‘ചുരുളി’ കാണാന്‍ പൊലീസ് സമിതി; സഭ്യത പരിശോധിക്കും

ലിജോ പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തിയ ചുരുളിയിലെ ഭാഷാപ്രയോഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സമിതി രൂപീകരിച്ച് പൊലീസ്. ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷാ പ്രയോഗമുണ്ടെന്ന ഹരജിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എഡിഡിപി പദ്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എസിപി എ നസീമ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി സിനിമ കാണുക.

രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഡിജിപി സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കലാകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വില കല്‍പിച്ചുകൊണ്ടുതന്നെ പ്രദര്‍ശന യോഗ്യമല്ലാത്ത ഭാഷാപ്രയോഗങ്ങളോ ദൃശ്യങ്ങളോ ചിത്രത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്നാണ് ഡിജിപിയുടെ നിര്‍ദ്ദേശം. ബുധനാഴ്ച സമിതി ആദ്യ യോഗം ചേരും.

സമിതിയിലുള്‍പ്പെട്ടവരെല്ലാം ഇതിനോടകം തന്നെ സിനിമ കണ്ടിട്ടുണ്ടെങ്കിലും ഒരുമിച്ചിരുന്ന് ചിത്രം കണ്ടെതിന് ശേഷം അഭിപ്രായം വ്യക്തമാക്കുമെന്നാണ് സമിതിക്ക് നേതൃത്വം നല്‍കുന്ന എഡിജിപി പദ്മകുമാര്‍ വ്യക്തമാക്കുന്നത്. ചുരുളിയില്‍ സഭ്യമല്ലാത്ത ഭാഷയാണുപയോഗിച്ചത് എന്നാരോപിച്ച് പെഗ്ഗി ഫെന്‍ എന്ന വ്യക്തിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിക്കൊണ്ട് സെന്‍സര്‍ബോര്‍ഡ് തന്നെ നിയമലംഘനം നടത്തിയെന്നും ഇത്തരം ചിത്രങ്ങളുടെ പ്രദര്‍ശനം ഇന്ത്യന്‍ പീനല്‍ കോഡിന്റെ ലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ഹരജി പരിഗണിക്കവെയായിരുന്നു കേസില്‍ ഡിജിപിയെ കക്ഷിചേര്‍ത്തുകൊണ്ട് സമിതി രൂപീകരിക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചത്.

‘ചുരുളി’ പ്രഥമദൃഷ്ട്യാ നിയമ ലംഘനം നടത്തിയിട്ടില്ലെന്നാണ് ഹെക്കോടതി കേസ് പരിഗണിക്കവേ വ്യക്തമാക്കിയത്. സംവിധായകനോട് വള്ളുവനാടന്‍, കണ്ണൂര്‍ ഭാഷാ ശൈലികളില്‍ മാത്രം ചിത്രമെടുക്കാന്‍ പറയാന്‍ കോടതിക്ക് കഴിയില്ല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേല്‍ കൈകടത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ‘ചുരുളിയിലേത് അവരുടെ നാട്ടുഭാഷ’; വള്ളുവനാടന്‍ ശൈലിതന്നെ വേണമെന്ന് സംവിധായകനോട് പറയാനാവില്ലെന്ന് കോടതി, പരാതിക്കാരന് കഥ പറഞ്ഞുകൊടുത്ത് ജഡ്ജി

ഹരജിക്കാരന്‍ സൗകര്യപൂര്‍വം സിനിമയുടെ ഇതിവൃത്തം ഒഴിവാക്കി കഥാപാത്രങ്ങള്‍ മോശം ഭാഷാപ്രയോഗങ്ങള്‍ നടത്തുന്ന ചില രംഗങ്ങള്‍ മാത്രം തെരഞ്ഞെടുത്താണ് പരാതിയുമായി എത്തിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. ഒടിടി പ്ലാറ്റ്ഫോമില്‍നിന്നും ചിത്രം നീക്കം ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ആവശ്യം തള്ളിയ കോടതി, അത് കലാകാരന്റെ വകതിരിവാണെന്നും നിരീക്ഷിച്ചു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രമേയം കേസ് പരിഗണിച്ച ബെഞ്ച് ചുരുക്കി വിശദീകരിച്ച് നല്‍കുകയും ചെയ്തു.

UPDATES
STORIES