‘സർക്കാർ തീരുമാനിക്കും’; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമെന്ന് മന്ത്രി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന ആവശ്യത്തില്‍ ഡബ്ല്യൂസിസിക്കെതിരെ പരോക്ഷ വിമർശനവുമായി സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോർട്ട് പുറത്ത് വിടാനാവശ്യപ്പെടുന്നവർക്ക് വേറെ ഉദ്ദേശമാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാനായി സർക്കാർ വിളിച്ചുചേർത്ത യോഗത്തിന് മുന്‍പായിരുന്നു മന്ത്രിയുടെ പ്രതികരണം.

റിപ്പോർട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിപ്പോർട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

‘സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷിതത്വമാണ് സർക്കാരിന്റെ പ്രധാന അജണ്ട. അതിനായി ഹേമ റിപ്പോർട്ടിലെ ഉള്ളടക്കം അംഗീകരിച്ച് സർക്കാർ തുടർ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ റിപ്പോർട്ട് പുറത്ത് വിടുന്നതിനേക്കാൾ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കുന്നതിനാണ് ശ്രദ്ധകൊടുക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ സാംസ്കാരിക വകുപ്പ് മുന്നോട്ടുവെച്ച കരട് നിർദേശങ്ങൾ പുറത്തുവന്നു. തുല്യവേതനം, അടിസ്ഥാന സൗകര്യങ്ങൾ, സുരക്ഷിതമായ താമസ, യാത്ര സൗകര്യങ്ങൾ എന്നിങ്ങനെയാണ് സാംസ്കാരിക വകുപ്പിന്റെ പ്രധാന നിർദേശങ്ങള്‍. സിനിമ ജോലികളിൽ വ്യക്തമായ കരാർ വ്യവസ്ഥ നിർബന്ധമാക്കും, സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം പാടില്ല എന്നീ നിർദേശങ്ങളും വകുപ്പ് മുന്നോട്ടുവയ്ക്കുന്നു.

ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, ക്രിമിനൽ പശ്ചാത്തലമുള്ള ഡ്രൈവർമാരെ നിയമിക്കരുത്, സോഷ്യൽ മീഡിയയിലൂടെയുള്ള കാസ്റ്റിംഗ് ഓഡിഷനുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും എന്നിവയും നിർദേശങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം ഉള്‍പ്പെടുന്ന സമ​ഗ്ര നിയമം പ്രാബല്യത്തിൽ കൊണ്ടുവരണമെന്നാണ് സാംസ്കാരിക വകുപ്പ് മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്നത്തെ യോഗത്തില്‍ ഈ നിർദേശങ്ങളില്‍ ചർച്ചയുണ്ടാകുമെന്നാണ് വിവരം. അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അടക്കം സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളെയും യോഗത്തിലേക്ക്  ക്ഷണിച്ചിട്ടുണ്ട്. 

UPDATES
STORIES