ഡബ്ല്യൂസിസി ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ സിനിമ മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്: നിഖില വിമല്‍

വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഉന്നയിക്കുന്ന വിഷയങ്ങള്‍ പ്രസക്തമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്ന പ്രശ്‌നങ്ങള്‍ സിനിമ മേഖലയില്‍ ഉണ്ടെന്നും നടി നിഖില വിമല്‍. വണ്ടര്‍വാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്. ഡബ്ല്യൂസിസി പോലുള്ള മൂവ്‌മെന്‌റുകള്‍ തനിക്ക് ഇഷ്ടമാണെന്നും നിഖില പറഞ്ഞു.

നിഖിലയുടെ വാക്കുകള്‍:

എനിക്ക് ഇഷ്ടമാണ് അത്തരം മൂവ്‌മെന്‌റുകള്‍. സ്ത്രീകള്‍ക്ക് വേണ്ടി സ്ത്രീകള്‍ സംസാരിക്കുക എന്നതും ഒരാള്‍ക്കൊപ്പം നില്‍ക്കുക എന്നതും ചെയ്യേണ്ട കാര്യമായിട്ടു തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഡബ്ല്യൂസിസിയെ പോലൊരു സംഘടനയെ പുറത്തു നിന്നുള്ളവര്‍ ജഡ്ജ് ചെയ്യുന്നത് സംഘടനയുടെ വളര്‍ച്ച കാണാത്തതുകൊണ്ടാണ്. പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ഒരു സംഘടന മാത്രമായിട്ടായിരിക്കാം തോന്നുന്നത്. പക്ഷെ അതിന്‌റെ പുറകില്‍ സംഘടനയിലെ അംഗങ്ങള്‍ ഒരുപാട് പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘടന എന്താണ് എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇന്ന് മനസിലായില്ലെങ്കിലും നാളെ അതിന്‌റെ ഗുണം ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. എന്തെങ്കിലും ഒന്ന് സോഷ്യല്‍ മീഡിയയില്‍ ഇടാന്‍ വേണ്ടി മാത്രം ബുദ്ധിയില്ലാത്ത ആളുകളല്ല അവര്‍.

സംഘടനയിലെ എല്ലാവരും ക്രിയേറ്റീവ് സ്‌പേസിലും ആര്‍ട്‌സ് സ്‌പേസിലും ജോലി ചെയ്യുന്ന ആളുകളാണ്. ഒരുപാട് വര്‍ഷത്തെ അനുഭവപരിചയമുള്ളവരാണ്. ഇവര്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെ ഉണ്ട്. ഇല്ല എന്ന് പറയുന്നില്ല. പക്ഷെ ഓരോരുത്തരുടേയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കും. എനിക്ക് അത്തരം ഒരു അനുഭവം ഇല്ല എന്നുവച്ച് മറ്റൊരാള്‍ക്ക് അതുണ്ടായിട്ടില്ല എന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ആളുകളെ ഡീല്‍ ചെയ്യുന്നതു പോലെയോ എന്നോട് ആളുകള്‍ ഡീല്‍ ചെയ്യുന്നതു പോലെയോ ആയിരിക്കില്ല ചിലപ്പോള്‍ മറ്റൊരാളോട്.

ചില ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് ഫെമിനിസ്റ്റ് ആണോ എന്ന്. ആ ചോദ്യത്തില്‍ നിന്നു തന്നെ അറിയാം അവര്‍ക്ക് വേണ്ടുന്ന ഉത്തരം വേറെ ആണ് എന്നത്. അതിനുള്ള ഉത്തരമേ ഞാന്‍ കൊടുക്കാറുള്ളു. എന്നോട് എങ്ങനെ ചോദിക്കുന്നോ അതിനുള്ള മറുപടിയേ ഞാന്‍ കൊടുക്കാറുള്ളൂ. എന്നോട് ഫണ്‍ ആയി സംസാരിച്ചാല്‍ ഞാനും തിരിച്ച് ഫണ്‍ ആയി സംസാരിക്കും. എന്നെ കുത്തിയാല്‍ ഞാന്‍ തിരിച്ചും കുത്തും. കൃത്യമായി ചോദ്യം ചോദിച്ചാല്‍ അതിന് കൃത്യമായി മറുപടി പറയാന്‍ എനിക്കറിയാം.

UPDATES
STORIES