ഓസ്‌കാറെന്ന പേര് എവിടെ നിന്ന്? ഗോള്‍ഡന്‍മാന് എന്ത് വിലവരും?

94-ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദി ഉണരാന്‍ ഇനി ശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. മാര്‍ച്ച് 28 തിങ്കള്‍ ഇന്ത്യന്‍ സമയം, പുലര്‍ച്ചെ 5.30 മുതല്‍ 8.30 വരെയുള്ള മുന്നുമണിക്കൂര്‍ ചടങ്ങില്‍ മികച്ച് ചിത്രം അടക്കം 24 കാറ്റഗറികളിലായാണ് പുരസ്‌കാരങ്ങള്‍ കൈമാറുന്നത്. ലോകസിനിമാ പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന വേദി. ഹോളിവുഡിന്റെ പ്രിയപ്പെട്ട ഗോള്‍ഡന്‍ മാനിന്റെ വില എത്രയാണെന്ന് അറിയാമോ..? ഓസ്‌കാര്‍ എന്ന പേര് എങ്ങനെയുണ്ടായെന്ന്?

13.5 ഇഞ്ച് ഉയരവും 4 കിലോഗ്രാമോളം തൂക്കവുമുള്ള ഓസ്‌കാര്‍ പ്രതിമ ഗോള്‍ഡന്‍മാന്‍ എന്നാണ് അറിയപ്പെടുന്നത്. പേരില്‍ ‘ഗോള്‍ഡന്‍’ ആണെങ്കിലും ലോഹ പ്രതിമയ്ക്ക് മേല്‍ സ്വര്‍ണ്ണം പുശിയാണ് പ്രതിമ നിര്‍മ്മിക്കുന്നത്. ആദ്യകാലത്ത് വെങ്കലമാണ പ്രതിമ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരുന്നത്. ഏകദേശം 400 ഡോളറാണ് (30000 രൂപയിലധികം) പ്രതിമയുടെ നിര്‍മ്മാണ ചെലവ്. എന്നാല്‍ വില്‍ക്കാന്‍ ശ്രമിച്ചാല്‍ അത്രപോലും വിലയില്ല. ഓസ്‌കാര്‍ നിയമപ്രകാരം 1950 ശേഷം അംഗീകരിക്കപ്പെട്ട എല്ലാ ഓസ്‌കാര്‍ ശില്‍പ്പത്തിന്റെയും വില ഒരു ഡോളറാണ്. ഓസ്‌കാറിന് അര്‍ഹനായവരോ അവരുടെ പിന്‍തലമുറക്കാരോ പുരസ്‌കാര പ്രതിമ വില്‍ക്കാന്‍ തീരുമാനിക്കുന്ന പക്ഷം അത് അക്കാദമിക്ക് തന്നെ ഒരു ഡോളറിന് വില്‍ക്കാന്‍ തയ്യാറാകണമെന്നാണ് നിയമം.

അതിനാല്‍ തന്നെ 1950 ന് മുന്‍പ് നല്‍കപ്പെട്ടിട്ടുള്ള അവാര്‍ഡുകള്‍ക്ക് വലിയ മാര്‍ക്കറ്റാണുള്ളത്. ‘സിറ്റിസണ്‍ കേന്‍’ എന്ന സിനിമയുടെ തിരക്കഥയ്ക്ക് 1941-ല്‍ ഓര്‍സണ്‍ വെല്ലിസ് നേടിയ ഓസ്‌കാര്‍ 2011-ല്‍ ലേലം ചെയ്യപ്പെട്ടത് ആറരക്കോടി രൂപയ്ക്കാണ്.

1929 മുതല്‍ ഓസ്‌കാര്‍ നിലവിലുണ്ടെങ്കിലും 1939 മുതലാണ് പുരസ്‌കാരത്തിന് ഓസ്‌കാര്‍ എന്ന പേര് ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയത്. ഈ പേരിന് പിന്നിലും നിരവധി കഥകളാണുള്ളത്. 1941 കാലഘട്ടത്തില്‍ അക്കാദമി പ്രസിഡന്റ് ആയിരുന്ന ബെറ്റ് ഡേവിസ് തന്റെ ആത്മകഥയില്‍ അവകാശപ്പെടുന്നത്, തന്റെ പങ്കാളിയും ഗായകനുമായ ഹാര്‍മന്‍ ഓസ്‌കാര്‍ നെല്‍സണില്‍ നിന്നാണ് താന്‍ പുരസ്‌കാരത്തിന് ഓസ്‌കാര്‍ എന്ന പേര് നല്‍കിയെന്നാണ്.

മറ്റൊരു കഥ അക്കാദമി എക്സിക്യൂട്ടീവ് ഡയറക്ടറായ മാര്‍ഗരറ്റ് ഹെറികിന്റേതാണ്. 1931 ല്‍ ആദ്യമായി പുരസ്‌കാര ശില്‍പം കണ്ട അവര്‍ അതിന് തന്റെ അമ്മാവന്‍ ഓസ്‌കാറിന്റെ രൂപമുണ്ടെന്ന് കണ്ട് നല്‍കിയ പേരാണതെന്ന് പറയപ്പെടുന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്നതായി പറയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിഡ്നി സ്‌കോള്‍സ്‌കി 1934 ആറാമത് അക്കാദമി അവാര്‍ഡുമായി ബന്ധപ്പെട്ട ഒരു കോളത്തില്‍ ഈ പേര് പരാമര്‍ശിച്ചു. ആദ്യമായി ഓസ്‌കാര്‍ എന്ന പേര് അക്കാദമി അവാര്‍ഡിന്റെ ഭാഗമായി പ്രസിദ്ധീകരിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കോളത്തിലാണ്. അതേവര്‍ഷം ടൈം മാഗസിനും ഓസ്‌കാര്‍ എന്ന പേര് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ആറാമത് അക്കാദമി പുരസ്‌കാരം ഏറ്റുവൈാങ്ങിയ വാള്‍ട്ട് ഡിസ്നിയും പുരസ്‌കാരവേദിയില്‍വെച്ച് പുരസ്‌കാര ചടങ്ങിനെ ഓസ്‌കാര്‍ എന്ന് വിളിച്ചു.

UPDATES
STORIES