മലയാളത്തിന്റെ കാല്പനിക കവി കുമാരനാശാന്റെ ജീവിതകഥ പശ്ചാത്തലമാക്കി സംവിധായകന് കെ പി കുമാരന് ഒരുക്കിയ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ ഇന്നുമുതല്‍ തിയേറ്ററുകളിലെത്തുന്നു. അതിഥി, തോട്ടം, ആകാശഗോപുരം തുടങ്ങിയ വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ കെ പി കുമാരന് തന്റെ 81-ാം വയസ്സില്‍ സംവിധാനം ചെയ്ത ചിത്രമാണിത്.
2019-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം വരാനിരിക്കുന്ന കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചിത്രം ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്നത്.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ശ്രീവല്സന് ജെ മേനോനാണ് ചിത്രത്തില്‍ കുമാരനാശാന്റെ വേഷത്തിലെത്തുന്നത്. കുമാരനാശാന്റെ ഭാര്യ ഭാനുമതി അമ്മയുടെ വേഷത്തില്‍ ഗാര്‍ഗ്ഗി അനന്തനും, സുഹൃത്ത് മൂര്‍ക്കോത്ത് കുമാരന്റെ വേഷത്തില്‍ മാധ്യമപ്രവര്ത്തകന് പ്രമോദ് രാമനും അഭിനയിക്കുന്നു.
ശ്രീനാരായണ ഗുരുവായി മുന്‍ഷി ബൈജുവും സഹോദരന് അയ്യപ്പനായി രാഹുല്‍ രാജഗോപാലും എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ ജി ജയനാണ്. പട്ടണം റഷീദാണ് ചമയം. ശ്രീവത്സന്‍ ജെ മേനോനും കഥകളി ഗായിക മീരാ രാംമോഹനുമാണ് ചിത്രത്തിലെ ആശാന് കവിതകള്‍ ആലാപിക്കുന്നത്.
സംഗീതസംവിധാനം ശ്രീവല്സന് ജെ മേനോന്, എഡിറ്റിംഗ് ബി അജിത്കുമാര്‍, വസ്ത്രാലങ്കാരം ഇന്ദ്രന്‍സ് ജയനും നിര്‍വഹിക്കുന്നു. സബ്ജക്റ്റ് കണ്‍സള്‍ട്ടന്റായി ജി പ്രിയദര്ശനന് പ്രവര്‍ത്തിച്ച ചിത്രത്തില്‍ ടി കൃഷ്നുണ്ണിയാണ് ശബ്ദലേഖനം. തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേര്‍ത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂര്‍ ശ്രീ, കോഴിക്കോട് ശ്രീ എന്നിങ്ങനെ സംസ്ഥാനത്തുടനീളം എട്ട് കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക.