2022-ല്‍ നിറഞ്ഞാടാന്‍ മോഹന്‍ലാല്‍; വര്‍ഷത്തിന്റെ ആദ്യപകുതിയിലെത്തുന്ന ചിത്രങ്ങള്‍

ദൃശ്യം 2-ന്റെ വമ്പന്‍ ഹിറ്റോടെയായിരുന്നു 2021ലെ മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്നുവന്ന ചിത്രങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. ഈ തിരിച്ചടികളൊന്നും മോഹന്‍ലാലിന്റെ താരമൂല്യത്തിന് ഇടിവുണ്ടാക്കിയിട്ടില്ലെന്നാണ് പിന്നീടുണ്ടായ ഓരോ സിനിമാ പ്രഖ്യാപനങ്ങള്‍ക്കും ലഭിച്ച സ്വീകാര്യതകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് ലോക്ഡൗണുകള്‍ക്കിടയില്‍ താരത്തിന്റേതായി പല സിനിമകളും അനൗണ്‍സ് ചെയ്യുകയും ഷൂട്ടിങ് ആരംഭിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ്, പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തുന്ന ട്വല്‍ത്ത് മാന്‍ തുടങ്ങിയവയും അണിയറയില്‍ ഒരുങ്ങുന്നു. ഇങ്ങനെ 2022ല്‍ മോഹന്‍ലാല്‍ ചിത്രങ്ങളുടെ വമ്പന്‍ റിലീസുകളാണ് വരാനുള്ളത്.

ബ്രോ ഡാഡി

ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കുന്ന ബ്രോ ഡാഡിയാണ് മോഹന്‍ലാലിന്റേതായി ഈ വര്‍ഷം ആദ്യമെത്തുന്ന ചിത്രം. മോഹന്‍ലാലും പൃഥ്വിരാജും വിവിധ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ജോണ്‍ കാറ്റാടി എന്ന കഥാപാത്രമായി ലാലും അദ്ദേഹത്തിന്റെ മകന്‍ ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജും എത്തുന്നു. ഫീല്‍ഗുഡ് എന്റര്‍ടൈനറാണ് ചിത്രമെന്നും ലൂസിഫറുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നുമാണ് ചിത്രത്തെക്കുറിച്ച് മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. മീനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കല്യാണി പ്രിയദര്‍ശനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹോട്ട്‌സ്റ്റാറിലൂടെ ഡയറക്ട് ഒടിടി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം ജനുവരി അവസാന ആഴ്ചയിലെത്തുമെന്നാണ് വിവരം.

ആറാട്ട്

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ആക്ഷന്‍ ഡ്രാമ. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്ന ടൈറ്റിലിലെത്തുന്ന ചിത്രം 2022 ഫെബ്രുവരി 10 ന് തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മപര്‍വ്വ’വും അതേ ദിവസം റിലീസാകുമെന്നാണ് വിവരം. ഒരേ ദിവസംതന്നെ ‘ആറാട്ടും’ ‘ഭീഷ്മപര്‍വ്വ’വും എത്തുന്നതെങ്കില്‍ സിനിമാ ആരാധകര്‍ കാത്തിരിക്കുന്ന ബോക്‌സ്ഓഫീസ് മത്സരമാവും നടക്കുക. ആറാട്ടിന്റെ കഥാപശ്ചാത്തലം സ്‌കെച്ചുകളിലൂടെ വിവരിച്ചുള്ള ട്രെയ്‌ലര്‍ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. ‘വില്ലന്‍’ എന്ന ചിത്രത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. നെയ്യാറ്റിന്‍കരയില്‍നിന്നും ഒരു പ്രത്യേക കാര്യത്തിനായി പാലക്കാടെത്തുന്ന ഗോപനിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഉദയ കൃഷ്ണയുടേതാണ് തിരക്കഥ.

ട്വല്‍ത്ത് മാന്‍

രണ്ടുഭാഗങ്ങളിലായെത്തിയ ‘ദൃശ്യ’ത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫ് തയ്യാറാക്കുന്ന മോഹന്‍ലാല്‍ ചിത്രം. പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ഫെബ്രുവരി 24ന് ഒടിടി റിലീസായി ചിത്രമെത്തും. മിസ്റ്ററി ത്രില്ലറായാണ് ‘ട്വല്‍ത്ത് മാന്‍’ അണിയറയിലൊരുങ്ങുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത തുറകളില്‍നിന്നും അപരിചിതരായ 12 പേര്‍ ഒരു വിജനമായ ബംഗ്ലാവിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗജനകമായ രംഗങ്ങളുമാണ് ചിത്രം. ജീത്തു ജോസഫ് ബ്രില്യന്‍സിലെത്തുന്ന ത്രില്ലര്‍ ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന്. കെ.ആര്‍ കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്.

റാം

ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയിലെത്തുന്ന ‘റാം’ 2019ല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ചിത്രത്തിന്റെ മറ്റ് വിവരങ്ങളൊന്നും പിന്നീട് ലഭ്യമായിരുന്നില്ല. എന്നിരുന്നാലും ചിത്രം ജൂലൈയോടെ പ്രദര്‍ശനത്തിനെത്തുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ‘റാം’ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു എന്റര്‍ടൈനറാണെന്നും തന്റെ തരം മാസ് സിനിമ എന്ന് വിശേഷിപ്പിക്കാമെന്നുമാണ് റാമിനെക്കുറിച്ച് ജീത്തു ജോസഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ‘വൈകാരിക തലങ്ങളെയും ആക്ഷനെയുമെല്ലാം കൂട്ടിയിണക്കി റിയലിസ്റ്റിക്കായി തയ്യാറാക്കുന്ന ചിത്രമാണത്. എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ തയ്യാറാക്കുന്ന ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രം. സമകാലീന വിഷയത്തെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്. തെന്നിന്ത്യന്‍ നടി തൃഷയാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രം’, ജീത്തു ജോസഫിന്റെ അഭിമുഖം ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ. റാം മോഹന്‍ ഐ.പി.എസ് എന്ന കഥാപാത്രമാണ് മോഹന്‍ലാലിന്റേത്. ദുര്‍ഗ ശിവശക്തി ഐ.പി.എസ് എന്ന പേരില്‍ തൃഷയും. മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ സൂചനകള്‍ നല്‍കിയായിരുന്നു രണ്ട് വര്‍ഷം മുമ്പ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററെത്തിയത്. കൊച്ചി, ഡല്‍ഹി, ധനുഷ്‌കോടി, ചെന്നൈ, കൊളംബോ, ലണ്ടന്‍, ഇസ്താംബുള്‍, കെയ്റോ എന്നിവിടങ്ങളിലാവും ഷൂട്ടിങ് എന്ന റിപ്പോര്‍ട്ടുകളും നേരത്തെ വന്നിരുന്നു. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മോണ്‍സ്റ്റര്‍

പുലിമുരുകന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന ചിത്രം. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പുലിമുരുകന്റെ രചയിതാവായ ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന് തിരക്കഥയൊരുക്കുന്നത്. പുലിമുരുകന്‍ ടീം ഒന്നിക്കുന്ന ചിത്രം അടുത്ത ഹിറ്റായിരിക്കുമെന്നാണ് സിനിമാ പ്രേമികള്‍ വിലയിരുത്തുന്നത്. മോഹന്‍ലാല്‍ ലക്കി സിങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് വിവരം. റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.

എലോണ്‍

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണും ഉടനെത്തുമെന്നാണ് വിവരം. ന്യൂ ഇയര്‍ ആശംസകളോടെ എലോണിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് സംവിധാനകന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘യഥാര്‍ത്ഥ നായകന്മാര്‍ എപ്പോഴും തനിച്ചാണ്’ എന്ന ടാഗ് ലൈനോടെയാണ് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ മാത്രമാണ് ചിത്രത്തില്‍ കഥാപാത്രമായെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. രാജേഷ് കുമാര്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാലും ഷാജി കൈലാസും ഒന്നിക്കുന്നത്. ചിത്രം 2022ല്‍ പ്രദര്‍ശനത്തിന് എത്തുമോ എന്ന കാര്യവും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

UPDATES
STORIES