ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വിശദീകരണവുമായി മന്ത്രി പി.രാജീവ്

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ഡബ്ല്യുസിസി ആവശ്യപ്പെട്ടിട്ടാണ് എന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി പി.രാജീവ്. റിപ്പോര്‍ട്ട് അതേപടി പുറത്തുവിടരുത് എന്നാല്‍ അതിലെ ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നുമാണ് ഡബ്ല്യുസിസി ആവശ്യപ്പെട്ടത് എന്നാണ് താന്‍ പറഞ്ഞതെന്ന് പി.രാജീവ് പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടാണ് മന്ത്രിയുടെ വിശദീകരണം.

‘കമ്മീഷന്‍സ് ഒഫ് എന്‍ക്വയറി ആക്റ്റ് അനുസരിച്ചല്ല ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയമിച്ചത്. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്‌ക്കേണ്ട കാര്യമില്ല. ഡബ്ല്യുസിസി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ഹേമയ്ക്ക് മുമ്പാകെ മൊഴി നല്‍കിയവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ അവരുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പുറത്തുവിടേണ്ടതില്ലെന്ന നിലപാടാണ് ഡബ്ല്യു.സി.സിക്കുള്ളതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളും ശുപാര്‍ശകളും നടപ്പാക്കുക എന്നതിനാണ് പ്രാമുഖ്യം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.’

ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസിലെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ആശയസംവാദത്തിനിടയില്‍ മന്ത്രി നടത്തിയ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം.

അതേസമയം റിപ്പോര്‍ട്ട് അതിന്‌റെ രഹസ്യസ്വഭാവം നിലനിര്‍ത്തിക്കൊണ്ട് പുറത്തുവിടണം എന്നാവശ്യപ്പെട്ട് മന്ത്രിക്ക് നല്‍കിയ കത്ത് ഡബ്ല്യുസിസി പരസ്യപ്പെടുത്തി.

‘സിനിമാരംഗത്തെ സ്ത്രീ അവസ്ഥ പഠിക്കാനായി സ്തുത്യര്‍ഹമായ വിധം ഇടപെട്ട പിണറായി സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ പഠന റിപ്പോര്‍ട്ടിന്മേല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നതും ഞങ്ങളെ ആശങ്കാകുലരാക്കുന്നുണ്ട്. ഒന്നര കോടി രൂപയിലേറെ നികുതിപ്പണം ചിലവിട്ട് രണ്ടുവര്‍ഷമെടുത്ത് പഠിച്ച ശേഷം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ സംക്ഷിപ്ത രൂപവും കമ്മിറ്റി മുന്നോട്ടുവച്ച(?) നിര്‍ദ്ദേശങ്ങള്‍ പുറത്തുകൊണ്ടുവരികയും വേണ്ട ചര്‍ച്ചകള്‍ നടത്തി പ്രായോഗിക നടപടികള്‍ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. കേരളമടക്കം തെലുങ്ക്, കന്നട, തമിഴ് സിനിമ രംഗത്തെ തൊഴിലിടത്തെ സ്ത്രീ പ്രശ്നങ്ങള്‍ ഡബ്ല്യുസിസിയുടെ നേതൃത്വത്തില്‍ പഠിക്കുകയും ക്രിയാത്മക നിര്‍ദേശങ്ങളോടെ ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തത് ഇതിനൊപ്പം താങ്കളുടെ ശ്രദ്ധയിലേക്കായി സമര്‍പ്പിക്കുന്നു,’ എന്നാണ് കത്തില്‍ പറയുന്നത്.

UPDATES
STORIES