തിയേറ്ററില്‍ പോയി സിനിമ കാണാന്‍ സാധിക്കാത്തവര്‍ വിഷമിക്കേണ്ട. അടുത്തകാലത്ത് തിയേറ്റില്‍ റിലീസ് ചെയ്ത ഒട്ടുമിക്ക ചിത്രങ്ങളും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഭീഷ്മപര്‍വ്വം, ടൊവിനോ നായകനായ നാരദന്, ഷെയ്ന് നിഗത്തിന്റെ വെയില്, അര്ജുന് അശോകന് മുഖ്യവേഷത്തില്‍ എത്തിയ മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ്, ബിബിന്‍ ജോര്‍ജിന്റെ തിരിമാലി എന്നീ മലയാളം ചിത്രങ്ങളാണ് ഏപ്രിലില്‍ വിവിധ ഒടിടി പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇവയ്ക്ക് പുറമേ പ്രഭാസിന്റെ രാധേ ശ്യാം ദുല്‍ഖറിന്റെ ഹേ സിനാമിക എന്നീ ചിത്രങ്ങളും ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പട, ആറാട്ട് എന്നീ സിനികമള്‍ ഇതോടകം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത് കഴിഞ്ഞു.
ഭീഷ്മപര്‍വ്വം

മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഭീഷ്മപര്‍വം’ ഏപ്രില്‍ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്തു.ബിഗ്ബി പുറത്തിറങ്ങി 15 വര്‍ഷത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം ഫെബ്രുവരി 24നാണ് തിയേറ്ററുകളിലെത്തിയത്.
നാരദന്

മായാനദിയ്ക്കും വൈറസിനും ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിച്ച ചിത്രം നാരദന് മാര്‍ച്ച് മൂന്നിനാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ കഥ പറഞ്ഞ നാരദന് തിരക്കഥ ഒരുക്കിയത് പ്രശസ്ത സാഹിത്യകാരന് ഉണ്ണി.ആര് ആണ്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഏപ്രില്‍ എട്ടിന് നാരദന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
വെയില്

യുവതാരം ഷെയ്ന് നിഗത്തെ നായകനാക്കി നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്ത വെയില് എന്ന ചിത്രം ഏപ്രില്‍ 12നാണ് ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. ഫെബ്രുവരി 25നായിരുന്നു ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. ഗുഡ്വില് എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഷാസ് മുഹമ്മദും എഡിറ്റിങ് പ്രവീണ്‍ പ്രഭാകറും ശബ്ദമിശ്രണം രംഗനാഥ് രവിയുമാണ്.
മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ്

അര്ജുന് അശോകനെ നായകനാക്കി നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് കഥയും തിരക്കഥയും സംവിധാനവും ചെയ്ത ചിത്രം മെമ്പര്‍ രമേശന് ഒന്‍പതാം വാര്‍ഡ് ഏപ്രില്‍ ഒന്നിന് സീ5ല്‍ റിലീസ് ചെയ്യും.
തിരിമാലി

ബിബിന്‍ ജോര്‍ജ്, ധര്മജന് ബോള്‍ഗാട്ടി, അന്ന രേഷ്മ രാജന്, ജോണി ആന്റണി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ തിരിമാലി ഏപ്രില്‍ ഒന്നിന് മനോരമ മാക്സില്‍ റിലീസ് ചെയ്യും.
ഹേ സിനാമിക

ദുല്‍ഖര്‍ സല്മാന്, അദിതി റാവു, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രമാണ് ഹേ സിനാമിക. പ്രശസത് നൃത്തസംവിധായിക ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. ഏപ്രില്‍ ഒന്നിന് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തും.
രാധേ ശ്യാം

ബാഹുബലിയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന പ്രഭാസിന്റെ രാധേ ശ്യാം എന്ന ചിത്രം ഏപ്രില്‍ ഒന്നിനാണ് ആമസോണ്‍ പ്രൈമില്‍ എത്തുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തില്‍ പൂജ ഹെഗ്ഡെയായിരുന്നു നായിക.