മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, ഫഹദ് ഫാസിൽ; താരനിബിഡമായ നെറ്റ്ഫ്ലിക്സ് ആന്തോളജി

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രതിഭകളെ ഉൾപ്പെടുത്തി ഒരു താരനിബിഡമായ ആന്തോളജി പുറത്തിറക്കാൻ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. എം ടി വാസുദേവൻ നായരുടെ ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജിയിലാണ് മോഹൻലാൽ, മമ്മൂട്ടി, ഫഹദ് ഫാസിൽ, ആസിഫ് അലി, ശാന്തി കൃഷ്ണ തുടങ്ങിയ മുൻനിര താരങ്ങൾ എത്തുന്നത്.

റിപ്പോർട്ടുകൾ പ്രകാരം ലിജോ ജോസ് പെല്ലിശ്ശേരി, പ്രിയദർശൻ, ജയരാജ്, ശ്യാമപ്രസാദ്, സന്തോഷ് ശിവൻ, മഹേഷ് നാരായണൻ തുടങ്ങിയ മുൻനിര സംവിധായകരായിരിക്കും ആന്തോളജി ഒരുക്കുന്നത്. എന്നാൽ നെറ്റ്ഫ്ലിക്സിന്റെ ഭാഗത്തു നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല.

മമ്മൂട്ടിക്കൊപ്പം ലിജോ ജോസ് പെല്ലിശ്ശേരി തന്റെ ഹ്രസ്വചിത്രം ഇതോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. 1960ലെ ‘ഓളവും തീരവും’ എന്ന നാടകം ആന്തോളജിയുടെ ഭാഗമായി ഒരു ഹ്രസ്വചിത്രമായി പ്രിയദർശൻ പുനഃസൃഷ്ടിക്കുമെന്നാണ് വിവരം.

കമൽ ഹാസൻ ആന്തോളജിയിൽ അഭിനയിക്കുകയോ സംവിധാനം ചെയ്യുകയോ ചെയ്യുന്നില്ലെങ്കിലും, ഈ ചെറുകഥകൾ നെറ്റ്ഫ്ലിക്സിൽ അവതരിപ്പിക്കുന്നത് അദ്ദേഹമായിരിക്കും എന്നാണ് റിപ്പോർട്ട്.

നെറ്റ്ഫ്ലിക്സ് ഇന്ത്യ പ്രാദേശിക വിപണിയിലേക്ക് കടക്കാനുള്ള ഫോർമാറ്റായാണ് ആന്തോളജി സ്വീകരിച്ചിരിക്കുന്നത്. പ്രാദേശിക സിനിമകളിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളെയും സംവിധായകരെയും ഒരുമിച്ച് കൊണ്ടുവരാൻ ഈ ഫോർമാറ്റ് നെറ്റ്ഫ്ലിക്സിന് സാഹചര്യം ഒരുക്കുന്നുണ്ട്. നേരത്തെ, തമിഴിലും തെലുങ്കിലും സമാനമായ പ്രൊജക്ടുകൾ ഒരുക്കിയിരുന്നു.

സൂര്യ, വിജയ് സേതുപതി, സിദ്ധാർത്ഥ്, രേവതി, പാർവതി തിരുവോത്ത്, പ്രയാഗ മാർട്ടിൻ തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വലിയ പ്രതിഭകളുടെ കൂട്ടുകെട്ടാണ് നെറ്റ്ഫ്ലിക്‌സിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘നവരസ’ എന്ന ആന്തോളജിയിൽ കണ്ടത്.

UPDATES
STORIES