തന്റെ ഏറ്റവും പുതിയ വെബ്സീരീസ് ആയ ‘അനാമിക’യെ കുറിച്ച് വാചാലയായി ബോളിവുഡ് താരം സണ്ണി ലിയോണി. താന്‍ ഏറെ സന്തോഷത്തോടെ ചെയ്ത ഒന്നാണ് അനാമിക എന്നും ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും സണ്ണി ലിയോണി പറഞ്ഞു. തന്നില്‍ നിന്നും സാധാരണയായി ആളുകള്‍ പ്രതീക്ഷിക്കുന്ന സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് അനാമിക എന്നും അവര്‍ വ്യക്തമാക്കി. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലാണ് സണ്ണി ലിയോണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആളുകള്‍ ഞാന്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്റെ കഥാപാത്രങ്ങള്‍ സെക്സി ആയിരിക്കുമെന്നും അവര്‍ കരുതുന്നു. കഥാപാത്രം ആവശ്യപ്പെട്ടാല്‍ അത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ എനിക്ക് പ്രശ്നമില്ല. എന്നാല്‍ സണ്ണിയാണെങ്കില്‍ സെക്ഷ്വല്‍ ആയ എന്തെങ്കിലും ഉണ്ടായിരിക്കണം എന്ന് ചില ആളുകള്‍ പറയും. അതും എനിക്ക് പ്രശ്നമല്ല. എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായി, ഇത് വളരെ ബാലന്‍സ്ഡ് ഒരു കഥാപാത്രമാണ്. പ്രണയമുണ്ട്, ഇന്റിമേറ്റ് നിമിഷങ്ങളുണ്ട്. പക്ഷേ ആളുകള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു സിനിമയല്ല ഇത്. ഇന്റിമസി എന്നത് പല തരത്തില്‍ നിര്‍വചിക്കാം.’
തന്റെ ആരാധകരും തന്നോടൊപ്പം വളര്‍ന്നിട്ടുണ്ടെന്നും അവര്‍ തന്നെ പൂര്‍ണമായ ഹൃദയത്തോടെ സ്വീകരിക്കുന്നുണ്ടെന്നും സണ്ണി ലിയോണി പറഞ്ഞു.
ഞാന്‍ എന്റെ ആരാധകരെ സ്നേഹിക്കുന്നു. അവര്‍ എന്നെ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചു. നിങ്ങളുടെ ആദ്യ സിനിമയോ രണ്ടാമത്തെ സിനിമയോ കണ്ടു തുടങ്ങുന്നത് മുതല്‍ അവര്‍ നിങ്ങളോടൊപ്പം നിങ്ങളുടെ യാത്രയില്‍ ഉണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരുകയും പരിണമിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. എന്നോടൊപ്പം അവരും വളര്‍ന്നിട്ടുണ്ട്. അവര്‍ നിങ്ങളെ നിരീക്ഷിക്കുന്നു. കാലത്തിനനുസരിച്ച് നിങ്ങള്‍ക്കുണ്ടാകുന്ന വളര്‍ച്ചയെ അവര്‍ സ്വീകരിക്കുന്നു. ഓരോ സിനിമയും വ്യത്യസ്തമായിരിക്കണം എന്ന് ഞാന്‍ കരുതുന്നു. എന്തുകൊണ്ടാണ് ഒരാള്‍ സമാനമായ കാര്യങ്ങള്‍ വീണ്ടും വീണ്ടും ചെയ്യേണ്ടത്? ചിലപ്പോള്‍, നിങ്ങള്‍ ചെയ്യുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെടും, ചിലപ്പോള്‍ അവര്‍ ഇഷ്ടപ്പെടില്ല. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍, വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാനും എനിക്ക് കിട്ടുന്ന വേഷങ്ങളിലൂടെ അത് തെളിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഒരു സിനിമയല്ല നിങ്ങളെ നിര്‍വചിക്കുന്നത്. തുടരുക, വ്യത്യസ്തമായ കാര്യങ്ങള്‍ പരീക്ഷിക്കുക,’ സണ്ണി ലിയോണി വ്യക്തമാക്കി.