‘നല്ല സിനിമ ചെയ്യണോ അതോ ഭരിക്കുന്ന പാര്‍ട്ടി പിന്തുണയ്ക്കുന്ന സിനിമ ചെയ്യണോ?’; പടയുടെ നിര്‍മ്മാതാവ് പറയുന്നു

കെ.എം കമലിന്റെ സംവിധാനത്തിലെത്തിയ പടയും വിവേക് രാജന്‍ അഗ്നിഹോത്രിയുടെ കശ്മീര്‍ ഫയല്‍സും ഒരേ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതാണെങ്കിലും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിട്ടിരിക്കുകയാണ് ഇരു ചിത്രങ്ങളും. ഇപ്പോഴിതാ ഇവ രണ്ടിനെയും താരതമ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് പട സിനിമയുടെ സഹനിര്‍മ്മാതാവ് മുകേഷ് രതിലാല്‍ മെഹ്ത.

‘നല്ല സിനിമയാണോ അതോ സിനിമയ്ക്കപ്പുറം ഭരിക്കുന്ന പാര്‍ട്ടിയുടെ പിന്തുണ ഉറപ്പാക്കാനാവുന്ന ചിത്രമാണോ ചെയ്യേണ്ടത് എന്ന ആശങ്ക ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എനിക്കുണ്ടായിരുന്നു. കശ്മീര്‍ ഫയല്‍സ് റിലീസ് ചെയ്ത അതേദിവസം തന്നെ യഥാര്‍ത്ഥ കഥ പുനരാഖ്യാനം ചെയ്ത പട എനിക്ക് തിയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞത് അവിചാരിതം തന്നെ’, മെഹ്തയുടെ ട്വീറ്റ് ചെയ്തു.

തൊണ്ണൂറുകളിലെ കശ്മീര്‍ കലാപവും കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമാണ് ദ കശ്മീര്‍ ഫയല്‍സിന്റെ ഇതിവൃത്തം. സിനിമ വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിക്കൊണ്ടിരിക്കുകയാണെങ്കിലും യാഥാര്‍ത്ഥ്യത്തില്‍നിന്നും വ്യതിചലിച്ചാണ് സിനിമയില്‍ സംഭവങ്ങളെ പുനസൃഷ്ടിച്ചിരിക്കുന്നതെന്ന വിമര്‍ശനം വ്യാപകമായി ഉയരുന്നുണ്ട്. ചിത്രം വര്‍ഗീയ ധ്രുവീകരണത്തിന് വഴിമരുന്നിടുന്നെന്നും ആരോപണമുണ്ട്. എന്നാല്‍, സിനിമയ്ക്ക് വലിയ പിന്തുണയാണ് ബിജെപി സര്‍ക്കാരുകള്‍ നല്‍കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും രംഗത്തെത്തിയിരുന്നു. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍, ചിന്മയി മാണ്ട്‌ലേകര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ വിവിധ വേഷങ്ങളിലെത്തിയിരിക്കുന്നത്.

1996ല്‍ പാലക്കാട് കളക്ടറെ ബന്ധിയാക്കി അയ്യങ്കാളിപ്പടയിലെ നാല് നേതാക്കള്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ നേര്‍ ആഖ്യാനമാണ് കമലിന്റെ പടയിലേത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതും. കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ചരിത്രത്തിന്റെ സത്യസന്ധമായ പുനരാഖ്യാനം എന്ന നിലയിലാണ് ശ്രദ്ധേയമായിരിക്കുന്നതും.

UPDATES
STORIES