നിരക്കുകൾ 60 ശതമാനം വരെ വെട്ടിക്കുറച്ച് നെറ്റ്ഫ്ളിക്സ്; 149 രൂപയ്‌ക്ക് ഇനി സിനിമകളാസ്വദിക്കാം

ഉപഭോക്താക്കൾക്കായുള്ള സേവന നിരക്കുകൾ വലിയ അളവിൽ വെട്ടിക്കുറച്ച് നെറ്റ്ഫ്ളിക്സ് ഇന്ത്യ. ബേസിക് പ്ലാനിൽ 60 ശതമാനം കിഴിവ് ഉൾപ്പടെ കമ്പനി വലിയ നിരക്കുവ്യത്യാസമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. 499 രൂപയായിരുന്ന ബേസിക് പ്ലാൻ ഇനിമുതൽ 199 രൂപക്ക് ലഭ്യമാകും. മൊബൈൽ ഒൺലി സർവീസ് നിരക്ക് 149 രൂപയായി താഴ്‌ത്തി. നേരത്തെ ഇത് 199 രൂപയായിരുന്നു. 649 രൂപയായിരുന്ന സ്റ്റാൻഡേർഡ് നെറ്റ്ഫ്ളിക്സ് സേവനം ഇനിമുതൽ 499 രൂപ പ്രതിമാസ നിരക്കിൽ ആസ്വദിക്കാം. ഏറ്റവും ഉയർന്ന പ്ലാനായ പ്രീമിയം സർവീസും 799 രൂപയിൽ നിന്നും 649 രൂപയിലേക്ക് താഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ സബ്സ്ക്രൈബർ ബേസ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

2019 ജൂലൈയിൽ ആരംഭിച്ച മൊബൈൽ ഒൺലി സ്ട്രീമിങ് പദ്ധതി പ്രകാരം മൊബൈലിലോ ടാബ്‌ലെറ്റിലോ 480p റെസൊല്യൂഷനിലാണ് വീഡിയോകൾ ലഭ്യമാകുന്നത്. ഒരു ഡിവൈസിൽ മാത്രമാണ് ഒരു സമയം സ്ട്രീമിങ് സാധ്യമാകുക. ബേസിക് പ്ലാനിൽ മൊബൈലിന് പുറമെ കംപ്യൂട്ടറിലും ടെലിവിഷനിലും സിനിമകൾ കാണാൻ സാധിക്കും. സ്റ്റാൻഡേർഡ് പ്ലാൻ പ്രകാരം ഒരേ സമയം രണ്ട് ഡിവൈസുകളിൽ 1080p ക്ലാരിറ്റിയിലാണ് വിഡിയോകൾ ലഭിക്കുക. ഏറ്റവും ഉയർന്ന താരിഫുള്ള പ്രീമിയം പാക്കേജിൽ 4K റെസൊല്യൂഷനിൽ നാല് ഡിവൈസുകളിൽ വരെ സേവനം ലഭ്യമാണ്.

നിലവിലെ യൂസർമാർക്ക് ഇഷ്ടാനുസരണം പുതിയ നിരക്കുകളിലേക്ക് മാറാനും സൗകര്യമുണ്ടാകുമെന്ന് കമ്പനി വക്താക്കൾ വ്യക്തമാക്കി. ചൊവ്വാഴ്ച്ച മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

പുതുക്കിയ നിരക്കുകൾ

ഇന്ത്യയിൽ സേവനങ്ങൾ വ്യാപിപ്പിക്കാൻ നെറ്റ്ഫ്ളിക്സ് വിവിധ പദ്ദതികൾ ആവിഷ്‌കരിച്ചുവരികയായിരുന്നു. കൂടുതൽ കാഴ്ചക്കാരെ ആകർഷിക്കാൻ നിരക്കുകൾ കുറക്കുന്നതിന് പുറമെ മികച്ച സിനിമകളും, സീരീസുകളും ടിവി ഷോകളും വരുംദിവസങ്ങളിൽ ലഭ്യമാക്കുമെന്ന് നെറ്റ്ഫ്ലിക്സ് ഇന്ത്യ വൈസ് പ്രസിഡണ്ട് മോണിക്ക ഷെർജിൽ അഭിപ്രായപ്പെട്ടു.

ആമസോൺ, ഡിസ്‌നി+ഹോട്ട്സ്റ്റാർ സർവീസുകളെക്കാൾ വളരെ താഴെയാണ് പുതുക്കിയ നെറ്റ്ഫ്ളിക്സ് നിരക്കുകൾ. ആമസോണിന്റെ പ്രതിമാസ നിരക്ക് 179 രൂപയും വാർഷിക നിരക്ക് 1,499 രൂപയുമാണ്. ഡിസ്‌നി+ഹോട്ട്സ്റ്റാർ 499 രൂപയ്ക്കാണ് ഒരുമാസം ലഭ്യമാകുക. 1,499 ആണ് വാർഷിക നിരക്ക്.

UPDATES
STORIES