എന്റെ ആദ്യ സിനിമയ്ക്ക് ഡബ്ബ് ചെയ്തത് ദിലീഷ് പോത്തൻ: ഗുരു സോമസുന്ദരം

മിന്നൽ മുരളി കണ്ടവരെല്ലാം നായകനെ പോലെ ഹൃദയത്തോട് ചേർന്ന കഥാപാത്രമാണ് പ്രതിനായകനായ ഷിബുവിന്റേതും. തമിഴ് നടനായ ഗുരുസോമസുന്ദരമായിരുന്നു ഷിബു എന്ന കഥാപാത്രത്തെ സ്ക്രീനിൽ അവിസ്മരണീയമാക്കിയത്. എന്നാൽ മിന്നൽ മുരളി ഗുരുവിന്റെ ആദ്യ മലയാള ചലച്ചിത്രമല്ല. 2013ൽ പുറത്തിറങ്ങിയ അഞ്ചുസുന്ദരികൾ എന്ന ആന്തോളയിജിൽ ഒരു പ്രധാന വേഷം ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

എം.മുകുന്ദന്റെ ചെറുകഥയെ ആസ്പദമാക്കി ഷൈജു ഖാലിദാണ് ഈ ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ ക്രൂരനായ ഫോട്ടോഗ്രാഫറായി എത്തിയത് ഗുരു സോമസുന്ദരം ആയിരുന്നു. തന്റെ ആ കഥാപാത്രത്തിന് ശബ്ദം നൽകിയത് മലയാള സിനിമയിലെ പ്രമുഖ സംവിധായകൻ ദിലീഷ് പോത്തനായിരുന്നു എന്ന് ഗുരു പറയുന്നു.

“5 സുന്ദരികൾ എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന് ദിലീഷ് പോത്തൻ ഡബ്ബ് ചെയ്തിരുന്നു. ഈ സിനിമയിലും എനിക്ക് ഡബ്ബ് ചെയ്യാൻ ദിലീഷ് പോത്തനെ വിളിക്കേണ്ടി വരുമെന്ന് ബേസിൽ കളിയാക്കാറുണ്ടായിരുന്നു. അതുകേൾക്കുമ്പോൾ എനിക്ക് ചെറിയ ദേഷ്യം വരും. മലയാളം എനിക്കൊരു പുതിയ ഭാഷയായിരുന്നു. അത് പഠിക്കാനും എനിക്ക് കഴിയുന്നത്ര നന്നായി അവതരിപ്പിക്കാനും ഞാൻ പരമാവധി ശ്രമിച്ചു. എന്നിട്ടും, എന്റെ ഉച്ഛാരണം കൃത്യമായിരുന്നില്ല. പക്ഷേ, ഷിബു ദാസിനെ കൊല്ലുന്ന രംഗം ഞാൻ അവതരിപ്പിച്ചതിന് ശേഷം, മറ്റാർക്കും എനിക്ക് ഡബ് ചെയ്യാൻ കഴിയില്ലെന്ന് ബേസിൽ എന്നോട് പറഞ്ഞു. എനിക്ക് അത് സ്വയം ചെയ്യേണ്ടിവന്നു,” ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഗുരു ഇക്കാര്യം പറഞ്ഞത്.

മിന്നൽ മുരളി കാണുന്നവർക്ക് മാനസിക പ്രശ്‌നങ്ങൾ അനുഭവിക്കുന്നവരെ മനസിലാക്കാനും അവരോട് അനുകമ്പയോടെ പെരുമാറാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗുരു സോമസുന്ദരം പറയുന്നു. നമ്മുടെ രാജ്യത്ത് മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം ഒട്ടുംതന്നെയില്ലെന്നും ഗുരു കരുതുന്നു.

“ഞാൻ പതിനൊന്നാം ക്ലാസിലോ പന്ത്രണ്ടാം ക്ലാസിലോ പഠിക്കുമ്പോൾ എനിക്ക് മാസികമായ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. എന്റെ സഹോദരൻ എന്നെ ഒരു സൈക്യാട്രിസ്റ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി. എന്റെ പ്രശ്‌നങ്ങൾ കൗമാരവുമായി ബന്ധപ്പെട്ടതാണെന്ന് ഡോക്ടർ എന്നോട് പറഞ്ഞു. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന കാര്യങ്ങളിൽ അദ്ദേഹം എനിക്ക് വ്യക്തത നൽകി. എന്റെ സാഹചര്യം മനസ്സിലാക്കാനും ശരിയായ വഴി തിരഞ്ഞെടുക്കാനും അത് എന്നെ സഹായിച്ചു. പക്ഷേ, എല്ലാവരും ഒരാളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ശ്രദ്ധാലുവായിരിക്കില്ല, സമ്മർദ്ദത്തിലോ ആശയക്കുഴപ്പത്തിലോ ആയിരിക്കുമ്പോൾ പ്രൊഫഷണൽ സഹായം തേടുക. മാനസികാരോഗ്യത്തെക്കുറിച്ച് വേണ്ടത്ര അവബോധം ഉള്ളപ്പോൾ, ഷിബു ജീവിക്കാനോ മരിക്കാനോ അർഹനാണോ തുടങ്ങിയ ചോദ്യങ്ങൾ ഉണ്ടാകില്ല. എല്ലാ ജീവജാലങ്ങൾക്കും ഈ ലോകത്ത് ജീവിക്കാൻ അവകാശമുണ്ട്,” അദ്ദേഹം പറഞ്ഞു.

UPDATES
STORIES