പേരന്‍പിന് ശേഷം റാം ചിത്രത്തില്‍ നിവിന്‍ പോളി; ഫൈനല്‍ ഷെഡ്യൂള്‍ എആര്‍ റഹ്‌മാന്‍ സ്റ്റുഡിയോയില്‍

മമ്മൂട്ടിയുടെ വൈകാരികാഭിനയങ്ങളോടെ എത്തിയ പേരന്‍പിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് റാം. നിവിന്‍ പോളിയെ കേന്ദ്രകഥാപാത്രമാക്കി റാം തയ്യാറാക്കുന്ന ദ്വിഭാഷാ ചിത്രവും പ്രഖ്യാപന ഘട്ടം മുതല്‍ വലിയ പ്രതീക്ഷകളുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ, ചിത്രം അവസാന ഘട്ടഷെഡ്യൂളിലേക്ക് കടന്നിരിക്കുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

നേരം, റിച്ചി എന്നിവയ്ക്കു ശേഷം നിവിന്‍ പോളി അഭിനയിക്കുന്ന തമിഴ് ചിത്രംകൂടിയാണിത്. ചെന്നൈയിലെ എ.ആര്‍ റഹ്‌മാന്റെ സ്റ്റുഡിയോ ഫ്‌ളോറില്‍ ആണ് ഈ ചിത്രത്തിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ആരംഭിച്ചിരിക്കുന്നത്. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചിയാണ് ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നിവിന്‍ പോളിക്കൊപ്പം അഞ്ജലിയും സൂരിയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. റാമിനും, ഈ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ചെയ്യുന്ന നടന്‍ സൂരിക്കും ഒപ്പമുള്ള ചിത്രങ്ങള്‍ നിവിന്‍ പോളിയും സമൂഹ മാധ്യങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. റാമും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കനകം കാമിനി കലഹമാണ് നിവിന്‍ പോളിയുടേതായി ഒടുവില്‍ എത്തിയ ചിത്രം. റിലീസിന് തയ്യാറായിരിക്കുന്ന രാജീവ് രവിയുടെ തുറമുഖത്തിലും നടന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

UPDATES
STORIES