തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ നേതാക്കളായിരുന്ന എംജി ആറിന്റെയും കരുണാനിധിയുടേയും രാഷ്ട്രീയ ജീവിതം ആസ്പദമാക്കി മണിരത്നം ഒരുക്കിയ ‘ഇരുവർ’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുന്നു. മോഹൻലാലിന്റെയും പ്രകാശ് രാജിന്റെയും അഭിനയ ജീവിതത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങൾ കൂടിയായിരുന്നു ഈ ചിത്രത്തിലേത്. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വശ്യമായ അനുഭവങ്ങളിൽ ഒന്ന് എന്നാണ് ‘ഇരുവ’റിന്റെ 25 വർഷങ്ങൾ ഓർത്തുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഐശ്വര്യ റായ് എന്ന താരത്തിന്റെ ഉദയത്തിന് കാരണമായ ചിത്രം കൂടിയായിരുന്നു ഇരുവർ. തബു, രേവതി, നാസർ, ഗൗതമി തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി.
തമിഴ്നാട് കണ്ട രാഷ്ട്രീയ ഇതിഹാസങ്ങളായിരുന്നു കരുണാനിധിയും എം.ജി രാമചന്ദ്രൻ എന്ന എംജിആറും ജയലളിതയും. അവരുടെ രാഷ്ട്രീയ വ്യക്തി ജീവിതത്തിന്റെ അംശങ്ങളാണ് ഇരുവറിലെ സാങ്കല്പിക കഥാപാത്രങ്ങളിലൂടെ മണിരത്നം വരച്ചുകാണിച്ചത്. ആനന്ദന്, തമിഴ് സെല്വന് എന്നീ കഥാപാത്രങ്ങളായാണ് മോഹൻലാലും പ്രകാശ് രാജും വെള്ളിത്തിരയിലെത്തിയത്. ജലയളിതയുടെ വേഷം അവതരിപ്പിച്ചത് ഐശ്വര്യ റായ് ആയിരുന്നു.
സന്തോഷ് ശിവന്റെ ഫ്രെയ്മുകളിലെ മാന്ത്രികതയും എ.ആർ റഹ്മാന്റെ സംഗീതവും കൂടി ചേർന്നപ്പോഴാണ് ഇരുവർ മനോഹരമായൊരു കലാസൃഷ്ടിയായത്.