‘പട’ കണ്ട പലരും അന്വേഷിച്ചത് കളക്ടര്‍ അജയ് ശ്രീപദ് ഡാങ്കെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആ ചെറുപ്പക്കാരന് ആരാണെന്നായിരുന്നു. പുനെയില്‍ വളര്‍ന്ന മലയാളിയായ അര്ജുന് രാധാകൃഷ്ണന് ആയിരുന്നു ആ വേഷം മനോഹരമാക്കിയത്. നിലവില്‍ സോണിലിവില്‍ സ്ട്രീം ചെയ്യുന്ന, ഏറെ പ്രശംസ നേടിയ റോക്കറ്റ് ബോയ്സ് എന്ന വെബ്സീരീസില്‍ മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ മാനുമായ ഡോ എപിജെ അബ്ദുള്‍ കലാമിനെ അവതരിപ്പിച്ചതും അര്ജുന് ആയിരുന്നു.
‘പട’യിലേക്ക് എത്തിയത്
എഫ്ടിഐഐയില്‍ നിന്നുള്ള എന്റെ ഒരു സുഹൃത്ത് വഴിയാണ് പടയില്‍ എത്തുന്നത്. അദ്ദേഹം കമലേട്ടന്റെ അസിസ്റ്റന്റ് ആയിരുന്നു. ‘പട’യിലെ തന്നെ, സച്ചിന് അഗര്‍വാള്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലേക്കാണ് ഞാന്‍ ആദ്യം ഓഡിഷന് കൊടുത്തത്. ഞാന്‍ ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളര്‍ന്നതും പുനെയിലാണ്. മൂന്ന് വര്‍ഷം മുന്‍പാണ് ഈ സിനിമ ചെയ്യുന്നത്. അന്ന് എന്റെ മലയാളം ഇതിനെക്കാള്‍ കുഴപ്പം പിടിച്ചതാണ്. ഓഡിഷന് സമയത്ത് സംവിധായകന് കമല്‍ എന്റെ മലയാളം കേട്ടു. എന്നാല്‍ അദ്ദേഹം പ്രതീക്ഷിച്ചതിനെക്കാള്‍ നന്നായി ഞാന്‍ സംസാരിക്കുന്നുണ്ട് എന്ന് പറഞ്ഞു. അങ്ങനെ കമലേട്ടന് ഈ വേഷത്തിലേക്ക് എന്നെ തീരുമാനിക്കുന്നത്. യഥാര്‍ഥ സംഭവം നടക്കുന്ന കാലത്ത് പാലക്കാട് കലക്ടറായിരുന്ന ഡബ്ല്യൂ.ആര് റെഡ്ഡി ആന്ധ്രാക്കാരനായിരുന്നു. എന്റെ പശ്ചാത്തലം മറാത്തി ആയതുകൊണ്ട് സിനിമയിലും അങ്ങനെയാക്കി. ഞാന്‍ സെറ്റില്‍ മറ്റുള്ളവരുടെ മലയാളം കേട്ട് എന്റെ ഭാഷ മെച്ചപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു. അപ്പോള്‍ കമലേട്ടന് പറയും അതു വേണ്ട എന്ന്. ഇപ്പോള്‍ സംസാരിക്കുന്നതു പോലെ സംസാരിച്ചാല്‍ മതി. അതാണ് അജയ് ശ്രീപദ് ഡാങ്കെയ്ക്ക് ആവശ്യം.

ആ വേഷം ചെയ്യാന്‍ എനിക്ക് സത്യത്തില്‍ ഭയമായിരുന്നു. കാരണം അത്ര ഗംഭീര അഭിനേതാക്കളുടെ (കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്, വിനായകന്, ദിലീഷ് പോത്തന്) കൂടെയാണ് അഭിനയിക്കേണ്ടത്. എന്റെ കഥാപാത്രത്തെ ബന്ദിയാക്കിയ ഈ മുറിയിലാണ് എല്ലാം നടക്കുന്നത്. അവര്‍ ഇത്രയും നന്നായി അഭിനയിക്കുമ്പോള്‍ ഞാന്‍ കാരണം എന്തെങ്കിലും തെറ്റുണ്ടാകുമോ എന്ന പേടിയായിരുന്നു.
സിനിമ കണ്ടപ്പോള്‍
ഞാന്‍ റിലീസിന്റെ തലേദിവസം ഉണ്ടായിരുന്ന പ്രിവ്യൂ ആണ് കണ്ടത്. വളരെ സന്തോഷം തോന്നി. 2019ലാണ് സിനിമ ഷൂട്ട് ചെയ്തത്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സിനിമ കണ്ടത്. വളരെ ഫ്രഷ് ആയി തോന്നി. കുറേ പേര് നല്ല അഭിപ്രായം പറഞ്ഞു. എന്റെ അച്ഛന് മലയാളിയും അമ്മ നാഗര്‍കോയില്‍ സ്വദേശിയുമാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് അച്ഛന് മരിച്ചത്. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഒരു മലയാളം സിനിമയില്‍ അഭിനയിച്ചു കാണുന്നതില്‍ ഏറെ സന്തോഷിച്ചേനെ. അമ്മയ്ക്ക് സിനിമ ഇഷ്ടമായി.
കളക്ടറെ ബന്ദിയാക്കിയ രംഗത്തില്‍ കെട്ടിയിട്ടത് യഥാര്‍ഥത്തില്‍ ആയിരുന്നോ?
അതെയതെ. നല്ല കെട്ടാണ് കെട്ടിയത്. കൈ നല്ല വേദനയുണ്ടായിരുന്നു. പക്ഷെ അഭിനയത്തില്‍ കൈ എത്ര പ്രധാനപ്പെട്ടതാണ് എന്ന് തിരിച്ചറിയാനുള്ള ഒരു അവസരമായിരുന്നു അത്. 15 ദിവസത്തോളം ഞാന്‍ അങ്ങനെയാണ് അഭിനയിച്ചത്. അത് കുറച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞാന്‍ പറഞ്ഞല്ലോ 2019ലായിരുന്നു ഈ സിനിമ ഷൂട്ട് ചെയ്തത്. അതിന് മുന്‍പ് ഝൂണ്ട് എന്നൊരു ഹിന്ദി സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലെ എന്റെ കഥാപാത്രത്തിന് ഇത്ര തടിയില്ല. ഷൂട്ട് തുടങ്ങുന്നതിന് ഒരു മാസം മുന്‍പ് പത്ത് കിലോ കൂട്ടേണ്ടി വന്നു. തടി കൂട്ടണം എന്ന് കമലേട്ടന് പറഞ്ഞു. ഝൂണ്ടിന്റെ ക്ലൈമാക്സ് ചിത്രീകരിച്ചത് പടയ്ക്ക് ശേഷം ആയിരുന്നു. വീണ്ടും തടി കുറയ്ക്കേണ്ടി വന്നു.
റോക്കറ്റ് ബോയ്സിലെ എ.പി.ജെ അബ്ദുള്‍ കലാമിന്റെ വേഷം

കഥാപാത്രം ഇത്രയധികം ശ്രദ്ധ നേടിയതില്‍ സന്തോഷമുണ്ട്. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു ഓഡിഷന്. ഈ കഥാപാത്രത്തിന് വേണ്ടി എന്നെ വിളിച്ചപ്പോള്‍, ഒരു നിമിഷം ലോകം നിശ്ചലമായതു പോലെ തോന്നി. ഈ കഥ പറയുന്ന കാലഘട്ടം, അതായത് 1956 മുതലുള്ള സമയം, അതിനെ പറ്റി വിഷ്വല്‍ റഫറന്‍സ് ഇല്ലായിരുന്നു. സാരാഭായിയുടെ കൂടെയിരുന്ന കാലത്തെ അബ്ദുള്‍ കലാമിന്റെ ഏതാനും ഫോട്ടോകള്‍ ഞാന്‍ കണ്ടെത്തി. കൂടുതലും എന്റെ ഭാവനയെ തന്നെയാണ് ഞാന്‍ ആശ്രയിച്ചത്.
മറ്റ് സിനിമകള്‍
2017ലാണ് എന്റെ ആദ്യ ചിത്രം റിലീസാകുന്നത്. ശ്രീലാന്‍സര്‍. ശ്രീപദ് നായിക് എന്ന ഫ്രീലാന്‍സ് കോപ്പിറൈറ്ററുടെ വേഷമായിരുന്നു അതില്‍. പിന്നീട് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ഝുന്ഡ് ഈ മാര്‍ച്ചില്‍ എത്തി. അദ്ദേഹത്തിന് മകനായാണ് അഭിനയിച്ചത്. റോക്കറ്റ് ബോയ്സിന്റെ രണ്ടാം സീസണ് വരുന്നുണ്ട്. വാട്ട് എന്നൊരു മറാത്തി ചിത്രം ചെയ്തു. ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ക്കൊപ്പം ഷൈജു ഖാലിദ്-സമീര്‍ താഹിര്‍-ആഷിഖ് ഉസ്മാന് ടീമിന്റെ ഒരു മലയാളം ചിത്രമാണ് അടുത്തത്.

കുടുംബം
അച്ഛന് എസ് രാധാകൃഷ്ണന് ആലുവ സ്വദേശിയും അമ്മ ലത നാഗര്‍കോവില്‍ സ്വദേശിയുമാണ്. ഞാന്‍ വളര്‍ന്നത് പുനെയിലാണ്, കുട്ടിക്കാലം തൊട്ട് മമ്മൂട്ടിയുടെയും അമിതാഭ് ബച്ചന്റെയും ആരാധകനാണ്. എഫ്ടിഐഐയില്‍ (ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ) പഠിച്ചിട്ടില്ലെങ്കിലും എന്റെ അഭിനയ ജീവിതത്തില്‍ ഞാന്‍ ആ സ്ഥാപനത്തോട് കടപ്പെട്ടിരിക്കുന്നു. അവിടേക്ക് രണ്ടുതവണ അപേക്ഷിച്ചു. പക്ഷേ പ്രവേശനം കിട്ടിയില്ല. എഫ്ടിഐഐയിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച 20-30 സിനിമകളില്‍ ഞാന്‍ പ്രവര്‍ത്തിച്ചു. അത് എനിക്ക് ഒരു സ്കൂളായിരുന്നു. ചില ക്ലാസുകളില്‍ ഞാന്‍ എന്റെ സുഹൃത്തുക്കളോടൊപ്പം ഇരുന്നു. എഫ്ടിഐഐ കാന്റീന് പാസ്-ഔട്ട് എന്നാണ് ഞാന്‍ എന്നെത്തന്നെ വിളിക്കുന്നത്. അതോടൊപ്പം ഞാന്‍ കുറച്ച് നാടകങ്ങളിലും അഭിനയിച്ചു.