‘ഓരോ ഷോട്ടുകളുടെയും പൂര്‍ണതയ്ക്കായി നിങ്ങള്‍ രാവും പകലും അക്ഷീണമായി പണിയെടുക്കുന്നു’; പാപ്പന്‍ സെറ്റില്‍നിന്ന് ജോഷിക്കൊപ്പം നൈല ഉഷ

ജോഷിയുടെ സംവിധാനത്തില്‍ സുരേഷ് ഗോപി പ്രധാനവേഷത്തിലെത്തുന്ന പാപ്പന്‍ കഴിഞ്ഞ ദിവസമാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നും ജോഷിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി നൈല ഉഷ. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമെന്ന കുറിപ്പോടെയാണ് നൈല ഉഷ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

‘എല്ലാ സ്‌നേഹത്തിനും നന്ദി. താങ്കള്‍ താങ്കളുടെ കലയെ വാര്‍ത്തെടുക്കുന്നത് അടുത്തുനിന്ന് അനുഭവിക്കാന്‍ ഒരു അവസരംകൂടി തന്നതിന്. ഓരോ ഷോട്ടുകളുടെയും പൂര്‍ണതയ്ക്കായി നിങ്ങള്‍ രാവും പകലും എത്രയോ അക്ഷീണമായാണ് പ്രവര്‍ത്തിക്കുന്നത്… ഓരോ അഭിനേതാക്കളെയും അഭിനന്ദിക്കുകയും അവരുടെ പങ്ക് വിലപ്പെട്ടതാണെന്ന് തോന്നിപ്പിക്കുകയും ചെയ്യുന്നു… നിങ്ങളിലെ ഊര്‍ജ്ജം എല്ലാവരിലേക്കും പടരുന്നാണ്’, നൈല ഉഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘പാപ്പന്‍’ പോസ്റ്റ്‌പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണെന്നും നടി അറിയിച്ചു. അനുയോജ്യമായ സമയത്ത് ചിത്രം തിയേറ്ററുകളിലെത്തും. മികച്ച അഭിനേതാക്കളും പിടിച്ചിരുത്തുന്ന കഥയുമൊക്കെ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രം റിലീസാവാന്‍ താനും കാത്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ജോഷി ചിത്രം പൊറിഞ്ചു മറിയം ജോസില്‍ നൈല ഉഷ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൊറിഞ്ചുവിന് ശേഷം ജോഷിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ലേലം, വാഴുന്നോര്‍, പത്രം, സലാം കാശ്മീര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാപ്പനുണ്ട്. ഗോഗുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യമായാണ് സുരേഷ് ഗോപിയും ഗോഗുല്‍ സുരേഷും ഒന്നിച്ച് അഭിനയിക്കുന്നത്.

ക്രൈം ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രമെത്തുന്നത്. എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രമാണ് സുരേഷ് ഗോപിയുടേത്. നീത പിള്ള, ആശ ശരത്, കനിഹ, ഷമ്മി തിലകന്‍, ടിനി ടോം, ചന്ദുനാഖ്, വിജയരാഘവന്‍ തുടങ്ങിയ അഭിനേതാക്കളും വിവിധ വേഷങ്ങള്‍ ചെയ്യുന്നുണ്ട്. ആര്‍.ജെ ഷാനിന്റേതാണ് തിരക്കഥ. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍ന്‍സും ഇഫാര്‍ മീഡിയയും ചേര്‍ന്നാണ് നിര്‍മ്മാണം.

UPDATES
STORIES