ബീസ്റ്റിന് ശേഷം അണിയറയിലൊരുങ്ങുന്ന വിജയ് ചിത്രങ്ങളെ സംബന്ധിച്ച പുതിയ റിപ്പോർട്ടുകള്‍ പുറത്ത്. തമിഴിന്റെ സ്വന്തം ആക്ഷന്‍ സൂപ്പർ സ്റ്റാർ വിജയ്ക്ക് അടുത്ത ചിത്രമായ ദളപതി 66-ല്‍ ആക്ഷന്‍ രംഗങ്ങളില്ല എന്നതാണ് ആദ്യത്തേത്. പിന്നാലെ ദളപതി 67 -ലെ വില്ലന്‍ ബോളിവുഡില്‍ നിന്നെത്തുമെന്നും അത് കെജിഎഫിന്റെ സ്വന്തം വില്ലന്‍ സഞ്ജയ് ദത്താണെന്നുമുള്ള സൂചനയും പുറത്തുവരുന്നു.
നിലവില്‍ ദളപതി 66 എന്ന് പേര് നല്‍കിയിരിക്കുന്ന പ്രോജക്ട് ഒരു മുഴുനീള റൊമാന്റിക് കോമഡി ചിത്രമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം. ചിത്രത്തില്‍ ഒരു എറോട്ടോമാനിയാക് (മറ്റൊരാള്‍ക്ക് തന്നോട് പ്രണയമുണ്ടെന്ന് സങ്കല്‍പ്പിച്ച് വിശ്വസിക്കുക) സ്വഭാവമുള്ള കഥാപാത്രമാണ് താരത്തിന്റേതെന്നും അഭ്യൂഹമുണ്ട്. സംവിധായകന് വംശി പൈടിപ്പള്ളി അടക്കമുള്ളവരുടെ പ്രതികരണം അനുസരിച്ച് ശക്തമായ പ്രണയകഥയുള്ള കുടുംബചിത്രമാണ് ദളപതി 66. അതിനാല്‍ തന്നെ യാഥാർത്ഥ്യത്തോട് അടുത്തുനില്ക്കാന് ആക്ഷന്‍ രംഗങ്ങള്‍ തടസമാണെന്ന് നിരീക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞപ്പോഴും ഇതുവരെ സ്റ്റണ്ട് മാസ്റ്റർ ആരാണെന്ന് പുറത്തുവിടാത്തതും അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തുന്നതാണ്. നേരത്തെ 2011-ല്‍ ശങ്കർ സംവിധാനം ചെയ്ത നന്പനിലും വിജയ്ക്ക് ആക്ഷന്‍ രംഗങ്ങളുണ്ടായിരുന്നില്ല.
രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക. മുതിർന്ന നടൻ ശരത് കുമാർ, ഷാം, നാനി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. 2022 അവസാനമോ 2023-ന്റെ തുടക്കത്തിലോ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാസ്റ്റർ എന്ന ചിത്രത്തിനുശേഷം ലോകഷ് കനകരാജും വിജയും വീണ്ടുമൊന്നിക്കുന്ന ദളപതി 67 നും ചർച്ചകളില്‍ സജീവമാണ്. ചിത്രത്തിലെ വില്ലന്‍ ബോളിവുഡില്‍ നിന്നാണെന്നും അത് സഞ്ജയ് ദത്ത് ആണെന്നുമാണ് പുതിയ റിപ്പോർട്ട്. കെജിഎഫ് 2 ഭാഗത്തിന്റെ വന്‍ വിജയത്തിനുശേഷം ശക്തമായ ഒരു പ്രതിനായകവേഷവുമായി സഞ്ജയ് ദത്ത് ചിത്രത്തിലെത്തുമെന്നാണ് സൂചന. ചിത്രത്തിന്റെ തിരക്കഥയോട് താത്പര്യം അറിയിച്ചിട്ടുണ്ടെങ്കിലും താരം ഇതുവരെ കരാറില്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.