രഞ്ജിന്‍ രാജ്: ജോസഫ് മുതല്‍ കാവല്‍ വരെ സസ്‌പെന്‍സ് ഡ്രാമകള്‍ക്ക് സംഗീതമൊരുക്കിയ മെലഡീ മേക്കര്‍

/ November 30, 2021

വിജയ് യേശുദാസ് മനോഹരമാക്കിയ ജോസഫിലെ ‘പൂമുത്തോളെ നീയെരിഞ്ഞ വഴിയില്‍ ഞാന്‍…’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ ജനനം മുതല്‍ മലയാളി മനസിലേറ്റിയ സംഗീത സംവിധായകനാണ് രഞ്ജിന്‍ രാജ്. നിഥിന്‍ രണ്‍ജി പണിക്കരുടെ കാവല്‍ മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുമ്പോള്‍ ചര്‍ച്ചയാവുന്ന മറ്റൊരു പേര് രഞ്ജിന്റേതാണ്. ചിത്രത്തില്‍ പാട്ടുകളൊരുക്കിയതുംപശ്ചാത്തല സംഗീതം ചെയ്തതും രഞ്ജിന്‍ തന്നെ.

കാവലിനെ ഒരു സംഗീത യാത്രയായി അടയാളപ്പെടുത്താനാണ് രഞ്ജിന്‍ ഇഷ്ടപ്പെടുന്നത്. കഥാപാത്രങ്ങളിലൂടെ കയറിയിറങ്ങിപ്പോകുന്ന തരത്തിലാണ് കാവലിന് സംഗീതമൊരുക്കിയതും. ‘പശ്ചാത്തല സംഗീതത്തിന് ഈ സിനിമയില്‍ വലിയ റോളുണ്ട്. ഒരുപാട് മ്യൂസിക്കല്‍ ഗ്രാഫുള്ള സിനിമയാണ്. കഥാപാത്രങ്ങളുടെ വൈകാരിക വ്യതിയാനങ്ങളും ഉയര്‍ച്ച താഴ്ചകളുമൊക്കെയുണ്ട്. അത് വളരെ വെല്ലുവിളിയുള്ള ഉത്തരവാദിത്തമായിരുന്നു. മാസ് ഡയലോഗുകള്‍ക്കിടയിലും പാട്ടുകള്‍ മെലഡിയാണ്. സിനിമയുമായി ഒത്തിണങ്ങിപ്പോവുന്ന മെലഡികളാണ് ഞാന്‍ ചെയ്തത്’, രഞ്ജിന്‍ പറയുന്നു.

ജോസഫിലെ പാട്ടുകള്‍ കേട്ടിട്ടാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ രഞ്ജിന്‍ രാജിനെ കാവലിലേക്ക് വിളിക്കുന്നത്. ആ പാട്ട് കേട്ടപ്പോള്‍ത്തന്നെ രഞ്ജിന് നന്നായി ബിജിഎം ചെയ്യാന്‍ കഴിയുമെന്ന് തോന്നിയിരുന്നെന്ന് നിഥിന്‍ പറയുന്നു. ജോസഫ് തന്നെയാണ് കാവലിലേക്കുള്ള വഴി തുറന്നതെന്ന് രഞ്ജിനും സമ്മതിക്കുന്നു.

സിനിമയുടെ കഥയുമായും സന്ദര്‍ഭങ്ങളുമായും ഏറ്റവും അടുത്തു നില്‍ക്കുന്ന പശ്ചാത്തല സംഗീതമാണ് രഞ്ജിന്‍ കാവലിനായി ഒരുക്കിയത്. അതിഭാവുകത്വം വരുത്താതെയും എന്നാല്‍ താഴെപ്പോകാതെയും ഇടയില്‍നില്‍ക്കുന്ന മട്ടിലാണ് ചെയ്തിട്ടുള്ളത്. വിഷ്വല്‍സിനെയും സീക്വന്‍സിനെയും മൂര്‍ച്ചപ്പെടുത്താന്‍ സംഗീത സംവിധായകന്‍ ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നിഥിന്‍ പറയുന്നു. ഏറ്റവും പുതിയ തലമുറയേക്കാളും അതിന് തൊട്ടുമുകളിലുള്ള തലമുറയ്ക്ക്‌ നന്നായി ആസ്വദിക്കാന്‍ കഴിയുന്ന മെലോഡിയസ് ഫീലുള്ള പാട്ടുകളാണ്. കേട്ടുമറക്കുന്നതിനേക്കാളും ആളുകളുടെ ഉള്ളില്‍ തങ്ങി നില്‍ക്കുന്ന തരത്തിലാണ് പാട്ടുകളും ചിട്ടപ്പെടുത്തിയിരിക്കുന്നത്.

രഞ്ജിന്‍ രാജ് കെ.എസ് ചിത്രയ്ക്കും നിഥിന്‍ രണ്‍ജി പണിക്കര്‍ക്കുമൊപ്പം

‘ലേലത്തിലൊക്കെ കഥാപാത്രത്തെയും സംഭാഷണങ്ങളെയും മൂര്‍ച്ചപ്പെടുത്താന്‍ പശ്ചാത്തല സംഗീതത്തില്‍ ചില നിശബ്ദതകളുണ്ട്. തുടക്കം മുതല്‍ അവസാനം വരെ മ്യൂസിക്ക് എന്ന രീതി കാവലിലും പിന്തുടര്‍ന്നിട്ടില്ല. ആവശ്യമുള്ള സ്ഥലങ്ങളില്‍ മാത്രമാണ് സംഗീതം കൊടുത്തത്. ബാക്കി സൗണ്ട് എഫക്ട്‌സിന് വിട്ടുകൊടുത്തു. സിനിമ മുഴുവന്‍ പശ്ചാത്തല സംഗീതം നിറയ്ക്കുന്ന രീതിയിലല്ല സ്‌കോറൊന്നും ഡിസൈന്‍ ചെയ്തത്. ആവശ്യമുള്ളയിടങ്ങളില്‍ മാത്രം മ്യൂസിക്കിന് പ്രാധാന്യം നല്‍കി. ചിലയിടങ്ങളില്‍ ഡൗണായും സൗണ്ട് എഫക്ട്‌സിന് പ്രാധാന്യം കൊടുത്തുമൊക്കെയാണ് ചെയ്തത്. സുരേഷ് ഗോപി-രഞ്ജിപണിക്കര്‍ കൂട്ടുകെട്ടില്‍ നമ്മള്‍ കേട്ട് ശീലിച്ചിട്ടുള്ള ഒരുപാട് ക്ലാസിക് മ്യൂസിക്കുകളുണ്ട്. അത് സ്വാഭാവികമായും കാവലിനെയും സ്വാധീനിച്ചിട്ടുണ്ടാവാം. മനപ്പൂര്‍വമല്ല’. ചെറുപ്പംമുതലേ കണ്ടതും സ്‌നേഹിച്ചതുമായ സിനിമകളാണല്ലോ അതെല്ലാമെന്നും രഞ്ജിന്‍.

കാണെക്കാണെ

ഒടിടിയില്‍ റിലീസായ മനു അശോകന്‍ ചിത്രം ‘കാണെക്കാണെ’യ്ക്കും പശ്ചാത്തല സംഗീതവും പാട്ടുകളുമൊരുക്കിയത് രഞ്ജിന്‍ രാജാണ്. ചിത്രത്തില്‍ സിതാര കൃഷ്ണകുമാര്‍ പാടിയ ‘പാല്‍ നിലാവിന്‍ പൊയ്കയില്‍’ എന്ന ഗാനം ഹിറ്റായി. മലയാളി സംഗീത പ്രേമികള്‍ക്ക് കേട്ടുകേട്ടാസ്വദിക്കാന്‍ പോന്ന മെലഡിയായി ഈ പാട്ട് രേഖപ്പെടുത്തപ്പെട്ടുകഴിഞ്ഞു.

താരതമ്യേന ചെറുപ്പക്കാരനായ കംപോസറാണെങ്കിലും എന്ത് വേണം എന്നതിനെക്കുറിച്ച് രഞ്ജിന് നല്ല ബോധ്യമുണ്ട്. കൃത്യമായ ധാരണകളുണ്ട്. അത് നമ്മളോട് പറഞ്ഞ് മനസിലാക്കി വളരെ ഡീറ്റെയിലായി റെക്കോര്‍ഡിങ് ചെയ്യുന്ന ശൈലിയായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്

സിതാര കൃഷ്ണകുമാര്‍

കാണെക്കാണെയുടേത് തീക്ഷണമായ പ്രമേയമാണ്. ആ പ്രമേയത്തോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടായിരുന്നു രഞ്ജിന്‍ ഒരുക്കിയതും. ഇത്തരമൊരു മെലഡി സാധിച്ചതിനെക്കുറിച്ച് പിന്നീട് പലരും ചോദിച്ചെന്ന് സിതാര. പോകെപ്പോകെയാണ് ആളുകള്‍ക്ക് ആ പാട്ടിനോട് ഒരിഷ്ടം വന്നത്. പതിയെപ്പതിയെ ആളുകള്‍ അവരുടെ പ്ലേലിസ്റ്റില്‍ ചേര്‍ത്തു. ‘ഇപ്പോഴും പലരും ആ പാട്ടിനെക്കുറിച്ച് പറയാറുണ്ട്. എനിക്ക് വളരെ നല്ല അനുഭവമായിരുന്നു അത്. രഞ്ജിന്‍ ഇപ്പോള്‍ ഏറ്റവും മനോഹരമായി പാട്ട് ചിട്ടപ്പെടുത്തുന്ന യുവ കംപോസര്‍മാരില്‍ ഒരാളാണ്. അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്നത് രസകരമായ നിമിഷമായിരുന്നു’, ‘പാല്‍നിലാവില്‍’ ഒരുക്കിയതിനെക്കുറിച്ച് സിതാര പറയുന്നു.

സിതാരയും രഞ്ജിനും

വളരെ സൂക്ഷ്മതയോടെ ചെയ്ത സിനിമയായിരുന്നെന്ന് രഞ്ജിന്‍ പറയുന്നു. ‘നിഗൂഢമായെന്നവണ്ണം യാത്ര ചെയ്യേണ്ട സിനിമയായിരുന്നു കാണെക്കാണെ. സൂക്ഷ്മമായ കാര്യങ്ങളിലൂടെയാണ് സിനിമ മുന്നോട്ടുനീങ്ങുന്നത്. എന്നാലത് വളരെ സാരവത്തായ കാര്യങ്ങളുമായിരുന്നു. ഒരു അനസ്‌തേഷ്യ ചെയ്യുന്നതുപോലെ അത്രയും കരുതലോടെ ചെയ്യേണ്ട സിനിമയായിരുന്നു’, അങ്ങനെ സൂക്ഷ്മതയോടെ ചെയ്ത സിനിമകൂടിയാണതെന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിന്‍ രാജിന്റെ ഹിറ്റ് പാട്ട് പൂമുത്തോളെയ്ക്ക് വരികളെഴുതിയ അജീഷ് ദാസനും പറയുന്നത് രഞ്ജിന്റെ പാട്ടിനോടുള്ള സമര്‍പ്പണത്തെക്കുറിച്ചാണ്. രാജീവ് രവിയുടെ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു രഞ്ജിനും അജീഷ് ദാസനും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച. ‘പൂമുത്തോളെ’ എന്ന പാട്ടിന്റെ സംഗീതം രഞ്ജിന്‍ കംപോസ് ചെയ്തു. അതുകേട്ട് അജീഷ് വരികളെഴുതി. ‘പാട്ടിന്റെ ഓരോ ഘട്ടത്തിലും രഞ്ജിന്റെ പിന്തുണ ഉണ്ടായിരുന്നു . പാട്ടില്‍ ജോജു ജോര്‍ജ് ചില മാറ്റങ്ങള്‍ പറഞ്ഞു. ആ മാറ്റങ്ങള്‍ക്കുവേണ്ടി കുറച്ച് ദിവസങ്ങള്‍ എനിക്ക് ചെലവഴിക്കേണ്ടി വന്നു. അപ്പോഴെല്ലാം ഒരു കൂട്ടുകാരനെപ്പോലെ രഞ്ജിന്‍ കൂടെ നിന്നു. ഞങ്ങള്‍ ഒരുമിച്ചുണ്ടാക്കിയ ആ പാട്ട് വലിയ ഹിറ്റായി. ആളുകളിന്നും ആ പാട്ട് എഴുതിയതിന്റെ പേരില്‍ എന്നെയും ചിട്ടപ്പെടുത്തിയതിന്റെ പേരില്‍ രഞ്ജിനെയും സ്‌നേഹിക്കുന്നുണ്ട്’, അജീഷ് ദാസന്‍ പറയുന്നതിങ്ങനെ.

മെലഡികളുടെ സംവിധായകന്‍

രഞ്ജിന്‍ രാജിന്റെ ഹിറ്റായ പാട്ടുകളില്‍ മിക്കവയും മെലഡികളാണ്. കഥാപാത്രങ്ങളുടെ വൈകാരികതകളുടെ മേല്‍ മാത്രം നില്‍ക്കരുതെന്നും കഥയിലൂടെ യാത്രചെയ്യണമെന്നുമുള്ള രഞ്ജിന്റെ ആഗ്രഹമാവാം ഈ ഹിറ്റ് മെലഡികള്‍ സൃഷ്ടിച്ചത്. ‘മെലഡികള്‍ ചെയ്യാന്‍ മാത്രമാണ് താല്‍പര്യം എന്നല്ല. പക്ഷേ, മെലഡികള്‍ ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍ അത് കൂടുതല്‍ ആസ്വദിച്ച് ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എല്ലാ ഴോണ്‍റെ പാട്ടുകളും ചെയ്യാന്‍ ഇഷ്ടമാണ്. പക്ഷെ, മെലഡികള്‍ ചെയ്യാനാണ് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടുള്ളത്. കാവലിലൊക്കെ മെലഡിയായിരുന്നു ആവശ്യം’, തന്റെ മെലഡി മോഡിനെ രഞ്ജിന്‍ വിലയിരുത്തുന്നത് ഇങ്ങനെയാണ്.

ഈണം വരുന്ന വഴി

തീം മനസിലേക്ക് വരുമ്പോള്‍ കീബോര്‍ഡില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ആദ്യം ചെയ്തുവെക്കും. ലൈവ് ഇന്‍സ്ട്രമെന്റ്്‌സ് ആവശ്യമുണ്ടെങ്കില്‍ അതിന് ശേഷം അതിലേക്ക് കടക്കും. അതാണ് ടെക്‌നിക്കല്‍ പ്രോസസ്. എന്തൊക്കെ ഇന്‍സ്ട്രമെന്റ്‌സ് വേണമെന്ന് മനസില്‍ പലകുറി ആലോചിച്ചിട്ടാണ് ഫൈനല്‍ ഔട്ടിലേക്ക് പോവുന്നത്. കാവലിലൊക്കെ അങ്ങനെയാണ് ചെയ്തതെന്ന് രഞ്ജിന്‍.

സംവിധായകനും സംഗീത സംവിധായകനും തമ്മില്‍…

സംവിധായകന്റെ സിനിമയില്‍ അദ്ദേഹം ഉദ്ദേശിക്കുന്ന വൈകാരികതകളിലൂടെ സഞ്ചരിക്കുക എന്ന വലിയ ഉത്തരവാദിത്വം സംഗീത സംവിധായകനുണ്ട്. തെല്ലിടപോലും അതില്‍നിന്നും വ്യതിചലിക്കാതെ ചെയ്യണം. എങ്കില്‍ മാത്രമേ സംവിധായകന്‍ ഉദ്ദേശിച്ച വൈകാരിക തലം പുറത്തേക്ക് വരുള്ളൂ. എന്താണ് വേണ്ടതെന്ന് സംവിധായകനോടൊപ്പമിരുന്ന് ചോദിച്ച് മനസിലാക്കാറുണ്ട് രഞ്ജിന്‍. സംവിധായകന്‍ ഉദ്ദേശിക്കുന്ന മ്യൂസിക്, അല്ലെങ്കില്‍ അതിന്റെ സ്വഭാവമൊക്കെ പടം തുടങ്ങുന്നതിന് മുമ്പേ തന്നെ ആലോചിച്ച് തീരുമാനിക്കും. ഓരോ ഘട്ടത്തിലും സംവിയാകന്റെ കൂടെ ഇരിക്കും. എങ്കില്‍ മാത്രമേ എടുത്തുവെച്ച സിനിമയുടെ ഇമോഷന്‍ തന്നെയാണോ നമ്മള്‍ പകര്‍ത്തിയതെന്ന് മനസിലാവുള്ളെന്ന് രഞ്ജിന്‍ വിവരിക്കുന്നു.

‘സിനിമയുടെ വികാരത്തെ ഉയര്‍ത്തുക എന്ന വലിയ ഉത്തരവാദിത്വം സംഗീതത്തിനുണ്ട്. അവസാന ഔട്ടിലേക്ക് എത്തുന്നതുവരേക്കും അതൊരു ശ്രമകരമായ പണി തന്നെയാണ്. അതില്‍ സൗണ്ട് എഫ്ക്ട്‌സിന് വലിയ പ്രാധാന്യമുണ്ട്. അതുപോലെത്തന്നെ സംഭാഷണങ്ങളും മ്യൂസിക്കും തമ്മിലൊരു മനോഹരമായ കൂടിച്ചേരലുണ്ട്. സിനിമയുടെ അവസാന ഘട്ടത്തില്‍ പണിയെടുക്കുന്ന ആളുകളിലേക്ക് അതെത്തിക്കുന്നതടക്കം വലിയ പ്രക്രിയയാണത്. ശ്രമകരവുമാണ്’, രഞ്ജിന്‍ പറയുന്നു.

സിനിമാ ആസ്വാദകര്‍ക്കിടയില്‍നിന്ന് ഇപ്പോള്‍ വളരെയധികം വലിയ സ്ഥാനം പശ്ചാത്തല സംഗീതത്തിന് ലഭിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം ആളുകള്‍ സൂക്ഷ്മമായി ശ്രദ്ധിക്കാന്‍ തുടങ്ങി. പാട്ടുകളോടൊപ്പം തന്നെ സിനിമയുടെ ബാക്ക്ഗ്രൗണ്ട് സ്‌കോറുകളും ചര്‍ച്ചയാവുന്നു. മുമ്പും പശ്ചാത്തല സംഗീതത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. എങ്കില്‍ക്കൂടിയും സാധാരണക്കാരിലേക്ക് എത്തുന്നത് കുറവായിരുന്നു. പക്ഷേ, ഇപ്പോഴത് അങ്ങനെയല്ല. ഈ സാഹചര്യത്തില്‍ സംഗീത സംവിധായകന്‍ ആളുകള്‍ക്ക് ഇഷ്ടപ്പെടുന്ന എന്തൊക്കെയോ കാര്യങ്ങള്‍ സിനിമയുടെ ഒപ്പം നിന്നുകൊണ്ട് ചെയ്യേണ്ടതായി വരാറുണ്ടെന്നാണ് രഞ്ജിന്റെ അനുഭവം. അത് ഇഷ്ടമുള്ള പ്രക്രിയകൂടിയാണ് രഞ്ജിന്. സാധാരണക്കാരിലേക്ക് പശ്ചാത്തലസംഗീതം എത്തുന്നു എന്നത് സംഗീത സംവിധായകന്‍ എന്ന നിലയില്‍ വലിയ സന്തോഷം തരുന്ന കാര്യമാണെന്നും രഞ്ജിന്‍.

സംഗീത സംവിധാനത്തിലേക്ക്‌

നന്നേ ചെറുപ്പത്തില്‍, നാലാമത്തെ വയസുമുതല്‍ രഞ്ജിന്‍ സ്റ്റേജുകളില്‍ പാടിത്തുടങ്ങി. പിന്നീട് അമ്മയുടെ പിന്തുണയോടെ കര്‍ണാടിക് സംഗീതം പഠിച്ചു. 2007ല്‍ റിയാലിറ്റി ഷോയിലൂടെയാണ് മലയാള സിനിമാ ഗാന രംഗത്തേക്കെത്തുന്നത്. ഷോയില്‍ വിജയിയായില്ലെങ്കിലും പാട്ട് രഞ്ജിന്റെ കൂടെത്തന്നെയുണ്ടായിരുന്നു. പിന്നീടങ്ങോട്ട് സംഗീതത്തില്‍ അദ്ദേഹം ഒരുപാട് പഠിച്ച് മുന്നേറി. കന്നഡയില്‍ സാല്‍ഡല്‍വുഡ് ഗുരു എന്ന ചിത്രത്തോടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ഗായകനായിട്ടായിരുന്നു ആ തുടക്കം. പിന്നീട് മലയാളം സിനിമയില്‍ ചെറിയ പാട്ടുകള്‍ പാടി. തുടര്‍ന്ന് ടിവി ചാനലില്‍ ആങ്കറായി രഞ്ജിനെത്തി. പിന്നെ പരസ്യങ്ങള്‍ക്ക് സംഗീതം നല്‍കി.

എന്നിരുന്നാലും സംഗീത സംവിധായകനാവണമെന്നതായിരുന്നു രഞ്ജിന്റെ സ്വപ്നം. ചാനലിലെ സുഹൃത്ത് വഴിയാണ് നിത്യഹരിത നായകനിലെത്തുന്നത്. നിത്യഹരിത നായകനും ജോസഫും ഒരേ ദിവസമായിരുന്നു റിലീസ്. ജോസഫിലെ ഗാനങ്ങള്‍ ഹിറ്റായതുമുതല്‍ പിന്നീടിതുവരെ മലയാള സിനിമാ ഗാന ചരിത്രത്തിലേക്ക് കഴിവുറ്റ യുവ സംഗീത സംവിധാകന്‍ എന്ന് തന്റെ പേര് കോറിയിടുന്ന സംഗീതമാണ് രഞ്ജിന്‍ രാജില്‍നിന്നും ഉണ്ടായത്.

സിനിമ തന്നെയായിരുന്നു രഞ്ജിന്‍ ആഗ്രഹിച്ചത്. അതില്‍ ഇനിയും മുന്നോട്ടുകയറേണ്ട ഒരുപാട് പടികളുണ്ട്. ‘കുറേക്കൂടി പര്യവേക്ഷണം നടത്താനുണ്ട്. സംഗീതത്തില്‍ കൂടുതല്‍ പെര്‍ഫെക്ഷനിലേക്ക് പോകണമെന്നാണ് ആഗ്രഹം’, രഞ്ജിന്‍ പറയുന്നു.

UPDATES
STORIES