി. 2000ലെ ജേതാവ് ലാറാ ദത്തയായിരുന്നു വിശ്വ സുന്ദരിപ്പട്ടം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരി.

70-ാമത് മത്സരത്തിന്റെ ഫൈനലില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ പിന്തള്ളിയാണ് ഹര്‍നാസ് സന്ധു കിരീടം സ്വന്തമാക്കിയത്.

ആദ്യറണ്ണറപ്പായി പരാഗ്വെയെയും രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സ് മെക്സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസയാണ് കിരീടം ഹര്‍നാസ് സന്ധുവിനെ അണിച്ചത്.

