പുലിമുരുകന് ശേഷം വരുന്ന വൈശാഖ്-മോഹന്‍ലാല്‍ ചിത്രം മറ്റൊരു ഇന്‍ഡസ്ട്രിയല്‍ ബ്ലോക് ബസ്റ്ററാകുമോയെന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പുലിമുരുകന് കോംബോയില്‍ ഒരു ചിത്രം വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ 2019 ഒക്ടോബര്‍ മുതലുണ്ടായിരുന്നു. ഈയിടെ ആന്റണി പെരുമ്പാവൂര്‍ അത് സ്ഥിരീകരിച്ചെങ്കിലും പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല. ആകാംഷകള്ക്കിടെ മോഹന്‍ലാല്‍ ലക്കി സിങ്ങ് എന്ന കഥാപാത്രമാകുന്ന മോണ്‍സ്റ്ററിന്റെ ഷൂട്ടിങ്ങ് തുടങ്ങിയ വിവരം നടന് തന്നെയാണ് പങ്കുവെച്ചത്. സിക്ക് മതവിശ്വാസികളുടെ തലപ്പാവായ ദസ്തറും കൈയില്‍ കാരയും ധരിച്ച് താടി വെട്ടിയൊതുക്കി നില്ക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് മാസ് ആക്ഷന്‍ ത്രില്ലര്‍ സൂചനയാണ് നല്‍കുന്നത്. മൂന്ന് തോക്കുകളും മാഗസിനും സൈലന്‍സറും ടേബിളില്‍ വെച്ച് എന്തിനും തയ്യാറായാണ് ലക്കി സിങ്ങിന്റെ ഇരുപ്പും നോട്ടവും.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റ് ചിത്രമായ മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്. മധുര രാജയ്ക്ക് ശേഷം ഉദയകൃഷ്ണ വൈശാഖിന് വേണ്ടി തിരക്കഥയൊരുക്കുന്നു. ഉദയകൃഷ്ണയും വൈശാഖും ചേര്‍ന്നപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. 2010ല്‍ അരങ്ങേറ്റചിത്രമായ പോക്കിരിരാജയിലൂടെ തന്നെ ഇന്‍ഡസ്ട്രിയില്‍ ചുവടുറപ്പിച്ച സംവിധായകനാണ് വൈശാഖ്. ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നായിരുന്നു പോക്കിരിരാജയുടെ സ്ക്രിപ്റ്റ്.

ഉദയകൃഷ്ണ ആദ്യമായി തനിയെ എഴുതിയത് പുലിമുരുകന്റെ തിരക്കഥയാണ്. 2016ല്‍ പുറത്തിറങ്ങിയ പുലിമുരുകന് മലയാള സിനിമാ വ്യവസായത്തെ തന്നെ വേറെ ലെവലിലേക്ക് എത്തിച്ചു. കേരളത്തില്‍ നിന്ന് മാത്രം നൂറ് കോടി രൂപ കളക്ട് ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 150 കോടി മറികടന്നു. ദൃശ്യത്തിന് ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ കുടുംബപ്രേക്ഷകരുടെ വലിയ തിരക്കുണ്ടായി. തമിഴ്നാട്ടിലും ആന്ധ്രയിലും പുലിമുരുകന് തിയേറ്ററുകളില്‍ ആളെ നിറച്ചതോടെ മറ്റ് ഇന്‍ഡസ്ട്രികളും മലയാള സിനിമയുടെ മാസ് ഇംപാക്ട് അറിഞ്ഞു. മൂന്ന് വര്‍ഷം മുന്‍പ് യു ട്യൂബില്‍ പുലിമുരുകന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പ് എത്തി. പെന്‍ മൂവീസ് എന്ന യൂട്യൂബ് ചാനലില്‍ സ്ട്രീം ചെയ്യുന്ന ‘ഷേര്‍ കാ ശിക്കാര്‍’ ഇതുവരെ 9.5 കോടി വ്യൂസ് നേടി റെക്കോര്‍ഡിട്ടു കഴിഞ്ഞു.
2019 മമ്മൂട്ടിയെ നായകനാക്കി വൈശാഖ്-ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മധുരരാജയും സൂപ്പര്‍ ഹിറ്റായിരുന്നു. 27 കോടി രൂപ മുതല്‍ മുടക്ക് പറയുന്ന ചിത്രം ആദ്യ ദിനം തന്നെ 9.5 കോടി സമാഹരിച്ചു. മധുരരാജയിലൂടെ യുഎഇയിലും തമിഴ്നാട്ടിലും മമ്മൂട്ടിക്ക് പുതിയ ഇനീഷ്യല്‍ കളക്ഷന്‍ റെക്കോര്‍ഡ് ലഭിച്ചു. യുഎഇയിലെ തിയേറ്ററുകളില്‍ നിന്ന് 3.3 കോടി രൂപയാണ് മധുരരാജ ആദ്യദിനം തന്നെ കളക്ട് ചെയ്തത്. കേരളത്തില്‍ നൂറ് ദിവസം ഓടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നൂറ് കോടി കളക്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍.

മധുരരാജയുടെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് ‘രാജ നരസിംഹ’ ആന്ധ്ര പ്രദേശില്‍ 75 ദിവസം ഓടി. ‘മിനിസ്റ്റര്‍ രാജ’ പുറകെ വരുന്നുണ്ടെന്ന് ചിത്രത്തിന്റെ അവസാനം തന്നെ വൈശാഖ് സൂചിപ്പിച്ചിരുന്നു. പുലിമുരുകനും മധുരരാജയും വൈശാഖിന് ഇതരഭാഷാ സ്ക്രീനുകളില്‍ ചെലുത്താവുന്ന സ്വാധീനം കൂടിയാണ് വെളിവാക്കിയത്. ഇതരഭാഷാ പ്രേക്ഷകരില്‍ നിന്ന് ഇപ്പോഴും കിട്ടുന്ന സ്വീകാര്യത കൂടി കണക്കിലെടുത്താകും മോണ്‍സ്റ്റര്‍ ഒരുങ്ങുന്നത്. മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഡയറക്ട് റിലീസിന് വേണ്ടി ഒടിടി ഭീമന്മാര് മത്സരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. മള്‍ടി ബില്യണ്‍ കച്ചവട സാധ്യതയുള്ള ഇന്‍ഡസ്ട്രിയായി മലയാള സിനിമയെ മാറ്റുന്നതില്‍ ‘മോണ്‍സ്റ്റര്‍’ മറ്റൊരു ചുവടുവെയ്പാകുമോയെന്ന് കാത്തിരുന്നു കാണാം.