‘കാതുവാക്കിലെ രണ്ടു കാതല്‍’; പ്രേക്ഷകരുടെ ‘വെെബ്’ അറിയാന്‍ നയന്‍താര തിയേറ്ററില്‍

ഏപ്രില്‍ 29 ന് തിയേറ്ററുകളിലെത്തിയ ‘കാതുവാക്കിലെ രണ്ടു കാതല്‍’ രണ്ടാം ദിവസവും തിയറ്ററുകളെ ചിരിപ്പിച്ച് മുന്നേറുകയാണ്. ഇതിനിടെ പോസ്റ്റ് റിലീസ് പ്രൊമോഷന്റെ ഭാഗമായി തിയേറ്ററില്‍ അപ്രതീക്ഷിത സന്ദർശനം നടത്തിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ നയന്‍താര. ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ വിഗ്നേഷ് ശിവനും സന്ദര്‍ശനത്തില്‍ കൂടെയുണ്ടായിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം ഇരുന്നുള്ള തിയറ്റര്‍ അനുഭവം അറിയാനായിരുന്നു സന്ദര്‍ശനമെന്ന് വിഗ്നേഷ് ശിവന്‍ പറയുന്നു.

ചിത്രത്തിലെ തന്റെ കഥാപാത്രമായ ഖദീജയെ ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് സാമന്തയും രംഗത്തെത്തി. ഇന്‍സ്റ്റഗ്രാമീലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘നിങ്ങള്‍ക്കൊപ്പം ഈ വിജയം ആഘോഷിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നാലിപ്പോള്‍ ട്വീറ്ററിലൂടെയും സന്ദേശങ്ങളിലൂടെയും ലഭിക്കുന്ന പ്രതികരണങ്ങളില്‍ വലിയ സന്തോഷം തോന്നുന്നു. നന്ദി’, താരം സന്ദേശത്തില്‍ പറയുന്നു.

ത്രികോണ പ്രണയകഥ പശ്ചാത്തലമാക്കിയുള്ള ‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രത്തില്‍ വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ‘കാതുവാക്കിലെ രണ്ടു കാതല്‍’. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ എത്തി രണ്ടാം ദിവസം പിന്നിടവെ മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ എസ്.എസും റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. കലാ മാസ്റ്റര്‍, റെഡിന്‍ കിംഗ്സ്ലി, ലൊല്ലു സഭാ മാരന്‍, ഭാര്‍ഗവ്, ശ്രീശാന്ത് എന്നിവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.ആര്‍ കതിര്‍, വിജയ് കാര്‍ത്തിക് കണ്ണന്‍ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിംഗ്.

UPDATES
STORIES