‘പട’ ഗംഭീരം; ആദിവാസി-ദളിത് സമൂഹത്തിന്‌റെ ഭൂമി അവര്‍ക്ക് നല്‍കുക: പാ രഞ്ജിത്

കെ.എം കമല്‍ സംവിധാനം ചെയ്ത ‘പട’ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. വിട്ടുവീഴ്ചകളില്ലാതെ ശക്തമായ രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള്‍ പട എന്ന ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് സിനിമ സംവിധായകന്‍ പാ രഞ്ജിത്.

‘അതിമനോഹരമായാണ് സംവിധായകന്‍ കെ.എം കമല്‍ പട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. സിനിമയുടെ തിരക്കഥയാണ് ഈ ചിത്രത്തെ ഇത്രയധികം സവിശേഷമാക്കിയിരിക്കുന്നത്. ഒരു വിട്ടുവീഴ്ചയും കൂടാതെ യഥാര്‍ഥ സംഭവത്തെ അതുപോലെ തന്നെ പുനര്‍നിര്‍മിക്കാന്‍ സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമാണ്. ദളിതരുടേയും ആദിവാസികളുടേയും ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കുക. എല്ലാ അഭിനേതാക്കളും ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. പ്രേക്ഷകരുമായി ഈ സിനിമയെ ഇത്രയധികം ബന്ധിപ്പിച്ച ടീമിന് അഭിനന്ദനങ്ങള്‍,’ പാ രഞ്ജിത് കുറിച്ചു.

കേരളത്തിന്റെ സമരചരിത്രത്തിൽ വേറിട്ട പ്രതിരോധവുമായി ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടിയ സംഘടനയാണ് അയ്യങ്കാളിപ്പട. 25 വർഷങ്ങൾക്ക് മുൻപ് അയ്യങ്കാളിപ്പട നടത്തിയ യഥാർഥത്ത സമരത്തെ ആസ്പദമാക്കിയാണ് പട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. 1996 ൽ പാലക്കാട് കളക്ട്രേറ്റിൽ അയ്യങ്കാളി പടയിലെ നാലു പേർ കളക്ടറെ ബന്ദിയാക്കുകയും പിന്നീട് ഉണ്ടായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

വിനായകൻ, കുഞ്ചാക്കോ ബോബൻ, ദിലീഷ് പോത്തൻ, ജോജു ജോർജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

UPDATES
STORIES