കെ.എം കമലിന്റെ സംവിധാനത്തിലെത്തിയ പട ഒടിടി റിലീസിനൊരുങ്ങുന്നു. മാര്‍ച്ച് 30ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും. മാര്‍ച്ച് 11നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.
വിനായകന്, കുഞ്ചാക്കോ ബോബന്, ദിലീഷ് പോത്തന് എന്നിവര്‍ കേന്ദ്രകഥാപാത്രമായ ചിത്രം ഇതിനോടകം തന്നെ മികച്ച പ്രതികരണങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ഇവര്‍ക്കൊപ്പം, അര്ജുന് രാധാകൃഷ്ണന്, കനി കുസൃതി, പ്രകാശ് രാജ്, ഉണ്ണിമായ പ്രസാദ്, ജഗദീഷ്, സലിംകുമാര്‍ തുടങ്ങിയവരും വിവിധ വേഷങ്ങളിലെത്തിയിരുന്നു.
1996ല്‍ പാലക്കാട് കളക്ടറെ ബന്ധിയാക്കി അയ്യങ്കാളിപ്പടയിലെ നാല് നേതാക്കള്‍ നടത്തിയ പ്രതിഷേധ സമരത്തിന്റെ ആഖ്യാനമാണ് പടയിലേത്. ചരിത്രത്തിന്റെ പുനരാഖ്യാനം എന്ന നിലയിലാണ് ശ്രദ്ധേയമായിരിക്കുന്നതും. ഇ ഫോര്‍ എന്റര്ടൈന്മെന്റ്സിന്റെയും എ.വി.എ പ്രൊഡക്ഷന്‍സിന്റേയും ബാനറിലാണ് നിര്‍മ്മാണം. സമീര്‍ താഹിര്‍ ചിത്രത്തിന്റെ ഛായാഗ്രഹണവും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിച്ചു.
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ എത്തുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് പടയുടെയും ഒടിടി റിലീസ് പ്രഖ്യാപനം. ഏപ്രില്‍ ഒന്നിനാണ് ഭീഷ്മപര്‍വം ഒടിടിയിലെത്തുക.