അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന; ദിലീപിനെതിരെ ജാമ്യമില്ലാ കേസ്

നടൻ ദിലീപിനെതിരെ ജാമ്യമില്ലാ കേസ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു കെ പൗലോസ് ഉൾപ്പടെയുള്ള പൊലീസുകാരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിലാണ് കേസ്. ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് ക്രൈംബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടി.

അന്വേഷണ ഉദ്യോഗസ്ഥരെയും ഒന്നാം പ്രതി പള്‍സര്‍ സുനിയെയും വകവരുത്താന്‍ ദീലിപ് പദ്ധതിയിട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദസന്ദേശങ്ങളായിരുന്നു ബാലചന്ദ്രകുമാർ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പുറത്ത് വിട്ടത്. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാർ രംഗത്തെത്തിയത്.

ദിലീപിന്റെയും അജ്ഞാതനായ ഒരു വിഐപിയുടെയും സംഭാഷണം എന്ന തരത്തിലാണ് ശബ്ദരേഖ പുറത്തുവന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും ശബ്ദരേഖയിൽ സംസാരിക്കുണ്ട്. ‘ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും’ എന്ന് ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് പറയുന്നതും എല്ലാവരും പൊട്ടിച്ചിരിക്കുന്നതും ശബ്‌ദരേഖയിലുണ്ട്.

ശബ്ദരേഖ ഇങ്ങനെ:

ദിലീപ്: അഞ്ച് ഉദ്യോഗസ്ഥന്‍മാര്‍ നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്

വിഐപി: കോപ്പന്‍മാര്‍ ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ

ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള്‍ കാണേണ്ടി വരും.

ബൈജു കെ പൗലോസ് നൽകിയ പരാതിയിലിയാണ് നിലവിലെ നടപടി. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ കോടതി നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണ സംഘം നടനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്‌തത്‌.

നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. തുടർന്ന് ആരോപണങ്ങളിൽ അന്വേഷണം നടത്താൻ കോടതി നിർദേശിച്ചു. വിചാരണ നിർത്തിവെച്ച് പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജി ഈ മാസം 20ന് കോടതി പരിഗണിക്കും.

അതേസമയം ആറ് മാസത്തേക്ക് കൂടി വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുകൾ അന്വേഷിക്കണമെന്നും അപേക്ഷയിൽ പറയുന്നു.

UPDATES
STORIES