‘മോഹന്‍ലാലിന്റെ റാം എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം’; ജീത്തു ജോസഫ്

രണ്ട് ഭാഗങ്ങളിലായെത്തിയ ദൃശ്യത്തിന്റെ വമ്പന്‍ വിജയത്തിന്‌ശേഷം മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് വീണ്ടും ചിത്രങ്ങളൊരുക്കുകയാണ്. മിസ്റ്ററി പശ്ചാത്തലത്തില്‍ ഒരുക്കുന്ന ട്വല്‍ത്ത് മാന്‍ ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനുള്ള അവസാനഘട്ട പണികളിലാണെന്നാണ് വിവരം. ഇതിനിടെ 2019ല്‍ പ്രഖ്യാപിച്ച റാമിന്റെ വിശേഷങ്ങളും പുറത്തുവരുന്നു.

മോഹന്‍ലാല്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന റാമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നെങ്കിലും ചിത്രത്തെക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇപ്പോഴിതാ, ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ റാമിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ജീത്തു ജോസഫ്. ‘റാം പൂര്‍ണാര്‍ത്ഥത്തില്‍ ഒരു എന്റര്‍ടൈനറാണ്. എന്റെ തരം മാസ് സിനിമ എന്ന് വിശേഷിപ്പിക്കാം. കൊള്ളസങ്കേതത്തെ അടിച്ചുപറത്തുന്ന മോഹന്‍ലാല്‍ ചിത്രമെന്ന് പ്രതീക്ഷിക്കരുത്. വൈകാരിക തലങ്ങളെയും ആക്ഷനെയുമെല്ലാം കൂട്ടിയിണക്കി റിയലിസ്റ്റിക്കായി തയ്യാറാക്കുന്ന ചിത്രമാണത്. കൂടാതെ, എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ തയ്യാറാക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് റാം. സമകാലീന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തെന്നിന്ത്യന്‍ നടി തൃഷയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം’, ജീത്തു ജോസഫിന്റെ അഭിമുഖം ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ഹീറോയിസത്തോടുകൂടിയ സാധാരണ മാസ് ചിത്രമായിരിക്കുമെന്നും ജീത്തു ജോസഫ് നേരത്തെ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റിയലിസ്റ്റിക് ഘടകങ്ങളാണ് ചിത്രത്തിന്റെ കാതലെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു. 2022 ജൂണോടെ ചിത്രീകരണം പുനരാരംഭിക്കും. ചിത്രം തിയേറ്റര്‍ റിലീസായിരിക്കും.

ജീത്തു ജോസഫ് തന്നെയാണ് റാമിന് കഥയൊരുക്കുന്നതും. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍, ആദില്‍ ഹുസൈന്‍, സിദ്ദീഖ്, സായ്കുമാര്‍, ലിയോണ ലിഷോയ്, ദുര്‍ഗ കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്.

റാം മോഹന്‍ ഐ.പി.എസ് എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. ദുര്‍ഗ ശിവശക്തി ഐ.പി.എസ് എന്ന പേരില്‍ തൃഷയും. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സൂചനകള്‍ നല്‍കിയായിരുന്നു രണ്ട് വര്‍ഷം മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തിയത്. കൊച്ചി, ഡല്‍ഹി, ധനുഷ്‌കോടി, ചെന്നൈ, കൊളംബോ, ലണ്ടന്‍, ഇസ്താംബുള്‍, കെയ്‌റോ എന്നിവിടങ്ങളിലാവും ഷൂട്ടിങ് എന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു.

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന റാം പ്രേക്ഷകരില്‍ വലിയ പ്രതീക്ഷയാണുയര്‍ത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ട്വല്‍ത്ത് മാനാണ് ഇനി വരാനിരിക്കുന്ന ചിത്രം. റാം പ്രഖ്യാപിച്ചതിന് ശേഷമാണ് ട്വല്‍ത്ത് മാനുമായി ഇരുവരും മുന്നോട്ടുപോയത്.

UPDATES
STORIES