‘ട്വൽത്ത് മാൻ’ ത്രില്ലറല്ല; ഷെർലക്ക് ഹോംസിന്റേയും അഗതാ ക്രിസ്റ്റിയുടേയും കഥകൾ പോലെ: ജീത്തു ജോസഫ്

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ‘ട്വൽത്ത് മാൻ’ മെയ് 20ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തുകയാണ്. ‘ട്വൽത്ത് മാൻ’ ഒരു ത്രില്ലർ അല്ലെന്നും മറിച്ച് അഗത ക്രിസ്റ്റിയുടേയും ഷെർലക് ഹോംസിന്റേയും കഥകൾ പോലെ നിഗൂഢ സ്വഭാവമുള്ളതാണെന്നും സംവിധായകൻ ജീത്തു ജോസഫ് പറയുന്നു. ഒടിടി പ്ലേക്ക് നൽകിയ അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്.

“പാൻഡെമിക് സമയത്ത്, നിലനിന്നിരുന്ന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയുന്ന ഒരു വിഷയത്തെക്കുറിച്ച് ഞങ്ങൾ ആലോചിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങൾ ഇക്കാര്യം ആന്റണി പെരുമ്പാവൂരിനോട് സൂചിപ്പിച്ചത്. അദ്ദേഹം അത് ലാലേട്ടനോട് പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയുമായി മുന്നോട്ട് പോയത്. സിനിമയുടെ ഭൂരിഭാഗവും ഒരു റിസോർട്ടിലാണ് ചിത്രീകരിച്ചത്. ഇതൊരു ത്രില്ലർ അല്ല. അഗത ക്രിസ്റ്റിയുടെയും ഷെർലക് ഹോംസിന്റെയും കഥകൾ പോലെ ഒരു നിഗൂഢത നിറഞ്ഞൊരു സിനിമയാണിത്,” ജീത്തു ജോസഫ് പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍, ഉണ്ണി മുകുന്ദന്‍, അനു സിത്താര എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

നവാഗതനായ കെ.ആര്‍.കൃഷ്ണകുമാറിന്റേതാണ് തിരക്കഥ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് വിനായകന്‍. സംഗീതം ഒരുക്കിയിരിക്കുന്നത് അനില്‍ ജോണ്‍സനാണ്.

രണ്ടുഭാഗങ്ങളിലായെത്തിയ ‘ദൃശ്യ’ത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫ് തയ്യാറാക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ട്വല്‍ത്ത് മാന്‍’. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍നിന്നും അപരിചിതരായ 12 പേര്‍ ഒരു വിജനമായ ബംഗ്ലാവിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗജനകമായ രംഗങ്ങളുമായി ഒരുദിവസത്തെ കഥയാണ് ചിത്രം പറയുന്നത്.

UPDATES
STORIES