രാജ്യമാകെ ബോക്‌സ് ഓഫീസ് ഹിറ്റായിട്ടും സ്വന്തം മണ്ണില്‍ വിയര്‍ത്ത് ‘പുഷ്പ’, ‘ആര്‍ആര്‍ആറി’നും പ്രതിസന്ധി; ടിക്കറ്റ് നിരക്ക് സിനിമാ വ്യവസായത്തെ ബാധിക്കുന്നത് എങ്ങനെ?

സിനിമാ വ്യവസായത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഫിലിം ഇന്‍ഡസ്ട്രിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷമാദ്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ടിക്കറ്റ് നിരക്കിലെ നിയന്ത്രണമടക്കമുള്ള പ്രഖ്യാപനങ്ങളാണ് സിനിമാ മേഖലയില്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപനത്തോടെ ടിക്കറ്റ് നിരക്ക് കുത്തനെ വെട്ടിക്കുറയ്ക്കാന്‍ തിയേറ്ററുകള്‍ നിര്‍ബന്ധിതരായെന്നും ഇത് സിനിമാ വ്യവസായത്തെ അടിമുടി ബാധിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ആന്ധ്രയുടെ മുനിസിപല്‍ കോര്‍പറേഷന്‍ പരിധികളിലുള്ള മള്‍ട്ടിപ്ലക്‌സുകളില്‍ 75 മുതല്‍ 250 രൂപ വരെയും എ.സി, നോണ്‍ എ.സി തിയേറ്ററുകളില്‍ 20 മുതല്‍ 100 രൂപവരെയുമാക്കി ടിക്കറ്റ് നിരക്ക് നിജപ്പെടുത്തേണ്ടി വന്നു. ഗ്രാമപ്രദേശങ്ങളില്‍ അഞ്ചുരൂപ മുതലാണ് ടിക്കറ്റ് വില.

നിലവില്‍ത്തന്നെ കൊവിഡ് മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിയില്‍ വലയുന്ന സിനിമാ മേഖലയ്ക്ക് ഈ നിരക്ക് പരിഷ്‌കാരം വലിയ ആഘാതമാണുണ്ടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഉദാഹരണത്തിന്, അല്ലു അര്‍ജുന്‍ കേന്ദ്രകഥാപാത്രമായെത്തിയ ‘പുഷ്പ: ദ റൈസ്’ ഇന്ത്യലെമ്പാടും വലിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചെങ്കിലും സ്വന്തം തട്ടകമായ ആന്ധ്രാ പ്രദേശില്‍ ചിത്രം പ്രതീക്ഷിച്ചത്ര കൊമേഴ്‌സ്യല്‍ സക്‌സസ് ആയില്ല.

ലാഭവിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ആന്ധ്രാപ്രദേശില്‍ തിയേറ്റര്‍ കളക്ഷന്‍ കണക്കാക്കുന്നത്. ബോക്‌സ് ഓഫീസ് ഭാഷയില്‍ പറഞ്ഞാല്‍, നികുതി കിഴിവിന് മുമ്പേയുള്ള മൊത്തം കളക്ഷനാണ് ആകെ വരവായി കണക്കാക്കുന്നത്. നികുതി കിഴിവിന് ശേഷമുള്ള വരുമാനം അറ്റാദായവും. തിയേറ്റര്‍ വാടകയിനത്തിലെ ചെലവിന് ശേഷം വിതരണക്കാരിലെത്തുന്ന തുക ലാഭവിഹിതമായി കണക്കാക്കുന്നു. ‘രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്തമായി വാടകയിനത്തിലെ വരുമാനത്തിലൂന്നിയാണ് ആന്ധ്രയിലെ ഭൂരിഭാഗം തിയേറ്ററുകളും പ്രവര്‍ത്തിക്കുന്നത്’, സിനിമാ വെബ്‌സൈറ്റായ ആന്ധ്രാപ്രദേശ് ബോക്‌സ് ഓഫീസ് ഡോട്ട് കോം ഉടമ ദീപക്കിനെ ഉദ്ധരിച്ച് ഇന്ത്യന്‍എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ.

അതായത്, ഒരു തിയേറ്ററിന്റെ വാടക 10,000 രൂപയാണെന്നിരിക്കട്ടെ, ഒരു സിനിമ 50,000 രൂപയുടെ കളക്ഷനുണ്ടാക്കിയാല്‍ തിയേറ്റര്‍ ഉടമ വാടക കിഴിച്ച് ബാക്കി തുകയാണ് വിതരണക്കാരെ ഏല്‍പിക്കേണ്ടത്. അതുകൊണ്ടുതന്നെ ഒരു ചിത്രം പരാജയപ്പെട്ടാലോ വിജയിച്ചാലോ അത് തിയേറ്റര്‍ വ്യവസായത്തെ ബാധിക്കില്ല.

ദീപക്കിന്റെ അനുമാനമനുസരിച്ച് പഴയ ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കില്‍ ‘പുഷ്പ’യ്ക്ക് ആന്ധ്രയില്‍നിന്നുമാത്രം 35 കോടി രൂപ ആദ്യദിന കളക്ഷനുണ്ടാകുമായിരുന്നു. ഇതില്‍ 25 കോടി വിതരണക്കാരിലേക്കെത്തിയേനെ. സംസ്ഥാനത്തെ 1,100 സ്‌ക്രീനുകളിലായി 13 കോടിയാണ് പുഷ്പ ആദ്യദിനത്തില്‍ നേടിയത്.

സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച്, സംസ്ഥാനത്തെ 60 ശതമാനം സ്‌ക്രീനുകളിലും ടിക്കറ്റിന് 70 രൂപയില്‍ കൂടുതല്‍ ഈടാക്കാന്‍ കഴിയില്ല. ചില ഗ്രാമപ്രദേശങ്ങളില്‍, പതിനഞ്ച് രൂപയാണ് ഈടാക്കാനാവുന്ന പരമാവധി നിരക്ക്.

സാധാരണ, വിതരണക്കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ആദ്യം അഡ്വാന്‍സ് തുക നല്‍കുകയും റിലീസിന് മുമ്പുള്ള ദിവസങ്ങളിലായി പണം പൂര്‍ണമായും കൈമാറുകയുമാണ് ചെയ്യാറുള്ളത്. ഈ പണം വിതരണക്കാര്‍ തിയേറ്ററുകളില്‍നിന്നും അഡ്വാന്‍സായി കൈപ്പറ്റുകയും ചെയ്യും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ വിതരണക്കാര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ തിയേറ്ററുകള്‍ തയ്യാറാകുന്നില്ല. അത് ഫലത്തില്‍ നിര്‍മ്മാതാക്കളെയും തുടര്‍ന്ന് സിനിമയെത്തന്നെയും പ്രതിസന്ധിയിലാക്കുന്നു.

സര്‍ക്കാരിന്റെ ഈ പരിഷ്‌കാരങ്ങള്‍ക്കെതിരെ ആന്ധ്രാ സിനിമാ ഇന്‍ഡസ്ട്രിയില്‍നിന്നും വലിയ എതിര്‍പ്പുയരുന്നുണ്ട്. സിനിമാ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കാത്ത പക്ഷം, ഒരു സിനിമയുടെ മൂല്യം നിര്‍ണയിക്കുന്നതിനുള്ള അവകാശം അതിന്റെ സൃഷ്ടാവിനാണെന്ന് നിര്‍മ്മാതാവ് രവി കിഷോര്‍ അഭിപ്രായപ്പെടുന്നു. സിനിമയുടെ ബജറ്റിനെ അടിസ്ഥാനമാക്കി ടിക്കറ്റ് നിരക്കില്‍ മാറ്റങ്ങളുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

ഉദാഹരണത്തിന്, എസ്.എസ് രാജമൗലിയുടെ മാസ്റ്റര്‍പീസായെത്തുന്ന ആര്‍ആര്‍ആറിന്റെ നിര്‍മ്മാണ ചെലവ് 400 കോടി രൂപയാണ്. ആന്ധ്രാപ്രദേശിലെ പുതിയ നിരക്കനുസരിച്ച് മിക്ക തിയേറ്ററുകളിലും ടിക്കറ്റിന് 100 രൂപയില്‍ കൂടുതല്‍ തുക ഈടാക്കാനാവില്ല. ഈ സാഹചര്യത്തില്‍ ചിത്രം ഹൗസ് ഫുള്ളായി ഓടിയാല്‍പ്പോലും പ്രതീക്ഷയ്‌ക്കൊത്ത് ബോക്‌സ് ഓഫീസ് വിജയമായിരിക്കില്ലെന്ന് അണിയറ പ്രവര്‍ത്തകരില്‍ പലര്‍ക്കും ആശങ്കയുണ്ടെന്ന് രവി കിഷോര്‍ ചൂണ്ടിക്കാട്ടുന്നു. ഒമിക്രോണ്‍ ഭീതിയെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചിരിക്കുകയാണ്.

കൊവിഡിന് പിന്നാലെ സംസ്ഥാനത്ത് തിയേറ്ററുകള്‍ കൂട്ടമായി പ്രവര്‍ത്തനം അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, ടിക്കറ്റ് നിരക്കിലേര്‍പ്പെടുത്തിയ നിയന്ത്രണം സിനിമാ വ്യവസായത്തെ ഒന്നടങ്കം പിടിച്ചുലയ്ക്കുകയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. സിനിമാ മേഖല നേരിടുന്ന നിരവധി പ്രതിസന്ധികളില്‍ ഒന്നുമാത്രമാണ് ഇതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

വിതരണക്കാരെയും നിര്‍മ്മാതാക്കളെയും മാത്രമല്ല, സിനിമാമേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എല്ലാവരും സര്‍ക്കാര്‍ തീരുമാനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ‘കുറഞ്ഞ ടിക്കറ്റ് നിരക്കും ഉദ്യോഗസ്ഥരുടെ റെയ്ഡും കൊണ്ട് കനത്ത നഷ്ടത്തിലാണ് ഞങ്ങള്‍. ഇങ്ങനെ പോയാല്‍ ഒറ്റ സ്‌ക്രീനുള്ള തിയേറ്ററുകള്‍ അധികവും പൂട്ടേണ്ടി വരും’, സംസ്ഥാനത്തെ എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജി.വി.എന്‍ ബാബു പറയുന്നതിങ്ങനെ.

സിനിമാ മേഖലയിലെ എല്ലാ വിഭാഗത്തില്‍നിന്നുമുള്ളവരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും തീരുമാനത്തില്‍നിന്നും പിന്നോട്ടുനീങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധികള്‍ അനാവശ്യമായി ഉണ്ടാക്കുന്നതാണെന്നും അല്ലാത്ത പ്രശ്‌നങ്ങളുണ്ടെങ്കില്‍ റിലീസുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കാത്തത് എന്താണെന്നുമാണ് മന്ത്രി പെര്‍ണി നാനി ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചൂഷണങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ടിക്കറ്റുകള്‍ക്ക് സര്‍ക്കാരാണ് വില നിശ്ചയിക്കുക എന്നും അദ്ദേഹം ഉറപ്പിക്കുന്നു. എന്നിരുന്നാലും വിമര്‍ശങ്ങള്‍ക്ക് പിന്നാലെ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ഈ സമിതിക്കുമുമ്പാകെ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആന്ധ്രാപ്രദേശിലെ സിനിമാ വ്യവസായത്തിലെ ഭൂരിഭാഗം ആളുകളും.

UPDATES
STORIES