‘ഒരു പുരുഷന്റെ പരാമര്‍ശത്തില്‍ ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് ഞാന്‍ എന്ന സ്ത്രീയാണ്’; വിനായകന്റെ വിവാദ പരാമര്‍ശത്തില്‍ നവ്യാ നായര്‍

‘ഒരുത്തീ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ നടന്‍ വിനായകന്റെ ഭാഗത്തുനിന്നുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി നടി നവ്യാ നായര്‍. പരാമര്‍ശത്തില്‍ തനിക്ക് ബുദ്ധിമുട്ട് തോന്നിയിരുന്നു. പലതവണ താന്‍ വിനായകന്റെ കയ്യില്‍നിന്നും മൈക്ക് വാങ്ങാന്‍ ശ്രമിച്ചിരുന്നു. അതിനപ്പുറത്തേക്കുള്ള പ്രതികരണ ശേഷി തനിക്കില്ലെന്നും നവ്യ പറഞ്ഞു. വിഷയത്തില്‍ നടി പ്രതികരിക്കാത്തതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

‘അന്നുണ്ടായ പ്രശ്‌നങ്ങള്‍ ഞാന്‍ ക്ഷമ ചോദിച്ചാല്‍ കഴിയുമെങ്കില്‍ പൂര്‍ണ മനസോടുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമര്‍ശമായിരുന്നെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. എന്നെക്കാളും വലിയ അളവില്‍ അവിടെ പുരുഷന്മാരുണ്ടായിരുന്നു. പക്ഷേ, എല്ലാവരും ചോദ്യം ചോദിക്കുന്നത് എന്റെയടുത്താണ്. പത്തുകൊല്ലം കഴിഞ്ഞിട്ടാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. അതിന്റെയൊരു സന്തോഷം ആഘോഷിക്കാന്‍ ദയവുചെയ്ത് എന്നെ അനുവദിക്കണം. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ഇത്തരം ചോദ്യങ്ങളില്‍നിന്നും എന്നെ ഒഴിവാക്കണം. എന്തെങ്കിലും തെറ്റ് എന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു’, നവ്യ മാധ്യമങ്ങളോട് പറഞ്ഞു.

വിനായകനെതിരെയുണ്ടായ മീടൂ പരാതിയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കവെയായിരുന്നു നടന്റെ സ്ത്രീവിരുദ്ധ പരാമര്‍ശനം. മീടൂ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് അറിയില്ലെന്നായിരുന്നു ആദ്യ മറുപടി. ഒരു സ്ത്രീയുമായി തനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ താത്പര്യമുണ്ടെങ്കില്‍ താന്‍ അക്കാര്യം അവരോടു നേരിട്ടു ചോദിക്കുമെന്നും അതാണ് മീ ടൂ എങ്കില്‍ താനത് ഇനിയും ചെയ്യുമെന്നും വിനായകന്‍ തുടര്‍ന്നു. ഇതിനിടെ സദസിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താത്പര്യമുണ്ടെങ്കില്‍ അവരോടും ചോദിക്കുമെന്ന തരത്തിലും നടന്‍ പ്രതികരിച്ചു. ഈ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

പ്രതിഷേധം കനത്തതോടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമപ്രവര്‍ത്തകയോട് വിനായകന്‍ മാപ്പുപറഞ്ഞു. താന്‍ നടത്തിയ ഭാഷാപ്രയോഗത്തിന്മേല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നതായും പരാമര്‍ശം ഒട്ടും വ്യക്തിപരമല്ലായിരുന്നു എന്നുമാണ് ക്ഷമാപണത്തില്‍ വിനായകന്‍ പറഞ്ഞത്.

UPDATES
STORIES