ഉപയോക്താക്കളുടെ എണ്ണം തുടര്‍ച്ചായി ഇടിയുമ്പോള്‍ പ്രതിസന്ധിയിലായി നെറ്റ്ഫ്ലിക്സ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ (ജനുവരി- മാർച്ച്) മാത്രം രണ്ട് ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെട്ട നെറ്റ്ഫ്ലിക്സ് രണ്ടാം പാദത്തിലും (ഏപ്രില്‍-ജൂണ്‍) അത്രതന്നെ നഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യപാദത്തിന്റെ നഷ്ടം പുറത്തുവന്നതിന് പിന്നാലെ സ്റ്റോക്ക് മാർക്കറ്റിലുണ്ടായ വീഴ്ചയും വലിയ ആഘാതമാണ് കമ്പനിക്ക് ഉണ്ടാക്കിയിരിക്കുന്നത്.
സ്റ്റോക്ക് വാല്യൂവില്‍ 26% ശതമാനത്തിന്റെ ഇടിവുണ്ടായതോടെ 40 ശതകോടിയുടെ നഷ്ടമാണ് മാർക്കറ്റില്‍ നെറ്റ്ഫ്ലിക്സിന് ഉണ്ടായതെന്നാണ് വാർത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ടുചെയ്യുന്നത്. നഷ്ടം നേരിട്ട് ബാധിച്ച നെറ്റ്ഫ്ലിക്സ് ജീവനക്കാരും കമ്പനിയെ കെെവിടുകയാണെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട്. അടുത്തകാലത്തുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് നെറ്റ്ഫ്ലിക്സ് കടന്നുപോകുന്നതെന്നാണ് ജീവനക്കാരും മുന്‍ ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്. പരിഹാരമായി സ്റ്റോക്ക് ഗ്രാന്റുകള്‍ അനുവദിക്കുന്നതുള്‍പ്പടെയുള്ള ആവശ്യങ്ങളാണ് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നത്.
അതേസമയം, മാറിയ സബ്സ്ക്രിപ്ഷന് സ്ട്രാറ്റര്‍ജി മുതല്‍ കൊവിഡും, ഉക്രൈനിലെ റഷ്യന്‍ അധിനിവേശം ഉള്‍പ്പടെ വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ ഘടകങ്ങള്‍ ഉപയോക്താക്കളുടെ ഇടിവിനെ സ്വീധീനിച്ചിട്ടുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
മാറിയ സ്ട്രാറ്റര്‍ജി
നെറ്റ്ഫ്ലിക്സിന്റെ ഷെയറിംഗ് രീതിയിലെ ആശയക്കുഴപ്പം കമ്പനിക്ക് നഷ്ടമുണ്ടാക്കുന്നു എന്ന ചർച്ച മാർച്ചിലാണ് ആരംഭിച്ചത്. നിലവില്‍ നെറ്റ്ഫ്ലിക്സിന് 222 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. ഈ സബ്സ്ക്രിപ്ഷനുകള്‍ 100 ദശലക്ഷം അക്കൗണ്ടുകളിലേക്ക് പങ്കുവയ്ക്കപ്പെടുന്നുമുണ്ട്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു മേല്‍ക്കൂരയ്ക്ക് താഴെയല്ലാത്ത അക്കൗണ്ട് ഷെയറിംഗിന് അധിക ഫീസ് ഏർപ്പെടുത്താന്‍ നെറ്റ്ഫ്ലിക്സ് തീരുമാനിച്ചിരുന്നു. മാര്‍ച്ച് മുതല്‍ ചിലി, കോസ്റ്റാ റിക്കാ, പെറു മേഖലകളില്‍ ഇത് പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. അടിയന്തരമായി നഷ്ടം നികത്താന്‍ ഇതുകൊണ്ട് സാധിച്ചില്ലെങ്കിലും കാലക്രമേണ പ്രതിസന്ധി പരിഹരിക്കാമെന്നാണ് നെറ്റ്ഫ്ലിക്സ് കണക്കുകൂട്ടുന്നത്.
യുക്രൈന്- റഷ്യ പ്രതിസന്ധി
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയിലെ സർവ്വീസ് നിർത്തിവെച്ചതോടെ 700,000 ഉപയോക്താക്കളെയാണ് നെറ്റ്ഫ്ലിക്സിന് നഷ്ടപ്പെട്ടത്. എന്നാല്‍ റഷ്യയിലെ നഷ്ടത്തിന് പുറമെ സമീപ പ്രദേശങ്ങളില്‍ നിന്നും ഉപയോക്താക്കളുടെ പിന്മാറ്റമുണ്ടായത് നെറ്റ്ഫ്ലിക്സിന് അപ്രതീക്ഷിത തിരിച്ചടിയായി. റഷ്യയോട് അടുത്തുള്ള മറ്റ് പ്രദേശങ്ങളില്‍ സർവ്വീസ് ദുർബ്ബലമായതായിരുന്നു അതിന് പ്രധാന കാരണം.
യുദ്ധ സാഹചര്യത്തില്‍ വിനോദ പരിപാടികള്‍ക്ക് സ്വീകാര്യത കുറയുകയും പകരം വാര്‍ത്താ വിവര പരിപാടികളിലേക്ക് ജനശ്രദ്ധ തിരിയുകയും ചെയ്തതാണ് മറ്റൊരു ഘടകം. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക മേഖലകളില്‍ ഈ ‘സ്പില്‍ ഓവര്‍ ഇഫക്ട്‘ ബാധിച്ചിട്ടുണ്ടെന്നാണ് നെറ്റ്ഫ്ളിക്സ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ കഴിഞ്ഞ ദിവസം പങ്കുവെച്ച നിരീക്ഷണം.
നിലവില്‍ ഉപയോക്താക്കളുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന യുഎസ്, കാനഡ പ്രദേശങ്ങളിലെ നിരക്ക് രണ്ട് ഡോളർ വരെ കൂട്ടുക, ഇന്ത്യ അടക്കം ഉപയോക്താക്കള്‍ വളരുന്ന രാജ്യങ്ങള്‍ക്കായി പ്രത്യേക പ്ലാനുകള്‍ തയ്യാറാക്കുക, ഫ്രീ വീഡിയോ ഗെയിം സ്ട്രീമിംഗുകള്‍ അവതരിപ്പിക്കുക എന്നിവയാണ് ഈ വീഴ്ചയില്‍ നിന്ന കരകയറാന്‍ നെറ്റ്ഫ്ലിക്സ് നിലവില്‍ കണക്കുകൂട്ടുന്ന സാധ്യതകള്‍.