‘പ്രൊജക്ടറില്‍ നിന്നും വന്ന മാജിക് ലൈറ്റ് കാണിച്ച സ്വപ്‌നം’; ‘നൈറ്റ് ഡ്രൈവ്’ ട്രെയ്‌ലര്‍ പങ്കുവെച്ച് തിരക്കഥാകൃത്ത്

വൈശാഖ് ചിത്രം ‘നൈറ്റ് ഡ്രൈവി’ന്റെ ട്രെയിലറെത്തി. റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് എന്നിവരെ അണിനിരത്തി ഒരു സര്‍വൈവല്‍ ക്രൈം ത്രില്ലറാണ് വൈശാഖ് ഇത്തവണ ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. പ്രണയിതാക്കളായ റോഷന്റേയും അന്നയുടേയും കഥാപാത്രങ്ങള്‍ ഒരു രാത്രി യാത്രക്കിടെ അകപ്പെടുന്ന പ്രതിസന്ധിയാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, മുത്തുമണി എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്. തന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നതെന്ന് ട്രെയ്‌ലര്‍ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു. ചലച്ചിത്ര ലോകം സ്വപ്‌നം കാണുന്നവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ് അഭിലാഷിന്റെ പ്രതികരണം.

കുട്ടിക്കാലത്ത് പിതാവ് തിയേറ്ററില്‍ കൊണ്ടുപോയി കാണിച്ചതാണ് തന്റെ സിനിമാ ലോകത്തേക്കുള്ള ആദ്യ ചവിട്ടുപടിയെന്ന് അഭിലാഷ് പിള്ള പറയുന്നു. ‘പത്തനംതിട്ട അനുരാഗ് തിയേറ്ററില്‍ അച്ഛന്‍ പണ്ട് കൊണ്ടുപോയ ദിവസമാണ് പ്രൊജക്ടറില്‍ നിന്നും വരുന്ന ആ മാജിക് ലൈറ്റ് ആദ്യമായി എന്റെ ജീവിതത്തില്‍ ഞാന്‍ കാണുന്നത്.അന്ന് തിയേറ്ററില്‍ കേട്ട കൈയടി മലയാള സിനിമ കണ്ട വലിയ ഹിറ്റുകളില്‍ ഒന്നിന് വേണ്ടിയുള്ളതായിരുന്നു. ലാലേട്ടന്റെ ദേവാസുരം.’ ആ കൈയടിയും പ്രൊജക്ടര്‍ ലൈറ്റും ജീവിതത്തിന്റെ ഭാഗമാകും എന്ന ചിന്ത ഒരുപക്ഷെ താന്‍ പോലുമറിയാതെ ഉള്ളില്‍ കയറിക്കൂടിയതാകാമെന്ന് അഭിലാഷ് പറഞ്ഞു.

പിന്നീട് ഓര്‍മവെച്ച കാലം മുതല്‍ മനസ്സില്‍ കൊണ്ട് നടന്ന ആ വലിയ സ്വപ്നം അതിനു വേണ്ടി വര്‍ഷങ്ങള്‍ അലഞ്ഞു, കൂട്ടിന് അച്ഛന്‍ തന്ന ധൈര്യവും, സിനിമയോടുള്ള ഇഷ്ടവും അത് നേടിയെടുക്കണം എന്ന വാശിയും മാത്രം.

അഭിലാഷ് പിള്ള

കാരണം സിനിമ എന്ന സെല്ലുലോയ്ഡ് മാജിക് തനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണെന്നും തിരക്കഥാകൃത്ത് കൂട്ടിച്ചേര്‍ത്തു.

ഇത്തവണ വ്യത്യസ്തമായ ഒന്നിന് വേണ്ടിയാണ് ശ്രമിക്കുന്നതെന്ന് വൈശാഖ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഷാജി കുമാറാണ് നൈറ്റ് ഡ്രൈവിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. രഞ്ജിന്‍ രാജ് ഗാനങ്ങളും പശ്ചാത്തലസംഗീതവും ഒരുക്കുന്നു. വരികള്‍ മുരുകന്‍ കാട്ടാക്കട. എഡിറ്റിങ്ങ് സുനില്‍ എസ് പിള്ള. കലാ സംവിധാനം ഷാജി നടുവില്‍. സംഘട്ടനം മാഫിയ ശശി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍ക്കോട്ട. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്റോ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മോഹന്‍ലാലിനെ നായകനാക്കി ‘പുലിമുരുകന്‍’, മമ്മൂട്ടിയുടെ ‘മധുരരാജ’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് യുവ താരനിരയുമായി എത്തുന്നത് കൗതുകമുണര്‍ത്തുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ‘മോണ്‍സ്റ്റര്‍’ എന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രവും വൈശാഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

UPDATES
STORIES