കത്തി മുതല്‍ വലിമൈ വരെ; കോപ്പിയടി ആരോപണം നേരിട്ട തമിഴ് ഹിറ്റ് സിനിമകള്‍

ആഴ്ചകള്‍തോറും നിരവധി ചിത്രങ്ങളാണ് തമിഴ് സിനിമാ ലോകത്തുനിന്നും തിയേറ്ററുകളിലെത്താറുള്ളത്. അവയില്‍ പലതും ബോക്‌സ് ഓഫീസുകളിലും ആരാധകരുടെ ഹൃദയങ്ങളിലും പ്രത്യേകം ഇടം പിടിക്കാറുമുണ്ട്. ചിലത് വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കുകയും ചെയ്യുന്നു. ചില സിനിമകള്‍ക്ക് നേരെയുണ്ടായിട്ടുള്ള ആരോപണം അവ നേരത്തെയുണ്ടായിരുന്ന മറ്റ് പലതിന്റെയും പകര്‍പ്പാവുന്നു എന്നതാണ്. പലപ്പോഴും ആ ആരോപണത്തെ സാധൂകരിക്കാന്‍ കഴിയാറില്ല. കാരണം, സാഹിത്യ-കലാ സൃഷ്ടികളില്‍ ഒരേ ആശയം ഉരുത്തിരിഞ്ഞുവരാറുള്ളത് അത്രകണ്ട് അസ്വാഭാവികമല്ല. എന്നിരുന്നാലും ഇത്തരം കോപ്പിയടി വിവാദങ്ങള്‍ ആരാധകരെ തൊല്ലൊന്ന് അസ്വസ്ഥരാക്കാറുണ്ട്. അത്തരമൊരു ആരോപണമാണ് തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ അജിത്ത് കുമാര്‍ നായകനായെത്തിയ വലിമൈയുടെ പേരിലും ഉയരുന്നത്. ഇത് വലിമൈയുടെ മാത്രം കാര്യമല്ല. മറ്റെല്ലാ സിനിമാ ഇന്‍ഡസ്ട്രിയില്‍നിന്നുമെന്ന പോലെത്തന്നെ തമിഴിലും ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ കോപ്പിയടി വിവാദങ്ങളുടെ നിഴലില്‍ പെട്ടിട്ടുണ്ട്. അവയില്‍ ചിലത് ഇതാ.

വലിമൈ

ബോക്‌സ്ഓഫീസ് തരംഗമായി തിയേറ്ററുകള്‍ പിടിച്ചടക്കിയാണ് അജിത്ത് കുമാറിനെ നായകനാക്കി എച്ച് വിനോദ് ഒരുക്കിയ വലിമൈ മുന്നേറുന്നത്. എന്നാല്‍, വലിമൈ റിലീസായതിന് പിന്നാലെത്തന്നെ തമിഴ് സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ നിന്നുയര്‍ന്ന പ്രധാന ആരോപണമായിരുന്നു 2016ല്‍ ശിരിഷ്, ബോബി സിംഹ തുടങ്ങിയവരെ അണിനിരത്തി ആനന്ദ കൃഷ്ണന്‍ സംവിധാനം ചെയ്ത മെട്രോ എന്ന ചിത്രവുമായുള്ള സാമ്യത. സോഷ്യല്‍ മീഡിയകളിലും ഈ ആരോപണം ഉന്നയിക്കപ്പെട്ടു. തന്റെ സഹോദരന്‍ മയക്കുമരന്ന് കടത്തിലും മറ്റും പങ്കാളിയാണെന്ന് മനസിലാക്കുന്ന നായകന്‍ സഹോദരനെ കൊലപ്പെടുത്തുന്നതാണ് മെട്രോയുടെ കഥയുടെ കേന്ദ്രബിന്ദു. ഈ കഥയുടെ തന്നെ മറ്റൊരു ആവിഷ്‌കാരമാണ് വലിമൈയിലുള്ളത്.

മെട്രോയുടെ നിര്‍മ്മാതാവ് ജയകൃഷ്ണന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഒരു ഹരജി നല്‍കിയിരിക്കുകയാണിപ്പോള്‍. വലിമൈയുടെ കഥയും കഥാപാത്രങ്ങളും മെട്രോയില്‍നിന്നും പകര്‍ത്തിയതാണെന്ന ആരോപണമാണ് അദ്ദേഹം ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്. അനുവാദമില്ലാതെ മെട്രോയുടെ കഥാപാത്രങ്ങളെ പകര്‍ത്തിയതിന് ഒരുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹരജി.

കത്തി

ബ്ലോക്ക്ബസ്റ്റര്‍ സക്‌സസായിരുന്ന തുപ്പാക്കിക്ക് ശേഷം വിജയിയെ നായകനാക്കി എ.ആര്‍ മുരുഗദോസ് ഒരുക്കിയ കത്തിയും കോപ്പിയടി വിവാദം നേരിടേണ്ടിവന്നു. ചിത്രം തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റായിക്കൊണ്ടിരിക്കെയായിരുന്നു ആരോപണമുയര്‍ന്നത്. മറ്റൊരു സംവിധായകനായ ഗോപി നൈനാര്‍ തന്റെ കഥയാണ് കത്തിയുടേത് എന്നും പ്രാരംഭഘട്ടത്തില്‍ താന്‍ പറഞ്ഞ കഥ മുരുഗദോസ് തന്നെ ചതിച്ച് കൈപ്പറ്റിയതാണെന്നും ആരോപിച്ചു. തുടര്‍ന്ന് ഗോപി നൈനാര്‍ മുരുകദോസിനെതിരെ കേസ് നല്‍കുകയും ചെയ്തു. എന്നാല്‍ മുരുകദോസ് തന്റെ ഭാഗം വാദിച്ച് ജയിച്ചു.

എന്തിരന്‍

ശങ്കര്‍- രജനികാന്ത് കൂട്ടുകെട്ടില്‍ പിറന്ന മെഗാ ബഡ്ജറ്റ് സയന്‍സ് ഡ്രാമയായിരുന്നു എന്തിരന്‍. ചിത്രം ബോക്‌സ്ഓഫീസിന്‍ വലിയ വിജയം നേടി. എന്നാല്‍, എഴുത്തുകാരന്‍ ആരുര്‍ തമിഴ്‌നാടന്‍ എന്തിരന്റേത് തന്റെ കഥയാണെന്ന വാദവുമായി രംഗത്തെത്തി. താന്‍ ഈ കഥ 1996-ല്‍ മറ്റൊരു പേരില്‍ ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചിരുന്നതായും ആരുര്‍ വാദിച്ചു. പത്തുവര്‍ഷത്തിലധികമായി കോടതിയുടെ പരിഗണനയിലുള്ള കേസ് ഇനിയും വിധി പറഞ്ഞിട്ടില്ല.

96

വിജയ് സേതുപതിയും തൃഷയും ചേര്‍ന്നവതരിപ്പിച്ച 96 തമിഴ് സിനിമാ മേഖലയില്‍നിന്നുണ്ടായ മികച്ച റൊമാന്റിക് ഡ്രാമകളിലൊന്നായാണ് അറിയപ്പെടുന്നത്. പ്രേം കുമാര്‍ സംവിധാനം ചെയ്ത ചിത്രം തെന്നിന്ത്യന്‍ ഭാഷകളിലാകെ ഹിറ്റായി. എന്നാല്‍, 96-നും കോപ്പിയടി വിവാദങ്ങളില്‍ നിന്നൊഴിവാകാനായില്ല. സംവിധായകന്‍ ഭാരതിരാജയുടെ മുന്‍ അസോസിയേറ്റായിരുന്ന സുരേഷാണ് 96-നെതിരെ കോപ്പിയടി വാദമുന്നയിച്ചത്. സമാന സ്വഭാവത്തിലുള്ള കഥ 92 എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു അരോപണം.

സര്‍ക്കാര്‍

മേല്‍പറഞ്ഞ കോപ്പിയടി വിവാദങ്ങളില്‍നിന്നും വ്യത്യസ്തമാണ് വിജയ് നായകനായെത്തിയ സര്‍ക്കാരിന്റേത്. സിനിമ തിയേറ്ററുകളിലെത്തുന്നതിന് മുമ്പുതന്നെ സര്‍ക്കാരിനെച്ചൊല്ലി കോപ്പി വിവാദമുയര്‍ന്നു. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും ഇറങ്ങിയതിന് പിന്നാലെ വരുണ്‍ രാജേന്ദ്രന്‍ ഇത് തന്റെ കഥയാണെന്ന വാദവുമായി എത്തി. തന്റെ കഥ രജിസ്റ്റര്‍ ചെയ്തതിന്റെ പകര്‍പ്പുകളുമായിട്ടായിരുന്നു വരുണിന്റെ വരവ്. തുടര്‍ന്ന് സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ വരുണിന്റെ പേര് ഉള്‍പ്പെടുത്താമെന്ന് കെ ഭാഗ്യരാജും എആര്‍ മുരുകദോസും ഉറപ്പുനല്‍കി വിവാദങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുകയും ചെയ്തു.

UPDATES
STORIES