കൊവിഡ് വീണ്ടും വില്ലനാകുന്നു? നാരദനും റിലീസ് മാറ്റി

ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ആഷിഖ് അബു ചിത്രം നാരദനും റിലീസ് മാറ്റി. കൊവിഡ് വ്യാപനത്തിന്റെയും ഒമിക്രോണ്‍ ഭീഷണിയുടേയും പശ്ചാത്തലത്തിലാണ് തീരുമാനം. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

ചിത്രം ജനുവരി 27ന് തിയേറ്ററുകളിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം സല്യൂട്ടും ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ റിലീസ് നീട്ടിയിരിക്കുകയാണ്.

മായാനദിക്ക് ശേഷം ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ ആണ്‌ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നാരദന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ട്രെയിലറിനും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. ടൊവിനോ ഡബിള്‍ റോളിലാവും എത്തുകയെന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിട്ടുണ്ട്. ന്യൂസ് ചാനലുമായി ബന്ധപ്പെടുത്തി പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് ചിത്രമൊരുങ്ങുന്നത്.

ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, വിജയരാഘവന്‍ തുടങ്ങിയവരും വിവിധ വേഷങ്ങള്‍ ചെയ്യുന്നു. സന്തോഷ് കുരുവിളയും റിമാകല്ലിങ്കലും ആഷിക് അബുവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിങും നിര്‍വഹിക്കുന്നു. ഡി.ജെ ശേഖര്‍ മേനോനാണ് സംഗീത സംവിധാനം. നേഹയും യാക്സണ്‍ പെരേരയും സൗണ്ട് ട്രാക്ക് കൈകാര്യം ചെയ്യുന്നു.

UPDATES
STORIES