ആംബറിനെതിരെ 20 ലക്ഷം പേരൊപ്പിട്ട് ഭീമഹർജി; അക്വാമാനിലെ വേഷം 10 മിനിറ്റിലേക്ക് ചുരുക്കിയെന്ന് റിപ്പോർട്ട്

ഗാർഹിക പീഡനാരോപണത്തിനെ ഹോളിവുഡ് താരം ജോണി ഡെപ്പ് നല്‍കിയ മാനനഷ്ടക്കേസില്‍ വിചാരണ തുടരവെ മുന്‍ പങ്കാളി ആംബര്‍ ഹേർഡിനെതിരായി ഭീമഹര്‍ജി. ഹേർഡ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വാമാന്‍ 2-ല്‍ നിന്നും താരത്തെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ക്യാമ്പയിന്‍ ഇതുവരെ 20 ലക്ഷത്തോളം ഒപ്പുകള്‍ ശേഖരിച്ചതായാണ് റിപ്പോർട്ട്.

change.org എന്ന വെബ്‌സൈറ്റിലൂടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. ജോണി ഡെപ്പിന്റെ കരിയർ തകർത്ത ആംബറിന്റെ ആരോപണങ്ങളിലെ യാഥാർത്ഥ്യം പുറത്തുവരികയാണെന്നും, യഥാർത്ഥ പ്രതി നടിയാണെന്നും ആരോപിച്ചാണ് ക്യാമ്പയിന്‍. ആംബർ രണ്ടുതവണയിലധികം തവണ മുഖത്തടിച്ചിട്ടുണ്ടെന്നും മദ്യകുപ്പിയെറിഞ്ഞ് ആക്രമിച്ചിട്ടുണ്ടെന്നും അടക്കമുള്ള ജോണി ഡെപ്പിന്റെ കോടതിയിലെ ആരോപണങ്ങളാണ് ക്യാമ്പയിന്‍ ചൂണ്ടിക്കാട്ടുന്നത്.

പ്രേക്ഷക പ്രതിഷേധം തുടരുന്നതോടെ അക്വാമാനിലെ താരത്തിന്റെ വേഷം 10 മിനിറ്റായി വെട്ടിച്ചുരുക്കി എന്ന റിപ്പോർട്ടും ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നുണ്ട്. ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ലെങ്കിലും ചലച്ചിത്ര നിരൂപകൻ ഗ്രേസ് റാൻഡോൾഫ് അടക്കം റിപ്പോർട്ട് സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ആംബറിന്റെ സ്ക്രീന്‍ ടെെം കുറഞ്ഞതിന് തികച്ചും സാങ്കേതിക കാരണങ്ങള്‍ മാത്രമാണെന്നും, നിലവിലെ കോടതി വിചാരണയുമായി യാതൊരു ബന്ധവുമില്ലെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം, ആരാധകരുടെ പ്രതിഷേധം തുടരുന്ന പക്ഷം താരത്തെ പൂർണ്ണമായി ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയെന്നും അഭ്യൂഹങ്ങളുണ്ട്. വാർണർ ബ്രോസിന്റെ ഏറ്റവും വിജയകരമായ ഫ്രാഞ്ചെെസികളില്‍ ഒന്നാണ് അക്വാമാന്‍. അക്വാമാന്‍ 1 ന് ഒരു ശതകോടിയായിരുന്നു ബോക്സ്ഓഫീസില്‍ പിടിച്ചെടുത്തത്.

UPDATES
STORIES