പള്‍സര്‍ സുനിയുടെ അമ്മയുടെ നിർണായക വെളിപ്പെടുത്തൽ: എല്ലാം ചെയ്തത് ദിലീപിന്‌റ നിര്‍ദ്ദേശ പ്രകാരം, ഗൂഢാലോചനയിൽ മറ്റു പലരും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുകള്‍. നടിയെ ആക്രമിച്ചത് നടന്‍ ദിലീപിനെ വേണ്ടിയാണെന്ന് കേസിലെ മുഖ്യ പ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടെ അമ്മ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് വെളിപ്പെടുത്തല്‍. കൃത്യം നടത്താന്‍ കോടി കണക്കിന് രൂപ ദിലീപ് സുനിലിന് വാഗ്ദാനം ചെയ്തെന്നും അമ്മ പറയുന്നു.

സംഭവത്തില്‍ 2015 മുതലേ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഗൂഢാലോചനയില്‍ ദിലീപിന് ഒപ്പം പലരും പങ്കാളികളായെന്നും ഇവര്‍ പറയുന്നു. ജീവന് ഭീഷണി ഉണ്ടെന്ന് സുനി പറഞ്ഞിരുന്നു. ഒളിവില്‍ കഴിയുമ്പോള്‍ കൊലപെടുത്താന്‍ ശ്രമം നടന്നു. ജയിലില്‍ അപായപ്പെടുത്തും എന്ന് ഭയമുണ്ട്. കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭയക്കുന്നതായും പൾസർ സുനിയുടെ അമ്മ പറയുന്നു.

നടിയെ ആക്രമിച്ച കേസിലെ മറ്റൊരു പ്രതിയായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലും ദുരൂഹതയുണ്ടെന്നാണ് അവർ പറയുന്നത്. വിജേഷ് ഇങ്ങനെ ചെയ്യുമെന്ന് കരുത്തുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോഴെങ്കിലും ഇക്കാര്യങ്ങള്‍ പുറത്ത് പറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ പറയുന്നു.

സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‌റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പള്‍സര്‍ സുനിയുടെ അമ്മയും രംഗത്തെത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തനിക്ക് ദിലീപുമായി സൗഹൃദമുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുണ്ടെന്ന് അറിയാമെന്നും സംവിധാനകന്‍ പറഞ്ഞിരുന്നു.

ആറ് മാസത്തേക്ക് കൂടി വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നും അപേക്ഷയില്‍ പറയുന്നു.

UPDATES
STORIES