‘മരക്കാര്‍ എന്തിന് സാമൂതിരിയുടെ ആനയുടെ വാല്‍ മുറിച്ചു?’; തന്റെ സിനിമ 30 ശതമാനം ചരിത്രവും ബാക്കി ഭാവനയുമെന്ന് പ്രിയദര്‍ശന്‍

‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ചരിത്രത്തിന്റെ തനി പകര്‍പ്പല്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഒരു മുത്തശ്ശിക്കഥയിലെ വീരനായകനേപ്പോലെയാണ് മരക്കാറെ അവതരിപ്പിക്കുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. കുഞ്ഞാലി മരയ്ക്കാറുടെ (1595-1600) വ്യക്തവും പൂര്‍ണവുമായി എഴുതപ്പെട്ട ചരിത്രമില്ലാത്തതിനാല്‍ എഴുത്തുകാരന്റേയും സംവിധായകന്റേയും സ്വാതന്ത്ര്യം ഈ സിനിമയില്‍ ആവോളമുണ്ട്. സാധാരണക്കാരായ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് കഥ എഴുതിയത്. കണ്ടിറങ്ങുന്നവരുടെ മനസില്‍ കുഞ്ഞാലിമരക്കാര്‍ എന്ന വീരപുരുഷനെ പ്രതിഷ്ഠിക്കാന്‍ സാധിക്കണം. ജനിച്ചുവളര്‍ന്ന മണ്ണാണ് അമ്മയെന്ന തിരിച്ചറിവ് ഓരോ പ്രേക്ഷകനും അനുഭവിക്കാന്‍ സാധിക്കും. ഇങ്ങനെയല്ലാതെ ഇതെടുത്താല്‍ മരക്കാര്‍ ഒരു ഡോക്യുമെന്ററി മാത്രമായി മാറുമെന്നും സംവിധായകന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് പ്രിയദര്‍ശന്റെ പ്രതികരണം.

ചരിത്രത്തില്‍ മരക്കാരുടെ ജീവിതത്തിലെ ചില സൂചനകള്‍ മാത്രമാണ് അവശേഷിച്ചിട്ടുള്ളത്. അതൊന്നും പൂര്‍ണവുമല്ല.

പ്രിയദര്‍ശന്‍

മരക്കാറിന് വേണ്ടി വിവിധ ഭാഷകളില്‍ എഴുതപ്പെട്ട ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചെന്ന് സംവിധായകന്‍ പറഞ്ഞു. അറേബ്യന്‍ ചരിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ക്ക് ദൈവത്തിന്റെ സ്ഥാനമാണെന്നും പോര്‍ച്ചുഗീസ് ചരിത്രത്തില്‍ മരക്കാര്‍ വളരെ വൃത്തികെട്ടവനായ കടല്‍ക്കൊള്ളക്കാരനാണെന്നും മനസിലായി. ‘വിജയിക്കുന്നവന്‍ ചരിത്രമെഴുതും’ എന്നാണ് പറയുക. അങ്ങനെ നോക്കുമ്പോള്‍ അറേബ്യന്‍ ആണോ പോര്‍ച്ചുഗീസ് ആണോ ശരിയായ ചരിത്രം എന്ന് വീണ്ടും അന്വേഷിച്ച് സന്ദേഹിച്ചു. കുറേ ചരിത്രം വായിച്ചപ്പോള്‍ ഏതാണ് ശരി, ഏതാണ് തെറ്റെന്ന് തിരിച്ചറിയാനാകാതെ ചിന്താക്കുഴപ്പമായി. ചരിത്ര രേഖകളില്‍ പറയുന്ന നാല് കുഞ്ഞാലിമാര്‍ തമ്മിലുള്ള ബന്ധം വ്യക്തമല്ല. ഇരിങ്ങല്‍ കോട്ടയുടേയും സാമൂതിരിയുടെ കൊട്ടാരത്തിന്റേയും അവശിഷ്ടം കണ്ടെത്താനായില്ല. 1500 മുതല്‍ 1600 വരെയുള്ള ചരിത്രത്തിന്റെ അവശേഷിപ്പുകളൊന്നും കോഴിക്കോട്ടില്ലെന്നും പ്രിയദര്‍ശന്‍ ചൂണ്ടിക്കാട്ടി.

കോട്ടക്കല്‍ ഇരിങ്ങലിലെ മരക്കാര്‍ തറവാട്‌

മരക്കാരും സാമൂതിരിയും എന്തിനാണ് തെറ്റിയത് എന്നതിനേക്കുറിച്ച് വ്യക്തമായൊരു വിശദീകരണം ചരിത്രത്തില്‍ ഇല്ലെന്നും സംവിധായകന്‍ പറഞ്ഞു. ആകെ പറയുന്നത് സാമൂതിരിയുടെ ആനയുടെ വാല്‍ കുഞ്ഞാലിമരക്കാര്‍ വെട്ടി എന്നതാണ്. എന്നാല്‍, എന്തിനാണ് മരക്കാര്‍ ആ വാല്‍ വെട്ടിയതെന്ന് ആര്‍ക്കും അറിയില്ല. താന്‍ വായിച്ച ചരിത്രത്തിലൊന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല. വടക്കന്‍ പാട്ടുകളില്‍ മരക്കാരും തച്ചോളി ഒതേനനും സുഹൃത്തുക്കളായിരുന്നെന്ന് പറയുന്നുണ്ട്. എങ്കിലും പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലായിരുന്നു. മരക്കാരെ പിടികൂടി ഗോവയില്‍ കൊണ്ടുപോയി പോര്‍ച്ചുഗീസുകാര്‍ ഗില്ലറ്റിന്‍ (ശിരച്ഛേദം) ചെയ്താണ് കൊലപ്പെടുത്തിയത്. ഗില്ലറ്റിന്‍ ചെയ്യുന്ന രീതി പോര്‍ച്ചുഗീസുകാര്‍ക്ക് ഉണ്ടായിരുന്നില്ല. മരക്കാരെ കൊല്ലാനായി പോര്‍ച്ചുഗീസുകാര്‍ ഒരു ശിരച്ഛേദനയന്ത്രം ഉണ്ടാക്കി. ഒരുപാട് പേരുടെ മുന്നില്‍ വെച്ച് ശിക്ഷ നടപ്പാക്കി. തല ഗോവയിലും കാലുകള്‍ കണ്ണൂരും പ്രദര്‍ശിപ്പിച്ചെന്ന് രേഖകള്‍ പറയുന്നു. തന്റെ മനസിലെ വീരപുരുഷനേക്കുറിച്ചുള്ള അപൂര്‍ണവും വിരുദ്ധവുമായ അറിവുകളുടെ കൂമ്പാരത്തിന് നടുവിലിരുന്നാണ് തന്റെ മരക്കാരെ സങ്കല്‍പിക്കാന്‍ തുടങ്ങിയത്. ചരിത്രത്തിന്റെ പഴുതുകളിലൂടെ സഞ്ചരിച്ചും സാമാന്യയുക്തി പ്രയോഗിച്ചുമാണ് കഥയെഴുതിയതെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

UPDATES
STORIES