അക്കൗണ്ട് ഷെയറിങ് ഇനി എളുപ്പമാവില്ല; അധിക ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ഒരേ നെറ്റ്ഫ്ളിക്സ് അക്കൗണ്ട് സുഹൃത്തുക്കളുമായി പങ്കിടുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇതുവരെ സൗജന്യമായിരുന്ന ഈ ഫീച്ചറിന് ഇനി പണം മുടക്കേണ്ടി വന്നേക്കും. ഒരു സബ്‌സ്‌ക്രിപ്ഷനിലെ പാസ്‌വേഡ്‌ ഉപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതിന് അധിക പേയ്മെന്റ് ഏര്‍പ്പെടുത്തുക അടക്കം പേയ്മെന്റ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സ്.

ആദ്യഘട്ടത്തില്‍ ചിലി, പെറു, കോസ്റ്റാ റിക്ക, എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാറ്റം അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. രണ്ട് ഡോളര്‍ മുതല്‍ മൂന്ന് ഡോളര്‍ വരെയായിരിക്കും ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുക. ഏപ്രില്‍ അവസാന ആഴ്ചകളോടെ തന്നെ പുതിയ ഫീച്ചര്‍ എത്തുമെന്ന് നെറ്റ്ഫ്ലിക്സ് ബുധനാഴ്ച അറിയിച്ചു.

രണ്ട് പുതിയ ഫീച്ചറുകളാണ് ഇതോടെ നിലവില്‍ വരിക:

പുതിയ അംഗങ്ങളെ ചേര്‍ക്കല്‍ (ADD EXTRA MEMBER):

സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം മെമ്പേഴ്സിന് അകലെയുള്ള കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ സബ് അക്കൗണ്ടുകളായി ചേര്‍ക്കാം. ഇവര്‍ക്ക് സ്വന്തമായി പ്രൊഫൈലും ലോഗിന്‍ പാസ്വേര്‍ഡും ലഭ്യമാകും.

പുതിയ അക്കൗണ്ടിലേക്കുള്ള പ്രൊഫൈല്‍ മാറ്റം (TRANSFER PROFILE TO A NEW ACCOUNT):

ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം മെമ്പേഴ്സിന് തങ്ങളുടെ സ്റ്റ്രീമിംഗ് ഹിസ്റ്ററി അടക്കം വിവരങ്ങളടങ്ങുന്ന പ്രൊഫൈല്‍ മറ്റൊരു അക്കൗണ്ടിലേക്കോ സബ് അക്കൗണ്ടിലേക്കോ കൈമാറാന്‍ കഴിയും.

അതേസമയം, ഒരു കെട്ടിടത്തിനുള്ളിലെ വിവിധ ഡിവൈസുകള്‍ക്കുള്ളിലെ ഉപയോഗത്തെ ഈ മാറ്റം ബാധിച്ചേക്കില്ല. അക്കൗണ്ട് പങ്കുവെയ്ക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് ഇതോടെ പരിഹാരമാകുമെന്ന് നെറ്റ്ഫ്ളിക്സ് പ്രസ്ഥാവനയില്‍ പറഞ്ഞു.

സബ്സ്‌ക്രൈബേഴ്സിന്റെ വളര്‍ച്ചയില്‍ അടുത്ത കാലത്തായി ഉണ്ടായ ഇടിവാണ് യുഎസ് ആസ്ഥാനമായ പ്ലാറ്റ്ഫോമിലെ മാറ്റങ്ങള്‍ക്ക് കാരണമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2021 അവസാനിക്കുമ്പോള്‍ 221.8 മില്ല്യണ്‍ സബ്സ്‌ക്രൈബേഴ്സാണ് നെറ്റ്ഫ്ലിക്സിനുണ്ടായിരുന്നത്. അവസാന മാസങ്ങളില്‍ സബ്സ്‌ക്രൈബേഴ്സിലുണ്ടായ ഇടിവ് മൂലം പ്രതീക്ഷിച്ച ടാര്‍ഗറ്റിലേക്ക് എത്താന്‍ നെറ്റ്ഫ്ലിക്സിന് കഴിഞ്ഞിരുന്നില്ല.

2022-ന്റെ ആദ്യ പാദത്തിലും ഇതേ ഇടിവ് തുടരുന്നതായാണ് നെറ്റ്ഫ്ളിക്സിന്റെ തന്നെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. എതിരാളികളായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം, സോണി ലൈവ് എന്നിവ ഇതിന് സമാന്തരമായി വളര്‍ച്ച കൈവരിക്കുന്നതും മേഖലയിലെ വമ്പന്‍മാര്‍ക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ പുതിയ മാറ്റങ്ങളോടെ 2.5 മില്ല്യണ്‍ പുതിയ സബ്സ്‌ക്രൈബേഴ്സിനെ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനാണ് നെറ്റ്ഫ്ളിക്സിന്റെ ലക്ഷ്യം.

UPDATES
STORIES