എന്റെ മകൾ വിശ്വസിക്കുന്നത് എനിക്ക് സൂപ്പർ പവർ ഉണ്ടെന്നാണ്: ടൊവിനോ തോമസ്

മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം കണ്ടതിന് ശേഷം ടൊവിനോ തോമസിന്റെ മകൾ ഇസ വിശ്വസിക്കുന്നത് തന്റെ അച്ഛന് അമാനുഷിക ശക്തി ഉണ്ടെന്നാണ്. ഇത് പറയുന്നത് മറ്റാരുമല്ല, ടൊവിനോ തന്നെയാണ്. റൌണ്ട് ടേബിൾ വിത്ത് രാജീവ് മസന്ദ് എന്ന നെറ്റ്ഫ്ലിക്സ് ടോക്ക് ഷോയിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്. ബോളിവുഡ് അഭിനേതാക്കളായ താപ്സി പന്നു, കൊങ്കണ സെൻ ഷർമ, സാന്യ മൽഹോത്ര, രവീണ ടാണ്ടൺ, ആദർശ് ഗൌരവ് എന്നിവരും പരിപാടിയുടെ ഭാഗമായിരുന്നു.

“കുട്ടിയായിരിക്കുമ്പോൾ എന്റെ ഏറ്റവും വലിയ ആഗ്രഹം എനിക്ക് സൂപ്പർ ഹീറോ ആകണമെന്നും എന്നെ എല്ലാവരും സ്നേഹിക്കണമെന്നുമായിരുന്നു. എന്നാൽ വലുതായപ്പോൾ എനിക്ക് മനസിലായി ഇത് രണ്ടും നടക്കാൻ പോകുന്നില്ലെന്ന്. പക്ഷെ സിനിമയിൽ വന്നപ്പോൾ കുറേ പേർ എന്നെ സ്നേഹിക്കാൻ തുടങ്ങി. ഒരുപാട് പേരിൽ നിന്നും നിരുപാധികമായ സ്നേഹം എനിക്ക് ലഭിക്കുന്നുണ്ട്. മിന്നൽ മുരളി എന്ന സിനിമയിലൂടെ എനിക്ക് സ്ക്രീനിലെങ്കിലും ഒരു സൂപ്പർ ഹീറോ ആകാനും സാധിച്ചു. എന്റെ ഈ രണ്ടാഗ്രഹവും കുറച്ചെങ്കിലും നടന്നു. കുടുംബത്തോടൊപ്പം ബേസിലിന്റെ വീട്ടിൽ ഇരുന്നാണ് ഞങ്ങൾ മിന്നൽ മുരളി കണ്ടത്. എന്റെ മകൾ ഇപ്പോഴും വിശ്വസിക്കുന്നത് എനിക്ക് സൂപ്പർ പവർ ഉണ്ടെന്നാണ്. വളർന്നു വലുതായി അവൾ മനസിലാക്കട്ടെ അവളുടെ അച്ഛൻ ഒരു സൂപ്പർ ഹീറോ അല്ല എന്ന്. പക്ഷെ അതുവരെ ഞാൻ ഇത് എൻജോയ് ചെയ്യും,” ടൊവിനോ പറഞ്ഞു. എന്നാൽ വളർന്നു വലുതാകുമ്പോൾ ഇസയുടെ സൂപ്പർ ഹീറോ തന്നെയായിരിക്കും ടൊവിനോ എന്നായിരുന്നു രവീണയുടെ പ്രതികരണം.

Read More: ‘മിന്നൽ മുരളി’ മിന്നിച്ചു: റിവ്യൂ

മിന്നൽ മുരളി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരം എന്ന നിലയിലേക്കാണ് ടൊവിനോ വളർന്നിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിൽ ടൊവിനോയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.

ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുന്ന ജയ്‌സണ്‍ എന്ന കേന്ദ്രകഥാപാത്രത്തിലൂന്നിയാണ് ബേസില്‍ ജോസഫ് മിന്നല്‍ മുരളി ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം, ജൂഡ് ആന്തണി, മാമുക്കോയ, ഷെല്ലി കിഷോര്‍, മാസ്റ്റര്‍ വസിഷ്ട്, പി ബാലചന്ദ്രന്‍, ബൈജു സന്തോഷ്, ഫെമിന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ പ്രദര്‍ശനം തുടരുകയാണ്.

UPDATES
STORIES