യെമൻ യുദ്ധം ആക്ഷൻ സിനിമയാകുന്നു; ടേക്കൺ സംവിധായകന്റെ ബിഗ്‌ ബജറ്റ് ചിത്രം പ്രൊപ്പഗാണ്ടയെന്ന് വിമർശനം

ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ സായുധ രാഷ്ട്രീയ സംഘർഷമായ യെമൻ യുദ്ധം സിനിമയാകുന്നു. ഫ്രഞ്ച് സംവിധായകനായ പിയർ മൊറെലാണ് ദി ആംബുഷ് (അൽ-കമീൻ) എന്ന പേരിൽ ബിഗ് ബജറ്റ് ആക്ഷൻ ചിത്രം തയാറാക്കുന്നത്. യുദ്ധത്തിൽ പങ്കാളികളാകുന്ന മൂന്ന് യുഎഇ സൈനികർ നേരിടുന്ന പ്രതിസന്ധികളിലൂടെയാണ് ടേക്കൺ സിനിമയുടെ സംവിധായകനായ മൊറെലിന്റെ പുതിയ ചിത്രം സഞ്ചരിക്കുന്നത്. തെക്കൻ യെമനിൽ വെച്ച് 2018ൽ സായുധ പോരാളികൾ ആക്രമിച്ച എമിറാത്തി പട്ടാളക്കാരെ രക്ഷിക്കാനുള്ള ദൗത്യമാണ് സിനിമയുടെ കേന്ദ്രം. ട്രെയിലർ റിലീസിന് പിന്നാലെ കഥാ തന്തു ചർച്ചയായതോടെ സിനിമയുടെ പ്രമേയത്തെച്ചൊല്ലി ചർച്ചകൾ ചൂടുപിടിക്കുകയാണ്.

യെമൻ ആഭ്യന്തര യുദ്ധം പശ്ചാത്തലമാക്കി സിനിമ നിർമിക്കുമ്പോൾ രാജ്യത്ത് കടന്നാക്രമണം നടത്തുന്ന യുദ്ധസഖ്യത്തിലുള്ള ചെറുകൂട്ടം യുഎഇ സൈനികരുടെ കഷ്ടപ്പാടുകളാണോ പ്രധാന ചർച്ചയാകേണ്ടത് എന്നാണ് ഉയരുന്ന പ്രധാന വിമർശനം. 2015 മുതൽ ഹൂതി വിമതർക്കെതിരെ സൗദിയുടെ നേതൃത്വത്തിൽ നടത്തുന്ന യുദ്ധത്തിലെ പ്രധാന കക്ഷിയാണ് യുഎഇ. സാധാരണക്കാരെ തെരഞ്ഞുപിടിച്ച് ബോംബിടുന്നതുൾപ്പടെ നിരവധി യുദ്ധക്കുറ്റങ്ങൾ സൗദി സഖ്യത്തിന് നേരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 233,000 ആളുകളെയാണ് യുദ്ധം കൊന്നൊടുക്കിയത്. ദശലക്ഷക്കണക്കിനാളുകൾ പലായനം ചെയ്തു.

യുഎഇ ഗവണ്മെന്റിന്റെ മീഡിയ സോൺ അതോറിറ്റിയുടെ കീഴിലുള്ള ‘ഇമേജ്നേഷൻ അബു ദാബി’യാണ് നിർമാതാക്കളിൽ ഒരാൾ. ഇത് ചൂണ്ടിക്കാട്ടിയാണ് ദി ആംബുഷ് യെമൻ യുദ്ധത്തെ ന്യായീകരിക്കാനുള്ള പ്രചാരവേലയാണെന്ന് വിമർശകർ അഭിപ്രായപ്പെടുന്നത്. യുഎഇ ഗവൺമെന്റിന്റെയും സൈന്യത്തിന്റെയും പൂർണ പിന്തുണയോടെയാണ് ഈ സിനിമയുടെ ചിത്രീകരണം എന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്യുന്നു. ജൂനിയർ ആർട്ടിസ്റ്റുകളായുള്ളവർ മുഴുവനും എമിറാത്തി സൈനികരാണ്. ഷൂട്ടിങ്ങിനായുള്ള വാഹനങ്ങളും യുദ്ധക്കോപ്പുകളും വിട്ടുനൽകിയതും സൈന്യമാണ്. റാസൽ ഖൈമയിലെ വിദൂര മലനിരകളാണ് തെക്കൻ യെമൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന സിനിമയുടെ ലൊക്കേഷൻ.

യഥാർത്ഥ സംഭവങ്ങളെ സിനിമയാക്കുമ്പോൾ വസ്തുതാപരമായിരിക്കണമെന്നതിനാൽ ചിത്രീകരണത്തിന്റെ ഭാഗമായി യുദ്ധത്തിൽ ആക്രമിക്കപ്പെട്ട സൈനികരെ എല്ലാവരെയും നേരിട്ട് കണ്ടുവെന്നാണ് മൊറെൽ അവകാശപ്പെടുന്നത്. സിനിമയിറങ്ങുന്നതോടെ തങ്ങളുടെ ‘നായകരെ’ ഓർത്ത് അഭിമാനിക്കാൻ യുഎഇക്കാർക്ക് വകയുണ്ടാകുമെന്നും മൊറെൽ പറഞ്ഞുവെക്കുന്നു. എന്നാൽ സിനിമയിലെ വിവരണത്തിന് കടകവിരുദ്ധമാണ് യാഥാർഥ്യമെന്നാണ് വിമർശകർ വാദിക്കുന്നത്.

ഇറാഖ്, അഫ്ഗാൻ യുദ്ധങ്ങളെ മഹത്വവത്കരിച്ച് അമേരിക്കൻ സൈനികരുടെ കഷ്ടപ്പാടുകൾ ചിത്രീകരിച്ച സീറോ ഡാർക് തേർട്ടി, അമേരിക്കൻ സ്നൈപ്പർ, ദി ഹർട്ട് ലോക്കർ തുടങ്ങിയവക്ക് സമാനമായ സിനിമയാണ് ദി ആംബുഷ് എന്ന് ചിലർ വിലയിരുത്തുന്നു.

അലി അൽ മിസ്മാരി, ബിലാൽ അൽ സാദി ഉൾപ്പടെയുള്ള അറബ് താരങ്ങളാണ് സുപ്രധാന വേഷങ്ങൾ അഭിനയിക്കുന്നത്. യുഎഇ സൈനികരും തിരക്കഥാകൃത്തുക്കളായ ബ്രാൻഡൻ ബ്രിട്ടലും കേർട്ടിസ് ബ്രിട്ടലും ചേർന്നാണ് ആംബുഷിന്‌ തിരക്കഥ തയാറാക്കിയിരിക്കുന്നത്. നവംബർ 25നാണ്‌ ചിത്രം റിലീസാകുന്നത്.

UPDATES
STORIES