‘നിയമ ലംഘനങ്ങളില്ല, നിലനില്‍പ്പിനായി പൊരുതുന്ന മനുഷ്യന്റെ ഭാഷ കലാകാരന് തീരുമാനിക്കാം’; ‘ചുരുളി’ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയിലെ ഭാഷാ പ്രയോഗങ്ങളിലോ ദൃശ്യങ്ങളിലോ നിയമലംഘനങ്ങളില്ലെന്ന് പൊലീസ് സമിതിയുടെ റിപ്പോര്‍ട്ട്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്രത്തില്‍നിന്നുള്ള സൃഷ്ടിയാണ് ചുരുളി. സിനിമയില്‍ നിയമ ലംഘനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രം കണ്ട് പരിശോധിച്ചതിന് ശേഷമാണ് എഡിജിപി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി. ഒരു സാങ്കല്‍പിക ഗ്രാമത്തിന്റെ കഥയാണ് ചുരുളി. നിലനില്‍പിനായി പൊരുതുന്ന മനുഷ്യന്റെ ഭാഷ എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് കലാകാരനാണ്. ഭാഷാപരമായോ ദൃശ്യങ്ങളിലോ നിയമലംഘനങ്ങളില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തല്‍.

സിനിമ കണ്ട് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു ഡിജിപി സമിതിയോട് ആവശ്യപ്പെട്ടത്. സമിതിയുടെ റിപ്പോര്‍ട്ടനുസരിച്ച് ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കു. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വില കല്‍പിച്ചുകൊണ്ടുതന്നെ പ്രദര്‍ശന യോഗ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളോ ദൃശ്യങ്ങളോ ചിത്രത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു ഡിജിപി സമിതിക്ക് നല്‍കിയ നിര്‍ദ്ദേശം. എഡിഡിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരടങ്ങുന്നതായിരുന്നു സമിതി.

ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷയാണുപയോഗിച്ചതെന്ന് എന്നാരോപിച്ച് പെഗ്ഗി ഫെന്‍ എന്ന അഭിഭാഷകയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് സെന്‍സര്‍ബോര്‍ഡ് തന്നെ നിയമലംഘനം നടത്തിയെന്നും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഹരജി പരിഗണിക്കവെയായിരുന്നു കേസില്‍ ഡിജിപിയെ കക്ഷിചേര്‍ത്തുകൊണ്ട് സമിതി രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചത്.

‘ചുരുളി’ പ്രഥമദൃഷ്ട്യാ നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് ഹെക്കോടതി കേസ് പരിഗണിക്കവേ വിലയിരുത്തിയത്. സംവിധായകനോട് വള്ളുവനാടന്‍, കണ്ണൂര്‍ ഭാഷാ ശൈലികളില്‍ മാത്രം ചിത്രമെടുക്കാന്‍ പറയാന്‍ കോടതിക്ക് കഴിയില്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താനാവില്ലെന്നും കോടതി അറിയിച്ചിട്ടുണ്ട്. സെര്‍സര്‍ ചെയ്യാത്ത പതിപ്പാത്ത ഒടിടിയിലേതെന്ന് സെന്‍സര്‍ ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നു. ഒടിടി റിലീസുകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ബാധകമല്ല.

UPDATES
STORIES